സെലിബ്രിറ്റികള്‍ വിശ്വാസികളാകുമ്പോള്‍ പൊതുജനം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍

സെലിബ്രിറ്റികള്‍ വിശ്വാസികളാകുമ്പോള്‍ പൊതുജനം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍

സെലിബ്രിറ്റികള്‍ കത്തോലിക്കരും വിശ്വാസികളുമാകുമ്പോള്‍ അവരെക്കുറിച്ച് അമിതമായ ചില പ്രതീക്ഷകള്‍ ഉണ്ടാവുക സ്വഭാവികമാണ്.  അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ക്രിസ്ത്യന്‍ സെലിബ്രിറ്റികളെക്കുറിച്ച് ഉണ്ടായിരിക്കേണ്ട ചില ധാരണകള്‍ വ്യക്തമായി പറയുന്നുണ്ട്. പ്രധാനമായും അഞ്ച് കാരണങ്ങളാണ് ആ ലേഖനത്തില്‍ പറയുന്നത്.

1 വിശ്വാസികളായ സെലിബ്രിറ്റികള്‍ ദൈവമല്ല, പക്ഷേ അവര്‍ പ്രശസ്തരാണ്

നമ്മെപ്പോലെയുള്ള സാധാരണ മനുഷ്യരാണ് സെലിബ്രിറ്റികളും. അതുകൊണ്ട് അവരുടെ വാക്കുകളെയോ പ്രവൃത്തികളെയോ മുഖവിലയ്‌ക്കെടുത്ത് അന്ധമായി നാം അവരുടെ വലയില്‍ പെട്ടുപോകരുത്. അവരുടെ വാക്കുകളെ നാം ആദര്‍ശവല്‍ക്കരിക്കയുമരുത്. അവരുടെ വാക്കുകളെ ശ്രദ്ധാപൂര്‍വ്വം നാം അകത്തേയ്‌ക്കെടുക്കുക.

2 സെലിബ്രിറ്റികള്‍ ഒരിക്കലും പരിപൂര്‍ണ്ണരല്ല, മാനുഷികമായ കുറവുകള്‍ അവര്‍ക്കുമുണ്ട്.

പലപ്പോഴും ഈ സെലിബ്രിറ്റികളെ വളരെ ഉയര്‍ന്ന പീഠത്തിലാണ് നാം പ്രതിഷ്ഠിച്ചിരിക്കുന്നത്. പക്ഷേ പലപ്പോഴും കണ്ടുവരുന്നത് അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ്. പറയുന്ന ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു കത്തോലിക്കാജീവിതം അവര്‍ നയിക്കണം എന്നുമില്ല.

ഒരുകാലത്ത് വളരെ മോശമായ രീതിയില്‍ ജീവിച്ചിട്ട് പിന്നീട് മാനസാന്തരത്തിലേക്ക് വന്നിട്ടുള്ള അനേകം പ്രശസ്തരുണ്ട്. അപ്പോള്‍ അവരുടെ ഭൂതകാലം പറഞ്ഞ് അവരെ വിലകുറച്ച് കാണേണ്ടതില്ല. ദൈവവുമായുള്ള അവരുടെ ബന്ധം എന്താണെന്ന് നമുക്കറിയില്ല, അവര്‍ക്കേ അറിയൂ. അതുകൊണ്ട് അവരെ വിധിക്കേണ്ടത് ദൈവമാണ്. നമ്മള്‍ മരിക്കുന്ന നിമിഷം വരെ ദൈവത്തിന്റെ കരുണ സ്വീകരിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്.

3 സെലിബ്രിറ്റികള്‍ക്ക് സ്വാധീനിക്കാനുള്ള കഴിവുണ്ട്..

സെലിബ്രിറ്റികള്‍ക്ക് മറ്റുള്ളവരെ രണ്ടുരീതിയില്‍ സ്വാധീനിക്കാം. നല്ല രീതിയിലും ചീത്ത രീതിയിലും. പ്രത്യേകിച്ച് യുവജനങ്ങളെ. ഇക്കാര്യം സെലിബ്രിറ്റികളും ഓര്‍ത്തിരിക്കുന്നത് നല്ലതായിരിക്കും. അതുകൊണ്ട് വിശ്വാസം, കൂദാശകള്‍ തുടങ്ങിയവയെക്കുറിച്ച് അവര്‍ പറയുന്ന കാര്യങ്ങള്‍ യുവജനങ്ങളെ അതിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലായിരിക്കണം.

4 സെലിബ്രിറ്റികളുടെ വാക്കുകളെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുക, സംവാദത്തിന് തുടക്കമിടുക

മുകളില്‍ പറഞ്ഞ ആശയത്തിന്റെ തുടര്‍ച്ചയാണിത്. സെലിബ്രിറ്റികളുടെ വാക്കുകളെ നമ്മള്‍ സുവിശേഷവല്ക്കരണത്തിനായി വിനിയോഗിക്കുക. ഉദാഹരണത്തിന് അടുത്തദിവസങ്ങളില്‍ പോപ്പ് ഗായിക ലേഡി ഗാഗാ ദിവ്യകാരുണ്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ്. ഇതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ദിവ്യകാരുണ്യത്തില്‍ ദൈവത്തിന്റെ യഥാര്‍ത്ഥ സാന്നിധ്യം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ ഇങ്ങനെ ആ കമന്റിനെ പോസിറ്റിവായ ചര്‍ച്ചയാക്കി മാറ്റിയെടുക്കുക.

5 സെലിബ്രിറ്റികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

പലപ്പോഴും കത്തോലിക്കരായ സെലിബ്രിറ്റികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകുന്നവരാണ് നമ്മള്‍. വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ള അവര്‍ക്ക് വിശ്വാസസ്ഥിരത ലഭിക്കുവാനും ഭൗതികലോകത്തില്‍ ജീവിക്കുന്ന അവര്‍ക്ക് വിശ്വാസവെല്ലുവിളികളെ നേരിടുന്നതിനുള്ള കരുത്ത് ലഭിക്കുന്നതിനും വേണ്ടി നാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

 

ബി

You must be logged in to post a comment Login