സെല്‍ഫിയെന്ന സ്വാര്‍ത്ഥത

സെല്‍ഫിയെന്ന സ്വാര്‍ത്ഥത

selfie1

ഇപ്പോള്‍ സെല്‍ഫിമയമാണ് എല്ലാം… സര്‍വത്ര സെല്‍ഫി. എവിടെ നോക്കിയാലും സെല്‍ഫി..എങ്ങനെ നോക്കിയാലും സെല്‍ഫി.. നമ്മുടെ ജീവിതത്തിന്റെയും മനോഭാവങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളെ വിവരിക്കാനും അടയാളപ്പെടുത്തുവാനും ഇതിലും ശക്തമായ മറ്റൊരു തെളിവില്ല.

സെല്‍ഫി എല്ലാം അര്‍ത്ഥത്തിലും സെല്‍ഫാണ്… തന്നിലേക്ക് തന്നെ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്ന, തന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥ.. അവിടെ മറ്റൊരാളുമില്ല..ഞാന്‍ ഞാന്‍ മാത്രം..

യവനപുരാണത്തിലെ നാര്‍സിസിന്റെ പുതിയ അവതാരമാണ് സെല്‍ഫി.. കണ്ണാടിയില്‍ പ്രതിബിംബിച്ച ആത്മത്തെ പ്രണയിച്ചുപോവുന്ന കഥാപാത്രമാണല്ലോ നാര്‍സിസ്..അതുപോലെയല്ലേ ഇപ്പോള്‍ നമ്മളും ചെയ്തുകൊണ്ടിരിക്കുന്നത്. നിരന്തരം നാം നമ്മെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു..

സെല്‍ഫിയില്‍ നാം പകര്‍ത്തുന്നത് എന്തെല്ലാമാണ്..നമ്മുടെ രൂപങ്ങള്‍..ഭാവങ്ങള്‍…ചമ്മലുകള്‍. സെല്‍ഫി സ്വാര്‍ത്ഥതയാണ്. എല്ലാം എന്റേത് എന്ന ചിന്തയാണത്..ഞാന്‍ മാത്രം മതി എന്ന അഹങ്കാരമാണത്.. ആരെയും ആശ്രയിക്കേണ്ടതില്ല എന്ന തെറ്റിദ്ധാരണയാണത്. ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ട് നാം നമ്മെ മാത്രം കൂടുതല്‍ ഗൗരവത്തിലെടുക്കുമ്പോള്‍ നഷ്ടമായിപോകുന്നത് മറ്റുള്ളവരെ പരിഗണിക്കാനും സ്‌നേഹിക്കാനുമുളള കഴിവാണ്. മറ്റുള്ളവരെക്കൂടി ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള കഴിവാണ്. ലോകം ആഗോളഗ്രാമമായി മാറുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടുകളും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അപകടമാണ്. സാമൂഹ്യജീവിയെന്ന നിലയ്ക്കും ആത്മീയമനുഷ്യരെന്ന നിലയ്ക്കും.

ഒറ്റയ്‌ക്കൊരു മനുഷ്യനും ഇവിടെ ജീവിക്കാനാവില്ല. ഒറ്റയ്‌ക്കൊരാളും ഇവിടെ നേട്ടങ്ങള്‍ കൊയ്തിട്ടുമില്ല.. സെല്‍ഫി എന്ന സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

മനുഷ്യരെ കൂടുതല്‍കൂടുതല്‍ ഏകാകികളും സ്വാര്‍ത്ഥരും അഹങ്കാരികളുമാക്കുന്ന എല്ലാറ്റിനോടും നമുക്ക്  വിട പറയാം.. മറ്റുള്ളവരിലേക്ക് കരുതലിന്റെയും സ്‌നേഹത്തിന്റെയും പരിഗണനയുടെയുമായ വാതായനങ്ങള്‍ നമുക്ക് തുറന്നിടാം…

 

You must be logged in to post a comment Login