സ്ത്രീത്വം എന്നാല്‍….!

സ്ത്രീത്വം എന്നാല്‍….!

സ്ത്രീയുടെ സൗന്ദര്യവും പുരുഷന്റെ ശക്തിയും ശാശ്വതമായ സ്വത്താണെന്നാണ് ആധുനികമനുഷ്യന്റെ കാഴ്ചപ്പാട്. ഈ വിഡ്ഢിത്തത്തെ അടിസ്ഥാനമാക്കിയാണല്ലോ ഇന്നത്തെ പരസ്യ സംവിധാനങ്ങളെല്ലാം. യഥാര്‍ത്ഥ സൗന്ദര്യത്തെ ആരും കാണാതെപോവുകയും ചെയ്യുന്നു.

ശക്തിയടങ്ങിയിരിക്കുന്നതു സ്ത്രീത്വത്തിലോ പുരുഷത്വത്തിലോ അല്ല മറിച്ച് വ്യക്തിത്വത്തിലാണ്. മദര്‍ തെരേസയും വിശ്വസുന്ദരിയും ഒരുമിച്ചു നില്ക്കുന്ന ഒരു പഴയ ചിത്രവുമായി ക്ലാസ്സിലെത്തിയ അദ്ധ്യാപകന്‍ ആ ചിത്രം കുട്ടികളെ കാണിച്ചുകൊണ്ട് ചോദിച്ചു, ഇവരിലാര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം..? കുട്ടികള്‍ ഒന്നടങ്കം മറുപടി പറഞ്ഞത് ദേഹമാസകലം ചുക്കിച്ചുളിഞ്ഞ ആ വൃദ്ധകന്യാസ്ത്രീക്കാണ് കൂടുതല്‍ സൗന്ദര്യം എന്നായിരുന്നു. തുളുമ്പുന്ന യൗവ്വനത്തിന്റെക പ്രസരിപ്പുണ്ടായിരുന്നിട്ടും ആ യുവസുന്ദരി സ്വന്തം ആന്തരീകവിശുദ്ധിയാല്‍ ലോകത്തെ വിസ്മയിപ്പിച്ച മദര്‍ തെരേസയുടെ മുന്നില്‍ ഒന്നുമല്ലാതാവുകയായിരുന്നു.

ഇതൊരു തിരിച്ചറിവാണ്. ആന്തരികസൗന്ദര്യമാണ് യഥാര്ത്ഥ സൗന്ദര്യം. ആന്തരികമായി നഗ്‌നരായവര്‍ അഥവാ ആത്മാവില്‍ പുണ്യമില്ലാത്തവരാണ് ആ കുറവ് പരിഹരിക്കാന്‍ അമിതമായ ബാഹ്യ ആഡംബരങ്ങളില്‍ മുഴുകുന്നത്. ബാഹ്യമായ സൗന്ദര്യത്തിനുവേണ്ടി ഇന്നു നാം കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളെല്ലാം നമ്മുടെ ആന്തരിക നഗ്‌നതയെയാണ് എടുത്തുകാണിക്കുന്നത്.

ഉയരത്തെ ചൊല്ലിയോ നിറത്തെ ചൊല്ലിയോ ഒരുവള്‍ വ്യാകുലപ്പെടുന്നതെതിന്..? മറിച്ച് കൈമോശം വന്നുപോയ ആന്തരികവിശുദ്ധിയെക്കുറിച്ചുള്ള ചിന്തയായിരിക്കണം നിന്നെ അസ്വസ്ഥതപ്പെടുത്തേണ്ടത്. സ്ത്രീയിലടങ്ങിയിരിക്കുന്ന ആന്തരികവിശുദ്ധിയാണ് അവളെ സൗന്ദര്യവതിയാക്കുന്നത്. നിങ്ങള്‍ ഈ ലോകത്തിനു അനുരൂപകരാവാതെ നിങ്ങളില്‍ ദൈവം ഏല്‍പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ കാത്തുസൂക്ഷിക്കുവിന്‍ (2തിമോത്തി 1:14).

ദൗര്‍ഭാവഗ്യകരമെന്നു പറയെട്ടെ, ലോകത്തിലെ എഴുപതു ശതമാനത്തിലധികം സ്ത്രീകളും സ്ത്രീത്വത്തിനു യാതൊരു വിലയും കല്പ്പിക്കുന്നില്ല എന്നുള്ളതാണ് വേദനാജനകമായ അവസ്ഥ . അവശേഷിക്കുന്നവരില്‍ പത്തു ശതമാനത്തോളം പേര്‍ അവരുടെ മഹത്വം ലോകത്തിന്റെ നെറുകയില്‍ സ്വര്‍ണലിപികളാല്‍ ആലേഖനം ചെയ്തവരുമാണ്. അവര്‍ എക്കാലത്തും സ്മരിക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരേ ലോകം അറിയുന്നില്ലെങ്കില്‍പോലും ലോകത്തിന്റെ നിലനില്‍പ്പിനാധാരമായ കുടുംബങ്ങളെ ധീരതയോടെ വിശുദ്ധിയില്‍ മുന്നോട്ടു നയിക്കുന്നവര്‍ അവരാണ്.

ലോകത്തിന്റെ സങ്കല്പ്പങ്ങള്‍ക്കനുസൃതമായി വേഷമിടുന്ന ഒരു ഉപകരണം മാത്രമായി, ലോകം ഉത്പാദിപ്പിക്കുന്ന ഒരു ഉല്പന്നം വിറ്റഴിക്കാന്‍ വേണ്ട ഒരു ഉപാധിയായി, നാലാളൊരുമിച്ചു കൂടുന്ന ഒരു സദസ്സിന്റെ നേരംപോക്കിനുവേണ്ടി അവരുടെ മുമ്പില്‍ നൃത്തമാടുന്ന വെറുമൊരു നര്‍ത്തകിയുമായും മാത്രം പ്രത്യക്ഷപ്പെടെണ്ടവളല്ല അവള്‍. അവളിന്നു നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണം അവള്‍ക്കു നല്കപ്പെട്ട മഹത്വം അവള്‍ തിരിച്ചറിയാതെ പോകുന്നതിന്റെ ഫലമാണ്. വളരെക്കുറച്ചുപേര്‍ മാത്രമാണ് സ്ത്രീത്വത്തിന്റെ യഥാര്‍ത്ഥ അന്തസത്ത മനസിലാക്കുകയും അതനുസരിച്ച് ജീവിക്കുകയ്യും ചെയ്തിട്ടുള്ളത്.

സ്വന്തം സമൂഹത്തെ അപമാനിക്കുമാറ് ലോകത്തിന്റെ സങ്കല്പങ്ങള്‍ക്കനുസൃതമായി ഏതു തരത്തിലുള്ള വേഷം കെട്ടാനും കുറെയധികം സ്ത്രീകള്‍ ഇന്നു തയ്യാറായി നില്ക്കുന്നു എന്നുള്ളത് നമ്മെ ഭയപ്പെടുത്തേണ്ട ഒന്നാണ്. ലോകത്തെ പുളകം കൊള്ളിക്കുക എന്നത് ഇന്നത്തെ ന്യൂ ജനറേഷന്‍ സ്ത്രീസമൂഹത്തിന്റെ ഒരു ഹരമായി മാറിയിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും ലോകത്തെ പുളകം കൊള്ളിക്കാന്‍ ഇറങ്ങിപുറപ്പെട്ടവരിലധികംപേരെയും ലോകത്തിന്റെതന്നെ രാക്ഷസ തിരമാലകള്‍ തകര്‍ത്തു കളഞ്ഞിട്ടുണ്ട്.

സത്യത്തില്‍ ലോകം സ്ത്രീയെ അനാദരിക്കുകയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്..? സ്ത്രീയെ വിവസ്ത്രയാക്കുക എന്ന പൈശാചിക അജന്‍ഡയുടെ പ്രവര്‍ത്തനങ്ങളല്ലേ ഇന്നത്തെ സിനിമാ, പരസ്യ മേഖലയുടെ നീക്കങ്ങളില്‍ പ്രകടമാകുന്നത്..? ഓരോ വര്‍ഷം പിന്നിടുംതോറും നമ്മുടെ വേഷവിധാനങ്ങള്‍ തെളിയിക്കുന്നതും അതുതന്നെയല്ലേ? സ്ത്രീയുടെ ശക്തി അവളുടെ വിശുദ്ധിയിലാണ് അടങ്ങിയിരിക്കുന്നതെന്നു സാത്താന് നന്നായിട്ടറിയാം. ആ വിശുദ്ധി ഈ ലോകത്തിലെ അവന്റെ സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തകര്‍ക്കാന്‍ തക്ക ശക്തിയുള്ളതാണെന്നും അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടല്ലേ ബാക്കി എഴുപതു ശതമാനത്തെയും പിന്നിലാക്കി മുപ്പതു ശതമാനം ഇന്നും മുന്നിട്ടുനില്ക്കുകന്നത്. ഈ മഹാരഹസ്യം മനസ്സിലാക്കിയാല്‍ സ്ത്രീസമൂഹം വിജയിച്ചു. എന്നാല്‍ ഭൂരിഭാഗംപേരും അതിനു തുനിയാറില്ല എന്നുമാത്രമല്ല , ഉപദേശിക്കുന്നവരെ തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നവരായി അവര്‍ക്കു തോന്നുകയും ചെയ്യുന്നു . കാരണം പലവിധത്തിലുള്ള ആഡംബരങ്ങള്‍ സമ്മാനിച്ച് ലോകം അവളെ വശീകരിച്ചിരിക്കുകയാണ്. ഫലമോ കാപട്യം നിറഞ്ഞ ഈ ലോകത്തിനു വേണ്ടി തന്റെച അമൂല്യ രത്‌നശോഭ അവള്‍ കളങ്കപ്പെടുത്തുന്നു അല്ലെങ്കില്‍ അവളെ നശിപ്പിച്ചു ലോകം അതു കൈക്കലാക്കുന്നു. അതുവരെ ഈ വഞ്ചന സ്ത്രീ മനസ്സിലാക്കുന്നില്ല.

സ്ത്രീത്വം അഥവാ ശുദ്ധത എന്നത് ഒരു നിഗൂഢരഹസ്യമാണ്. അതു നിങ്ങള്‍ സ്വയമേ സ്വായത്തമാക്കിയതല്ല, മറിച്ച് ആ രഹസ്യം അതു സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ക്ക് നല്കപ്പെട്ടതാണെന്നറിയുക. അതിനാല്‍ തന്നെ ആ രഹസ്യത്തിന്റെക മൂല്യം ലോകത്തുള്ള മറ്റെന്തിനെക്കാളും വലുതാണ്. ദൈവത്തില് നിന്നും നല്‍കപെട്ടതുകൊണ്ട് അതിനു സ്വര്‍ഗ്ഗത്തോളം മൂല്യമുണ്ട്. അത് ലോകത്തോട് വിളിച്ചുപറയേണ്ട ഒന്നല്ല. അതു മന്ത്രിക്കേണ്ടയാളെ ദൈവം നിനക്കു കാണിച്ചുതരുന്നതുവരെ (വിവാഹമെന്ന കൂദാശയിലൂടെ മാത്രം.) നീ ഭയഭക്തിയോടെ ശ്രദ്ധാപൂര്‍വം അതിനെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നീയും നിന്റെ ദൈവവും ദൈവത്താല്‍ നിനക്കു നല്കപ്പെടുന്ന നിന്റെ ജീവിതപങ്കാളിയും ഒഴികെ മറ്റാരും ഈ രഹസ്യം അറിയരുതെന്നു ദൈവം ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ ഈ രഹസ്യത്തെ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കുന്നു. ദൈവമല്ലാതെ മറ്റാരും അത് അറിയരുത് എന്ന ആഗ്രഹം അവര്‍ക്കുണ്ട്. അവരാണ് സന്യാസജീവിതം നയിക്കുന്ന സമര്‍പ്പിതര്‍.

ഇനി പറയൂ, ഒരിക്കലെങ്കിലും നിങ്ങള്‍ ഈ രഹസ്യത്തെക്കുറിച്ചു ധ്യാനിചിട്ടുണ്ടോ..? ഇല്ലെങ്കില്‍ ധ്യാനിക്കണം. ഒരിക്കലല്ല, ഒരു ജീവിതകാലം മുഴുവന്‍.

ഈ രഹസ്യത്തിന്റെ മൂല്യം അറിയാതെപോകുന്നതാണ് ന്യൂ ജനറേഷന്റെ ഏറ്റവുംവലിയ പരാജയം. നമ്മുടെ മാതാപിതാക്കള്‍ ശരിയായ രീതിയില്‍ ഇവ വെളിപ്പെടുത്തിക്കൊടുത്തിരുന്നുവെങ്കില്‍ നമ്മുടെ മക്കള്‍ക്ക് പാകപ്പിഴകള്‍ സംഭവിക്കുമായിരുന്നില്ല. ഒരു പക്ഷെ അവര്‍ക്കും ഇതറിഞ്ഞുകൂടായിരുന്നിരിക്കാം . പക്ഷെ ശരിയായി ദൈവീകവിശ്വാസം പരിശീലിപ്പിക്കുന്നതില്‍ ആവര്‍ പരാജയപ്പെട്ടു. കാരണം ആത്മാര്‍ത്ഥരമായി ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആരും ഒന്നും പറഞ്ഞുകൊടുത്തില്ലെങ്കിലും അവരില്‍ വസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരെ വേണ്ടവിധം നയിക്കുമായിരുന്നു.

ദൈവസ്‌നേഹത്തില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ മാത്രമാണ് ഈ ലോകത്തിന്റെ കെണികളില്‍ നാം വീണുപോകുന്നത്. സ്‌നേഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ നിയമം പാലിക്കാത്തതുകൊണ്ടാണ് ഈ തലമുറയ്ക്ക് സ്വര്‍ഗീയ രഹസ്യങ്ങള്‍ കൈമോശം വന്നുപോയത്. നമ്മുടെ യുവത്വത്തിന്റെ എല്ലാ ക്രമക്കേടുകള്‍ക്കും തകര്‍ച്ചക്കും കാരണം ദൈവസ്‌നേഹത്തില്‍ നിന്നും അവര്‍ വ്യതിചലിച്ചതുമൂലമാണ് . പല ദാമ്പത്യങ്ങളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്നതില്‍ ഭൂരിഭാഗവും തകര്‍ച്ചയുടെ വക്കിലും എത്തിയിരിക്കുന്നു. രത്‌നം കാണുന്നത് രത്‌നവ്യാപാരിയെ പുളകം കൊള്ളിക്കാതെ വരുന്നു. സ്വര്‍ണ്ണത്തിനു കറപിടിച്ചതായി കാണപ്പെടുന്നു.

നമുക്കു നമ്മുടെ വഴികള്‍ പരിശോധിച്ചു നോക്കാം. തെറ്റുകളും വീഴ്ചകളും വന്നുപോയിട്ടുണ്ടാകാം, സാരമില്ല. വീഴ്ചയുടെ എണ്ണമോ താഴ്ച്ചയോ ഒന്നുമല്ല ദൈവം നോക്കുന്നത്, മറിച്ച് എഴുനേല്ക്കാണന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ്. നമുക്ക് ദൈവസന്നിധിയില്‍ സാഷ്ടാംഗം വീണു മാപ്പപേക്ഷിക്കാം.. അനുതാപത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയാം. അറിവില്ലായ്മയുടെ കാലഘട്ടത്തെ അവിടുന്നു ക്ഷമിക്കും. ദൈവവചനം പറയുന്നു.. ‘നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല; നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണ്’ (1കോറി6:19,20). നാം ഓരോരുത്തരും വിലയ്ക്കു വാങ്ങപ്പെട്ടവര്‍ തന്നെയാണ്. നമ്മുടെ കര്‍ത്താവീശോമിഹിഹായുടെ ഹൃദയരക്തമാണ് എന്റെ വില. അവിടുത്തെ സഹനത്തിന്റെ ആഴമാണ് എന്റെ മൂല്യം. ആരെയും വിധിക്കാത്ത സ്‌നേഹമാണ് എന്റൊ രക്ഷ.

ദൈവമേ അങ്ങയുടെ കണ്ണുകളിലൂടെ ഞാന്‍ എന്നെ കാണട്ടെ! അപ്പോള്‍ സകല അശുദ്ധിയില്‍നിന്നും ഞാന്‍ മോചിതയായിരിക്കും. ദൈവമേ ഞാന്‍ അങ്ങയിലും അങ്ങ് എന്നിലും ജീവിക്കട്ടെ..

ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു. അവിടുന്ന് നിങ്ങളെയും. സത്യം തിരിച്ചറിഞ്ഞിട്ടും സത്യത്തില്‍ ചരിക്കാതെ ജീവിക്കുന്ന ദൈവത്തിന്റെയ മുമ്പില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്. ഭയങ്കരമായ ന്യായവിധി അവിടെ നിങ്ങളെ കാത്തിരിക്കുന്നു. (ഹെബ്രാ10:2631). ഇന്നു നിങ്ങള്‍ സ്റ്റാറ്റസിന് ചേരാത്തതെന്ന് മുദ്രകുത്തിയ, ഹീനമായ വസ്ത്രം അന്നു അവിടെ ശോഭിക്കും. സ്റ്റാറ്റസിന് ചേര്‍ന്നതെന്ന് കരുതി നിങ്ങള്‍ ധരിച്ച ആഡംബരവേഷം അന്നു അവിടെ നിന്ദ്യവുമായിരിക്കും!

സ്‌നേഹമുള്ളവരേ, ഈ ലോകത്തിനു നിങ്ങള്‍ അനുരൂപരാവരുത്. ‘ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണ്ണാഭരണമോ, വിശേഷ വസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം. പിന്നെയോ ദൈവസന്നിധിയില്‍ സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്‌നമണിഞ്ഞ ആന്തരീക വ്യക്തിത്വമാണ്’. (1പത്രോസ് 3:3,4 ).

 

ജിനീഷ് ജോര്‍ജ്

You must be logged in to post a comment Login