സൈലന്റ് നൈറ്റ് പിറന്ന കഥ….

കരോള്‍ ഗാനങ്ങളില്ലാതെ എന്തു ക്രിസ്തുമസ് ആഘോഷമല്ലേ… മഞ്ഞു പൊഴിയുന്ന രാവുകളെ അവ കൂടുതല്‍ ആര്‍ദ്രമാക്കുന്നു. ഉണ്ണി പിറന്നപ്പോഴും ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്കു സമാധാനം’ എന്ന് മാലാഖമാര്‍ പാടിസ്തുതിക്കുകയാണല്ലോ ചെയ്തത്.ദൈവത്തിങ്കലേക്കുയര്‍ത്തുന്ന പ്രാര്‍ത്ഥനകള്‍ തന്നെയാണ് ഓരോ പാട്ടുകളും.

ക്രിസ്തുമസ് ഗാനങ്ങളില്‍ എല്ലാക്കാലത്തും ഒന്നാമത് നില്‍ക്കുന്ന ഗാനമാണ് ‘സൈലന്റ് നൈറ്റ്’. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് 150 തോളം പ്രാദേശികഭാഷകളിലേക്കാണ് സൈലന്റ് നൈറ്റ് തര്‍ജ്ജമ ചെയ്യപ്പെട്ടത്. ക്രിസ്തുമസ് രാവുകളില്‍ ‘ശാന്തരാത്രി തിരുരാത്രി’ എന്ന ഗാനം ഒരിക്കല്‍ പോലും മൂളുകയെങ്കിലും ചെയ്യാത്ത മലയാളികളുമുണ്ടാകില്ലല്ലോ..

സൈലന്റ് നൈറ്റ് എന്ന ഗാനത്തിന്റെ പിറവിക്കു പിന്നില്‍ രസകരമായൊരു ചരിത്രമുണ്ട്. ഫാദര്‍ ജോസഫ് മോര്‍ ആണ് ലോകപ്രശതമായ ഈ ഗാനത്തിന്റെ രചയിതാവ്. 1818 ല്‍ ജര്‍മ്മന്‍ ഭാഷയിലാണ് ഗാനം രചിക്കപ്പെടുന്നത്. എല്ലാ ക്രിസ്തുമസ് ദിനത്തിലും പുതിയ ഗാനങ്ങള്‍ പാടുന്നത്

ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ദേവാലയത്തില്‍ പതിവായിരുന്നു. അത്തവണത്തെ ക്രിസ്തുമസ് ഗാനം രചിക്കേണ്ട ചുമതല ഫാദര്‍ ജോസഫ് മോറിനായിരുന്നു. ദിവസങ്ങളെടുത്ത് അദ്ദേഹം ഗാനരചന പൂര്‍ത്തിയാക്കി. എന്നാല്‍ എഴുതിയ പാട്ട് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മുന്‍പ് താന്‍ എഴുതിയ ഡയറിക്കുറുപ്പുകളെക്കുറിച്ച് ഫാദര്‍ ജോസഫ് മോര്‍ ഓര്‍ത്തത്. പെട്ടെന്ന് അതെടുത്തു വായിച്ചു. ആ ഡയറിക്കുറിപ്പുകള്‍ നല്‍കിയ ചിന്തകളില്‍ നിന്നാണ് പുതിയ ഗാനത്തിന്റെ പിറവി.
ഗാനം ഏറെ മനോഹരമായിരുക്കുന്നുവെന്നും എന്തെന്നില്ലാത്ത ഒരു ഊര്‍ജ്ജം അത് പ്രസരിപ്പിക്കുന്നുവെന്നും സംഗീതസംവിധായകന്‍ ഫ്രാന്‍സ് ഗൂബര്‍ അന്നേ പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി എന്നുള്ളത് പിന്നീടുള്ള ചരിത്രം.

1859 ല്‍ ന്യൂയോര്‍ക്കിലെ ട്രിനിറ്റി ദേവാലയത്തില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്ന ഫാദര്‍ ജോണ്‍ ഫ്രീമാനാണ് ഗാനം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം 1957 ല്‍ ലോകപ്രശസ്ത ഗായകന്‍ എല്‍വിസ് പ്രീസ്‌ലി തന്റെ മനോഹരശബ്ദത്തില്‍ ‘സൈലന്റ് നൈറ്റ്’ ആലപിച്ചതോടെ ഗാനം ലോകമെങ്ങും തരംഗമായി മാറി. അതിനു ശേഷം പല ഗായകരുടേയും ശബ്ദത്തില്‍ ‘സൈലന്റ് നൈറ്റ്’ ലോകം കേട്ടു. എന്നാല്‍ പ്രീസ്‌ലിയുടെആലാപനത്തിനാണ് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത്.

‘സൈലന്റ് നൈറ്റിനെ’ക്കുറിച്ച് നിരവധി ഡോക്യുമന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. 2011 ല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഗാനം ഇടം നേടി.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login