സൈമണച്ചന്‍ കനിഞ്ഞു, മുജീബ് പുതുജീവിതത്തിലേക്ക്….

സൈമണച്ചന്‍ കനിഞ്ഞു, മുജീബ് പുതുജീവിതത്തിലേക്ക്….

മണ്ണാര്‍ക്കാട്: പള്ളിയോടു ചേര്‍ന്നുള്ള മുജീബിന്റെ കഞ്ഞിക്കടയില്‍ സ്ഥിരമായി കഞ്ഞികുടിക്കാനെത്തുമായിരുന്നു സൈമണച്ചന്‍. അപ്പോഴൊന്നും മുജീബ് അറിഞ്ഞിരുന്നില്ല, സൈമണച്ചന്‍ തനിക്ക് നല്ല അയല്‍ക്കാരനാകുമെന്ന്…

കടയിലെത്തി പതിവു പോലെ കഞ്ഞികുടിയും കഴിഞ്ഞ് കുശലം പറഞ്ഞിരിക്കുന്നതിനിടെയാണ് മുജീബ് വൃക്കരോഗിയാണെന്ന് ഫാദര്‍ സൈമണ്‍ അറിഞ്ഞത്. ഇരുവൃക്കകളും തകരാറിലായ മുജീബിനു മുന്നില്‍ സൈമണച്ചന്‍ രക്ഷകനായി. തന്റെ വൃക്ക മുജീബിന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മനസ്സു മടുത്തിരുന്ന മുജീബിന്റെ മുഖം തെളിഞ്ഞു.

വൃക്ക മാറ്റിവെച്ചേ തീരൂ എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോഴാണ് മുജീബിന്റെ കുടുംബാംഗങ്ങള്‍ സൈമണച്ചനെ സമീപിച്ചത്. ഉടന്‍ ശസ്ത്രക്രിയക്കുള്ള ഉപദേശങ്ങള്‍ തുടങ്ങാനാണ് അച്ചന്‍ പറഞ്ഞത്. അങ്ങനെ ഫെബ്രുവരി 23 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇരുവരും ഇപ്പോള്‍ വിശ്രമത്തിലാണ്.

‘മുജീബിന്റെ പറക്കമുറ്റാത്ത മക്കളെ കൂടി ഓര്‍ത്താണ് ഈ തീരുമാനം. വൃക്ക നല്‍കുന്നതില്‍ വീട്ടിലും ഇടവകയിലും എല്ലാവര്‍ക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ’, ഫാദര്‍ സൈമണ്‍ പറയുന്നു.

കല്‍പറ്റ എമിലി ഫാത്തിമനഗര്‍ നടുവിലപ്പറമ്പില്‍ ജോയി-ഫിലോമിന ദമ്പതിമാരുടെ മകനാണ് ഫാദര്‍ സൈമണ്‍. ഒന്നര വര്‍ഷം മുന്‍പാണ് മണ്ണാര്‍ക്കാട് സെന്റ് ജയിംസ് ദേവാലയത്തില്‍ വികാരിയായി എത്തിയത്.

You must be logged in to post a comment Login