സോസറിനോട് ഗുഡ് ബൈ പറഞ്ഞും പൗരോഹിത്യത്തോട് സ്വാഗതം പറഞ്ഞും…

സോസറിനോട് ഗുഡ് ബൈ പറഞ്ഞും  പൗരോഹിത്യത്തോട് സ്വാഗതം പറഞ്ഞും…

ഇത് ചെയ്‌സ് മൈക്കല്‍ ഹില്‍ഗെന്‍ബ്രിന്‍ങ്ക് മക്‌ഡൊള്‍ഡ് . മുന്‍ അമേരിക്കന്‍ സോസര്‍ ഡിഫെന്‍ഡര്‍. പക്ഷേ ഇപ്പോള്‍ അദ്ദേഹം വൈദികനാണ്. സോസറിനെക്കാള്‍ വലുതാണ് പൗരോഹിത്യം എന്ന തിരിച്ചറിവില്‍ സോസറിനെ ഉപേക്ഷിച്ച് പൗരോഹിത്യം തിരഞ്ഞെടുക്കാന്‍ ധൈര്യം കാട്ടിയ വ്യക്തി.

1982 ഏപ്രില്‍ രണ്ടിനായിരുന്നു ജനനം. മൈക്കിന്റെയും കിമ്മിന്റെയും രണ്ടുമക്കളില്‍ ഇളയവന്‍. മക്കളെ രണ്ടുപേരെയും ദൈവോന്മുഖമായിട്ടാണ് ആ മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. ബ്ലുമിന്‍ഗ്ടണ്‍ലെ ഹോളി ട്രിനിറ്റി ദേവാലയത്തിലെ അള്‍ത്താരബാലന്മാരായിരുന്നു ആ കുട്ടികള്‍.

സോസറായിരുന്നു ചെയ്‌സ് ഹില്‍ഗെന്‍ബ്രിന്‍ങ്കസിന്റെ ജീവിതം മുഴുവന്‍.
‘സഭയുമായി അടുത്ത് ഇടപെട്ടാണ് ഞാന്‍ ജീവിച്ചിരുന്നത്. വൈദികര്‍ ആരാണ് എന്നും കൃത്യമായി എനിക്ക് അറിവുണ്ടായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുരോഹിതന്റെ അര്‍ത്ഥം എന്താണ് എന്ന കാര്യത്തില്‍ എനിക്ക് അറിവുണ്ടായിരുന്നില്ല. ഒരുവൈദികനായിത്തീരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുമില്ല.അത്തരമൊരു ജീവിതാവസ്ഥയില്‍ തുടരാന്‍ എനിക്ക് കഴിയുമെന്നും ഞാന്‍ കരുതിയില്ല. എന്നിട്ടും..’ താന്‍ വന്ന വഴികളെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പങ്കുവച്ചത് ഇങ്ങനെയായിരുന്നു.

യുനൈറ്റഡ് സ്റ്റേറ്റ്‌സ് സോസര്‍ ഫെഡറേഷനിന്റെ നിയന്ത്രണത്തിലുള്ള ടീമിന് വേണ്ടിയായിരുന്നു ചെയ്‌സ് കളിക്കളത്തിലിറങ്ങിയത് . പിന്നീട് പ്രശസ്തമായ പല ടീമുകള്‍ക്കു വേണ്ടിയും കളിക്കളത്തിലിറങ്ങി വിജയം കൊയ്തു.

“സോസറിനെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ അതിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്..എന്നിട്ടും ദൈവം എന്നെ വിളിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ അതെന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതായിരുന്നു. “

കളിക്കളം ഉപേക്ഷിക്കാനും പൗരോഹിത്യം സ്വീകരിക്കാനും പോവുകയാണെന്ന വിവരം ചെയ്‌സ് ആരോടും പറഞ്ഞിരുന്നില്ല. മാതാപിതാക്കളോടോ കാമുകിയോടോ പോലും.കാര്യങ്ങളെ ക്രമപ്പെടുത്താന്‍  അദ്ദേഹത്തിന് ഏറെ സമയം വേണമായിരുന്നു. പലതും പലവട്ടം ആലോചിച്ചും പ്രാര്‍ത്ഥിച്ചും തീരുമാനിച്ചതിന് ശേഷം ഹോളിട്രിനിറ്റി ദേവാലയത്തിലേക്കാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന മട്ടില്‍ ചെയ്‌സ് മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വിളിച്ചത്.

എന്താണ് മകന്‍ പറയാന്‍ പോവുന്നതെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഒരൂഹവും ഉണ്ടായിരുന്നുമില്ല. മാതാപിതാക്കളും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു പളളിയിലെത്തിയത്.  എന്നിട്ടും അവര്‍ കരുതിയത് ചെയ്‌സ് തന്റെ വിവാഹക്കാര്യം അറിയിക്കാനായിരിക്കും വിളിച്ചുവരുത്തിയിരിക്കുന്നതെന്നായിരുന്നു. കാരണം ചെയ്‌സിന്റെ കാമുകിയെ അവര്‍ കണ്ടിട്ടുണ്ടായിരുന്നു.

എനിക്ക് നിങ്ങളോട് മൂന്നുകാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് ചെയ്‌സ് ആരംഭിച്ചത്. ചിലിയില്‍ നിന്ന് കളി കഴിഞ്ഞെത്തിയതായിരുന്നു ചെയ്‌സ്. തന്റെ കളിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് ആദ്യം അവന്‍ നന്ദി പറഞ്ഞു. നിങ്ങളുടെയും എന്റെയും ജീവിതം എന്നേയ്ക്കുമായി മാറിമറിയുന്ന ഒരു തീരുമാനമാണ് പറയാന്‍ പോകുന്നത് എന്നായിരുന്നു രണ്ടാമത്തെ വിശദീകരണം. അതെന്ത് എന്ന മട്ടില്‍ അന്തിച്ചുനിന്നവരോട് ചെയ്‌സ് പറഞ്ഞു,

ഞാന്‍ ഒരു കത്തോലിക്കാ വൈദികനായിത്തീരാന്‍ ആഗ്രഹിക്കുന്നു..

കേട്ടപ്പോള്‍ എല്ലാവരും അത്ഭുതസതംബ്ധരായിപോയി. “ചെയ്‌സ് ഒട്ടും വൈകാരികമായിട്ടായിരുന്നില്ല സംസാരിച്ചത്..” അമ്മയുടെ ഓര്‍മ്മ.

2008 ജൂലൈ 14 ന് ചെയ്‌സ് സോസറില്‍ നിന്ന് വിരമിക്കുകയും മേരിലാന്റിലെ സെന്റ് മേരീസ് സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേരുകയും ചെയ്തു.2014 മെയ് 24 ന് വൈദികനായി.

ഇല്ലിനോയിസിലെ സെന്റ് ആന്‍സ് കാത്തലിക് ചര്‍ച്ചിലെ വികാരിയായും അലെമാന്‍ ഹൈസ്‌കൂളിലെ ചാപ്ലയ്ന്‍മാരില്‍ ഒരാളായും ദൈവികശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇദ്ദേഹം.ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് ചെയ്‌സ് പറയുന്നു.

പിന്നെ ഒരു കാര്യം മാത്രം എനിക്ക് മിസ് ചെയ്യുന്നുണ്ട്, ലോക്കര്‍ റൂം അന്തരീക്ഷവും കൂട്ടുകാരോടൊത്ത് കളിക്കുവേണ്ടിയുള്ള യാത്രകളും. അച്ചന്‍ പറയുന്നു.

എന്റെ വിശ്വാസത്തിന് വിധേയനായിരിക്കുക എന്നതാണ് എന്റെ ആവശ്യം. ദൈവത്തിന്റെ വിളി ജീവിതത്തില്‍ കേട്ടവനാണ് ഞാന്‍. ജീവിതത്തില്‍ ഞാന്‍ ഇതിനകം പലരോടും പറഞ്ഞിട്ടുണ്ട് വളരെ പ്രസിദ്ധനായ ഒരു സോസര്‍ കളിക്കാരനാകുക എന്നതല്ല എന്റെ ലക്ഷ്യം.

You must be logged in to post a comment Login