സ്തുതികീര്‍ത്തനങ്ങള്‍ ഇനി സ്വര്‍ഗ്ഗത്തില്‍

സ്തുതികീര്‍ത്തനങ്ങള്‍ ഇനി സ്വര്‍ഗ്ഗത്തില്‍

മലയാള ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രശസ്ത ഗാനരചയിതാവ് ഫാദര്‍ മൈക്കിള്‍ പനക്കല്‍ അന്തരിച്ചു. ഇന്ന് രാവിലെ 5 മണിക്ക് എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 100 വയസ്സായിരുന്നു. സൂര്യകാന്തിപുഷ്പമെന്നും, സാദരമങ്ങെ പാവനപാദം, അന്ധനു കാഴ്ച നല്‍കിയ വചനമേ, സദാ മന്ദഹാസം പൊഴിഞ്ഞെന്റെ നാഥന്‍, നവമൊരു ഗാനം തുടങ്ങി ശ്രദ്ധേയമായ പല ക്രിസ്തീയ ഭക്തി ഗാനങ്ങളും അദ്ദേഹത്തിന്റേതാണ്. ഭക്തിഗാനങ്ങള്‍ക്കൊപ്പം പ്രശസ്ത ഭക്തിഗാനങ്ങളുടെ പാരഡികളും അദ്ദേഹം ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത താളങ്ങളില്‍ ഗാനങ്ങള്‍ രചിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.

പ്രശസ്ത സംഗീതസംവിധായകരായ ജോബ്&ജോര്‍ജ്ജ് ആണ് ഫാദര്‍ മൈക്കിളച്ചന്റെ മിക്ക ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത്. ജെറി അമല്‍ദേവ്, റെക്‌സ് ഐസക്ക്, ബേണി ഇഗ്നേഷ്യസ്, എല്‍ഡ്രിഡ്ജ്, ലിപ്‌സണ്‍, രാജേന്ദ്രന്‍, തുടങ്ങിയവരും ആ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. യേശുദാസ്, ജയചന്ദ്രന്‍, മാര്‍ക്കോസ്, ജോളി അബ്രാഹം, ചിത്ര, മിന്‍മിനി, രാധികാ തിലക് തുടങ്ങിയ പ്രശസ്ത ഗായകര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാടിയിട്ടുമുണ്ട്.

ഗാനരചയിതാവു മാത്രമല്ല, മികച്ചൊരു ചിത്രകാരന്‍ കൂടിയായിരുന്നു മൈക്കിള്‍ പനക്കലച്ചന്‍. അദ്ദേഹം വരച്ച കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

You must be logged in to post a comment Login