സ്റ്റാര്‍വാര്‍സ് നായകന്‍ കത്തോലിക്കനായ കഥ…

ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍വാര്‍സ് നായകന്‍ സര്‍ അലക് ഗിന്നസിനെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാകില്ല. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ അഭിനേതാക്കളിലൊരാളാണ് അദ്ദേഹം. എന്നാല്‍ നാല്‍പതാം വയസ്സില്‍ അലക് ഗിന്നസ് കത്തോലിക്കനായ കഥ അധികമാര്‍ക്കും പരിചയമുണ്ടാകില്ല.

1914 ല്‍ ലണ്ടനിലാണ് അലക് ഗിന്നസിന്റെ ജനനം. അച്ഛനാരാണെന്നു പോലും അവനറിയുമായിരുന്നില്ല. കടുത്ത ദാരിദ്യത്തില്‍ കഴിഞ്ഞ ബാല്യം. ആംഗ്ലിക്കനായിരുന്നെങ്കിലും മതത്തെക്കുറിച്ചോ മതവിശ്വാസങ്ങളെക്കുറിച്ചോ വലിയ ധാരണകളുണ്ടായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ നിരീശ്വരവാദം, മാര്‍ക്‌സിസം, ബുദ്ധിസം, അങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയും സഞ്ചരിച്ചു.

ഷേക്‌സ്പിയറിന്റെ ഹാംലറ്റ് അരങ്ങിലവതരിപ്പിക്കാന്‍ റിഹേഴ്‌സല്‍ ചെയ്തുകൊണ്ടിരുന്ന സമയം. ഒരു ആംഗ്ലിക്കന്‍ വൈദികന്‍ അലക്കിനെ സമീപിച്ചു. തെറ്റായ വഴിയിലൂടെയാണ് അലക് സഞ്ചരിക്കുന്നതെന്നും ശരിയായ മാര്‍ഗ്ഗത്തിലേക്ക് എപ്രകാരമാണ് പ്രവേശിക്കേണ്ടതെന്നുമുള്ള വൈദികന്റെ ഉപദേശം അലക്കിനെ ചെറുതായൊന്നു പിടിച്ചു കുലുക്കി. അദ്ദേഹം ആംഗ്ലിക്കന്‍ വിശ്വാസത്തില്‍ അല്‍പം താത്പര്യമൊക്കെ കാണിച്ചുതുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് ആ വിശ്വാസം കുറച്ചുകൂടി ശക്തിപ്പെട്ടു. എന്നാല്‍ പിന്നെയും നാളുകള്‍ക്കു ശേഷമാണ് അലക് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. അതിനിടയായ കഥയിങ്ങനെ:

അലക് ഗിന്നസ് ഫാദര്‍ ബ്രൗണ്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. ചിത്രത്തില്‍ ഒരു കത്തോലിക്കാ വൈദികന്റെ വേഷമായിരുന്നു അലക്കിന്. വൈദികന്റെ വേഷം ധരിച്ച് തെരുവിലൂടെ അങ്ങനെ നടന്നുപോകുകയാണ്. പെട്ടെന്ന് ഒരു ചെറിയ കുട്ടി അദ്ദേഹത്തിന്റെ അടുക്കലേക്കു വന്നു. വൈദികനാണെന്നു തെറ്റിദ്ധരിച്ച് അലക്കിന്റെ കയ്യില്‍ മുറുകെപ്പിടിച്ചു നടന്നു. ഒരു ചെറിയ കുട്ടിക്കു പോലും കത്തോലിക്കാ വൈദികരോട് ഇത്രയേറെ സ്‌നേഹവും ബഹുമാനവുമുണ്ടെന്ന തിരിച്ചറിവ് അലക്കിനെ സ്പര്‍ശിച്ചു. അതോടെ അന്നു വരെയുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറി.

ആയിടക്കാണ് അലക്കിന്റെ മകന്‍ മാത്യു പോളിയോ ബാധിച്ച് അത്യാസന്നനിലയിലായത്. മരണത്തിലവസാനിക്കുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അലക് തൊട്ടടുത്തുള്ള പള്ളിയില്‍ പോയി നിരന്തരം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, മകനെ സുഖപ്പെടുത്തിയാല്‍ താന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കാമെന്ന ഉടമ്പടിയില്‍. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാത്യു സുഖം പ്രാപിച്ചു. മാത്യുവിനെ പിന്നീട് ഒരു കത്തോലിക്കാ സ്ഥാപനത്തിലാണ് അലക് പഠിപ്പിച്ചത്. അലക്കിന്റെ നാല്‍പതാം വയസ്സില്‍ കുടുംബമൊന്നാകെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. രണ്ടായിരത്തില്‍
മരിക്കുന്നതു വരെ അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു അലക് ഗിന്നസ്.

You must be logged in to post a comment Login