സ്റ്റാറ്റസ്

സ്റ്റാറ്റസ്

നമ്മുടെ ആരാധനകളില്‍ ഇപ്രകാരം നാം ചൊല്ലുന്നു, ‘തന്‍ സാമ്യം നാം പൂണ്ടിടുവാന്‍ നമ്മുടെ സാമ്യമവന്‍ പൂണ്ടു’. ക്രിസ്തു ഭാവത്തിലേയ്ക്ക് ഒരു ഉണരലാണ് സത്യത്തില്‍ നമ്മുടെ ഓരോത്തരുടെയും ജീവിതത്തിന്റെ ആത്യന്തിക ഭാഗധേയം. എല്ലാത്തരം അനുഭവങ്ങളും മലിനീകരിക്കപ്പെടുന്ന ഒരു കാലത്ത് ക്രിസ്ത്യാനികള്‍ നല്ക്കുന്ന ക്രിസ്ത്വാനുഭവം ഒരു നിരന്തര ധ്യാനത്തിന് വിധേയമാക്കേണ്ടതുണ്ട്.

ക്രിസ്തുവിന്റെ അന്തസ്സ് ജീവിതത്തില്‍ പുലര്‍ത്തുക എന്ന ഭഗീരഥപ്രയത്‌നം നാമെത്ര നിസ്സാരമായി ഗണിക്കുന്നു. നന്മമാത്രം ഭൂമിക്ക് പകര്‍ന്ന ക്രിസ്തുമാനസം എന്നാണ് നമുക്ക് കൈവരിക?
അപ്രിയമായ ഒരു വാക്കോ, പ്രവൃത്തിയോ ആരില്‍നിന്നെങ്കിലും ഉണ്ടാകുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. ഏറെ പ്രിയം വച്ചത് കൈവിട്ട് പോകുമ്പോള്‍ ദു:ഖിതരാകുന്നു. കോപമുണരുന്നു. മറ്റുചിലപ്പോള്‍ മോഹിതരാവുന്നു. നിരാശയിലുഴലുന്നു. അസൂയ നീറ്റുന്നു. അലസത ബാധിച്ച് അശുഭവഴിക്ക് വശംവദരാകുന്നു.  ആത്മാവിനെ നിഹനിക്കുന്നു. സ്‌മൈലികള്‍കൊണ്ട് പ്രകടിപ്പിക്കാവുന്നതിലധികമായ ഭാവമാറ്റങ്ങളുടെ തിരതള്ളലുകളില്‍ നാം പകച്ചുപോകുന്നു.

ഈ അസ്ഥിരത നമ്മെ ഭാരപ്പെടുത്തും. അകബലം നഷ്ടപ്പെടുത്തും.വ്യത്യസ്ത വികാരങ്ങളുടെ ആക്രമണത്തില്‍ നാം പതറുന്നു. പലതിനും നാം കീഴ്‌പ്പെടുന്നു. മദ്യത്തിന്റെ കെട്ടിറങ്ങുമ്പോള്‍ നീ ബലമില്ലാത്തവനാകുന്നു. ഒരു സ്വയംഭോഗവും അശ്ലീല സൈറ്റും കുമ്പസാരക്കൂട്ടിനോട് അകലാന്‍ പ്രേരിപ്പിക്കുന്നു. ലജ്ജ വര്‍ദ്ധിക്കുന്നു. മരിജുവാനയുടെ ലഹരിപടരുന്ന ഒരുപറ്റം, എന്‍ഡോസല്‍ഫാന്‍ ബാധിച്ച മറ്റൊരു പറ്റം യുവജനങ്ങളെ അറിയാതെ പോകുന്നു.

അറിവിന്റെയും അറിവില്ലായ്മയുടേതുമായി അങ്ങനെയെന്തെല്ലാം അഴലുകള്‍ ഉള്ളില്‍ കിടന്നു പിടയുന്നുണ്ട് സുഹൃത്തേ! ഒന്നോര്‍ക്കണം. തീച്ചൂളയില്‍ പെടാത്ത ചെറുപ്പക്കാരില്ല. പക്ഷേ ചിലര്‍ക്കൊപ്പം ദൈവദൂതനുണ്ട്. സിംഹക്കുഴിയില്‍ വീഴുന്ന യൗവ്വനക്കാരനും ഉയിരോടെ മടങ്ങിയെത്തുന്നു.

കല്ലേറ് കൊള്ളുന്ന ചെറുപ്പക്കാരന്റെ കണ്ണുകളെ നോക്കുക. അവയില്‍ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നത് നിനക്ക് കാണാം. അങ്ങനെയെത്ര പേരുടെ ചരിത്രമാണ് തിരുവെഴുത്ത് നല്‍കുന്നത്. കാമനകളുടെ ചൂളയില്‍ എരിയുമ്പോഴും മൃഗീയവാസനകളുടെ പൊട്ടക്കുഴിയില്‍ വീണുപോകുമ്പോഴും നിന്ദകളുടെയും തിരസ്‌ക്കാരങ്ങളുടെയും കല്ലുകള്‍ വന്നു പതിക്കുമ്പോഴും നിനക്ക് വിടുതലുണ്ട് സഖേ! നിശ്ചയം!

പക്ഷെ ഒന്നു മാത്രം നിന്നില്‍ നിന്നു ദൈവം പ്രതീക്ഷിക്കുന്നു. ഒരു പുറപ്പാട്. ശരിക്കും മിസ്രയീമില്‍ നിന്നുള്ള ഇറങ്ങിപോക്കുപോലെ തന്നെ. സുഖദുഃഖങ്ങള്‍ക്ക് അധീനമായിരുന്ന നിന്റെ അടിമത്ത ജീവിതത്തില്‍ നിന്നൊരു പുറപ്പെടല്‍ . അത് അതിജീവനത്തിന്റെ പോരാട്ടമാണ്. വിശപ്പുകളും ദാഹങ്ങളും പരിഭവങ്ങളുമെല്ലാം ചേര്‍ന്ന പ്രയാണം. ഈ യാത്രക്കിടയിലാണ് എടുത്തു ചാട്ടക്കാരനായ മോശ എന്ന യുവാവ് ഭൂമിയിലെ സര്‍വ്വമനുഷ്യരെക്കാളും സൗമ്യനായി തീരുന്നത്.

എങ്ങനെയാണ് ഒരാള്‍ ഒറ്റ മുഖമുള്ളവനായിത്തീരുക.സ്‌മൈലികള്‍ക്ക് അതീതനായിത്തീരുക. വളരെ ഡിപ്ലോമാറ്റിക് ആയി ഓരോ ദിനവും സ്വയം നീതികരിച്ച് ജീവിക്കുന്ന എന്റെ കാപട്യത്തിന്റെ വിവിധ സ്‌മൈലികള്‍ ഇപ്പോള്‍ എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. സ്വന്ത മുഖത്തേക്കാള്‍ വലിയ മുഖംമൂടിയില്ല എന്ന് പറഞ്ഞ് നീഷേ ഭയപ്പെടുത്തുന്നു. സത്യത്തില്‍ ഒരു മുഖം മാത്രമുള്ളവരെയാണോ ഗുരുക്കന്‍മാര്‍ എന്നു വിളിക്കേണ്ടത്? നമ്മുടെ കൃത്രിമത്വങ്ങളെ തകര്‍ക്കുന്ന ഈ ‘ഒറ്റമുഖം’ അവരെങ്ങനെയാണ് ആര്‍ജ്ജിക്കുക?

ഇത്രമാത്രം ആന്തരികസ്വച്ഛതയോടെ എങ്ങനെയവര്‍ സ്വയം അഭിമുഖീകരിച്ചു? ഇത്തരം പോരാട്ടങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ലേ? യാതൊന്നും അവരെ മോഹിപ്പിച്ചിട്ടില്ലേ? ആരും അകാരണമായി കുറ്റപ്പെടുത്തിയിട്ടില്ലേ? അപഹസിച്ചിട്ടില്ലേ? നഷ്ടങ്ങള്‍ ഭവിച്ചിട്ടില്ലേ? ഇവയോടൊക്കെ പ്രതികരിക്കുന്ന നമ്മെപ്പോലെ സമസ്വഭാവികളായ മനുഷ്യരായിരുന്നില്ലേ അവരും? ചോദ്യങ്ങള്‍ എണ്ണിയാലൊടുങ്ങില്ല!

ഉണ്ട് സഖാവേ, നല്ല പോരാട്ടമുണ്ട് ! ഇനിയുള്ള ഭാഗം വായിച്ചിട്ട്, ‘നീ വേറൊരു ലെവല്‍ ആണ്’ എന്നൊരു വടക്കന്‍ സെല്‍ഫി എടുത്ത് അയയ്ക്കരുത്. സത്യത്തില്‍ ഇനി പറയുന്നതാണ് ബ്രോ ശരിക്കും മരണമാസ്സ! കിഴക്കന്‍ ക്രൈസ്തവ സന്യാസിമാരൊക്കെ UNSEEN WARFARE’ എന്ന് പേരിട്ടാണ് അതിനെ വിളിക്കുക. തിന്മയോടുള്ള നിരന്തര സമരത്തിലൂടെ ‘APATHE അല്ലെങ്കില്‍ DISSPASSIONATE MIND (മുക്തമാനസം) എന്നൊരു ലക്ഷ്യവും അവര്‍ക്കുണ്ട്.PASSION TO COMPASSION  എന്ന മാര്‍ഗ്ഗവും പറയുന്നു.

പ്രജ്ഞയില്‍ നിന്ന് കരുണയിലേയ്ക്കുള്ള പൂവിടലാണ് അത്. ഈ കമലലോചനത്വം (നനയായ്ക) അഥവാ നിര്‍ലേപത്വം (താമരയിതളിലെ ജലകണംപോലെ ബുദ്ധവിചാരങ്ങളുടെ കാതലാണ്. സുഖദുഃഖങ്ങളില്‍ അഭിരമിക്കാതെ കാമക്രോധതാപാദികളെ അടക്കി ജീവിക്കുന്ന ‘സ്ഥിതപ്രജ്ഞന്‍’ ഗീതോപദേശത്തിലെ വെളിച്ചമാണ്.

പുസ്തകം വായിക്കുമ്പോള്‍ താളുകള്‍ മാത്രമേ മറിയുന്നുള്ളൂ; വായിക്കുന്നവന്‍ മറിയുന്നില്ല എന്ന ‘ആത്മവിദ്യ’യുടെ പാഠം എത്രവട്ടം സ്‌കൂള്‍ തുറന്നാലും നാം പഠിക്കുന്നില്ല. ഓരോ ദിനത്തിന്റെയും Emotions നമ്മെ വ്യത്യസ്ത സ്‌മൈലികളാക്കുന്നു.

സുഖം അഹന്തയിലേയ്ക്കും ദുഃഖം നിരാശയിലേക്കു നയിക്കുന്നു. വീഴാടിരിക്കാന്‍ Balance വേണം. സമചിത്തത വീണ്ടെടുക്കണം. പോരാടണം. ബാലന്‍സ് നഷ്ടപ്പെട്ടാല്‍ ഏത് നീതിമാനും വീണു പോകും? മുറിവുകള്‍ ഉണ്ടാകും, യുദ്ധമല്ലേ ?

നമ്മുടെ പാപത്തെക്കാള്‍ വലുതാണ് ദൈവ കരുണ എന്ന തിരിച്ചറിവിന്റെ മരുന്നു പുരട്ടണം. നിന്റെ കണ്ണുനീരുകൊണ്ട് കുമ്പസാരക്കൂട് കഴുകണം. പ്രാര്‍ത്ഥിക്കണം.വ്രതബദ്ധമാകണം ജീവിതം. നന്നായി പ്രയത്‌നിക്കണം. ധര്‍മ്മപദം പറയുന്നുണ്ട്, ബഹുഭൂരിപക്ഷവും കരയ്ക്കു ചുറ്റും ഓടുന്നവരാണ്. ചുരുക്കം പേര്‍ക്കേ നദി മുറിച്ചു കടക്കണമെന്ന അഭിലാഷം ഉണ്ടാകൂ. അതിലും കുറച്ചു പേര്‍ മാത്രമേ അതിനൊരുങ്ങുന്നുള്ളു. അങ്ങനെ ഒരുങ്ങുന്നവരില്‍ അപൂര്‍വ്വമായി ഒരുവന്‍ മുറിച്ചു കടക്കാന്‍ പ്രാപ്തനാവുന്നു. ആ ഒരുവനാണ് തഥാഗതന്‍.

അവബോധ്യത്തിന്റെ മറുകര കണ്ടെത്തിയവന്‍ ഭാവാതീതന്മാരുടെ ഒരു അപൂര്‍വ്വ ഗണത്തിലേക്കുള്ള ‘സമുദ്രലംഘനം’ നിസാരസംഗതിയല്ല. അതാണ് സത്യത്തില്‍ ജീവിതത്തിലെ സാരവത്തായ സദ്ഗതി. ഈ ‘സംഗതി’ ഇല്ലാതെ വരുമ്പോഴാണ് ജീവിതത്തിന്റെ സംഗീതവും സാംഗത്യവുമൊക്കെ നഷ്ടപ്പെടുക സഖേ !

ഇളകുന്ന കടലില്‍ കൈപിടിച്ചു നടത്തുന്നവന്റെ പേരാണ് ക്രിസ്തു. നമുക്ക് തിരികെയെത്താനുള്ള ഇടവും അവന്‍ തന്നെയാണ്. ഭേദവിചാരങ്ങളുടെ നിഴല്‍ സ്പര്‍ശമേല്‍ക്കാതെ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും ഒരുപോലെ ഉദിക്കുന്ന ആര്‍ദ്രതയുടെ സൂര്യഭാവമാണ് അവന്റെ പിതാവിന്റേത്. ഇറങ്ങിപ്പോയ മക്കള്‍ക്കായി തുറന്നിട്ട കരുണയുടെ ഒരു വാതില്‍ എന്നും അപ്പന്റെ ഭവനത്തിലുണ്ട് സഖേ!

തിന്മയോടുള്ള നിരന്തര സമരത്തില്‍ നിറയെ പരീക്ഷകളുണ്ട്. ഒരു EXAM പാസ്സായാലല്ലേ അടുത്ത Class  എത്താനാവു ! (ഇനിയിപ്പോള്‍ 8-ാം ക്ലാസ്സുവരെ തോല്‍ക്കില്ലല്ലോ, മന്ത്രി മാറാത്തിടത്തോളം പത്താം തരം വരെയും തോല്‍ക്കില്ലെന്നും ഉറപ്പാണ്. PG പരീക്ഷയ്ക്കാണെങ്കില്‍ കോപ്പിയടിക്കുകയും ചെയ്യാം!)

ജീവിത പരീക്ഷകളില്‍ ഇതൊന്നും നടപ്പില്ല സുഹൃത്തേ! അവ സ്വയം സംസ്‌ക്കരണത്തിനു വേണ്ടിയാണ്. ശരിക്കും നമുക്ക് കൂടുതല്‍ Better ആവാനുള്ള അവസരങ്ങളാണ്. നമ്മെ പരീക്ഷി ക്കുന്നവരെ ഉള്ളില്‍ പോലും നിന്ദിക്കരുത്. കൂടുതല്‍ നന്നായി പെരുമാറാന്‍ അവര്‍ നമ്മെ പരിശീലി പ്പിക്കുകയാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ പോലും അറിയുന്നില്ല ! നന്മയാല്‍ തിന്മയെ ജയിക്കാനുള്ള യുദ്ധങ്ങളാണ് ഇവ. അത് കുരിശോളം എത്തുന്ന പോരാട്ടം തന്നെയാണ്. സകല സ്‌മൈലികള്‍ക്കുമതീതമാണ് അതിന്റെ ഭാവം. നിസ്‌തോഭമായി ശിരസ്സുയര്‍ത്തുന്ന ഓരോ മനുഷ്യപുത്രന്റേയും മനോഭാവം മറ്റൊന്നായിരിക്കില്ല. നന്മയെ അനുസരിക്കുന്ന വെളിച്ചത്തിന്റെ പോരാളിയുടെ പ്രസന്നരമുഖം തന്നെയാണത്.

ശരിക്കും നാം കോപ്പിയടിക്കേണ്ടത്(പകര്‍ത്തിയെഴുതേണ്ടത്) ആന്തരികസ്വഛടയുടെ തലയെടുപ്പുള്ള ഈ ക്രിസ്തു ജീവിതമാണ് സഖേ! കാരണം അതിനു മാത്രമാണ് സനാതനമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുള്ളത്!
നമ്മുടെ ചില വര്‍ത്തമാന കാല Status എന്തെല്ലാമാണ്? ‘;feeling alone, feeling happy …ഇവയിലേതാണ് സഖാവേ ഇപ്പോള്‍ നിന്റെ പ്രൊഫൈല്‍ സ്റ്റാറ്റസ്? നമ്മുടെ ആനന്ദങ്ങളുടെയും ആകുലതകളുടെയും മുഖപടമായി നാം കുറിക്കുന്ന വരികള്‍. ഇരവുപകലുകള്‍ അതിങ്ങനെ വന്നു മറയുകയാണ്.

സ്റ്റാറ്റസ് ഒരു നിലയുംവിലയുമൊക്കെ സൂചിപ്പിക്കുന്നു. അന്തസ്സ് എന്നൊരു വാക്കും പറയാറുണ്ട്. അന്തരംഗത്തിന്റെ അവസ്ഥയെക്കുറിക്കുന്ന പദമെന്ന് തന്നെ പറയാം. നമ്മുടെ പ്രൊഫൈലിലേയ്ക്ക് മടങ്ങും മുമ്പേ ചില പഴയ പ്രൊഫൈലുകള്‍ ശ്രദ്ധിക്കുക. ബൈബിളിലെ പേജുകളില്‍ ഒരു സേര്‍ച്ച. നിശ്ചയമായും കുറെയധികം യൗവ്വനങ്ങളുടെ വ്യത്യസ്തകാലങ്ങളിലെ സ്റ്റാറ്റസുകളും അവയ്ക്ക് ലഭിച്ച കമന്റുകളുമൊക്കെ അതിലുണ്ട്.

ജോസഫിന്റെ പ്രൊഫൈല്‍. കൗമാരകാലത്തെ അവന്റെ ഒരു ദിനം . feeling sad എന്നാണ് .പൊട്ടക്കിണറ്റില്‍ നിന്നുള്ള ഒരുupdation.സഹോദരങ്ങള്‍ കെണിവെച്ചാല്‍ അകം കലങ്ങാതിരിക്കുമോ സഖേ! എന്നാല്‍ കുറെ നാളുകള്‍ക്ക് ശേഷം അവന്റെ പേജില്‍ വന്ന കമന്റ് നീ കണ്ടുവോ? ‘ദൈവാത്മവുള്ള ഒരു മനുഷ്യന്‍’ എന്നാണത്. ശരിക്കും കിട്ടേണ്ട കമന്റ് അതൊക്കെയാണ് മാഷേ!

ശമുവേലിന്റെ ബാല്യകാലത്തിലെ സ്റ്റാറ്റസ് വിസ്മയിപ്പിക്കുന്നതാണ്, listening god ദൈവത്തെ കേള്‍ക്കുന്നവന്‍ സത്യത്തില്‍ മനുഷ്യരെ കേള്‍ക്കാനാവാത്ത വിധം തിരക്കുള്ളവരായിരിക്കുന്ന മറ്റു ചിലതുമുണ്ട്. സിംഹത്തിന്റെ താടിയെല്ലുമായി നില്ക്കുന്ന ശിംശോന്റെ പ്രൊഫൈല്‍ പിക്ച്ചര്‍ നോക്കുക. എത്രസുന്ദരമാണ്. എന്നാല്‍ പിന്നീട് നിരന്തരമായ ചാറ്റിംഗിലൂടെ ചിറ്റ് ചെയ്യപ്പെട്ട അവന്റെ കഥയും നീ അറിഞ്ഞിരിക്കണം.

ഒരു ഗുരുവിന്റെ രണ്ടു ശിഷ്യന്മാരെപ്പറ്റിയുള്ള പോസ്റ്റുകള്‍ ശ്രദ്ധിച്ചിടുണ്ടോ? തിമോത്തിയെക്കുറിച്ചാണ് ഒന്നാമത് പറയുക. ‘എല്ലാവരും സ്വന്തകാര്യം അന്വേഷിക്കുന്നു; തിമോത്തിയോ ക്രിസ്തുയേശുവിന്റെ കാര്യം നോക്കുന്നു.’ രണ്ടാമത് ദേമാസിനെപ്പറ്റിയാണ്. ‘ദേമാസ് ഈ ലോകത്തെ സ്‌നേഹിച്ച് എന്നെ വിട്ടുപോയി.’

ഏറ്റം ചേതോഹരമായ മറ്റൊന്ന്! ‘പൈതല്‍ വളര്‍ന്നു; ജ്ഞാനം നിറഞ്ഞു; ആത്മാവില്‍ ബലപ്പെട്ടു. ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.’ ക്രിസ്തുവിനെക്കുറിച്ചുള്ള ഈ കമന്റിനുമപ്പുറം മറ്റെന്താണ് സുഹൃത്തേ നമ്മുടെ യൗവ്വനം ആഗ്രഹിക്കേണ്ടത്! ബൈബിള്‍ പേജുകളിലുടെയുള്ള നിരന്തരസെര്‍ച്ചുകളില്‍ നിന്നാണ് സഖേ, നിന്റെ ജീവിതത്തിന്റെ ദൈവീക അന്തസ്സ് നിലനിര്‍ത്താനുള്ള ഉള്‍ക്കരുത്ത് നീ നേടേണ്ടത്!

മന:സാക്ഷിയോടാണ് ചോദ്യമത്രയും. ‘സുവാര്‍ത്ത’യുടെ കാലമത്രയും ദുര്‍വാര്‍ത്തകള്‍കൊണ്ട് നിറയ്ക്കാന്‍ പിശാച് നിനക്ക് എത്രയാണ് ‘കോഴ’ നല്കിയത്? ‘ആപ്പി’ലായ ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തു വീണ്ടും വരുമ്പോള്‍ നിര്‍ബന്ധിത കുരിശുമരണം സ്‌പോണ്‍സര്‍ ചെയ്യാനെത്തിയവരോട് ‘നാലുചാനലിലെങ്കിലും ലൈവു’ണ്ടെങ്കിലേ അത് നടക്കു എന്നൊരു മറുപടി പറയിച്ചതിന് ബന്യാമീനെ ക്രൂശിച്ചിട്ടെന്ത് കാര്യം !

‘കര്‍ത്താവിനു മരകുരിശ്; പള്ളിക്കെന്തിനാ പൊന്‍കുരിശ്’ എന്ന് പണ്ടും ചോദിച്ചിട്ടുണ്ട്. ഒരു പക്ഷേ നമ്മെപ്പോലെയുള്ള ‘so called ക്രിസ്ത്യാനികള്‍ സമ്മാനിക്കുന്ന ക്രിസ്ത്വാനുഭവം അത്രമേല്‍ നിരാശാജനകമാവും സുഹൃത്തേ !

ഭൂമി മലയാളത്തിലെ ക്രിസ്ത്യാനികളെല്ലാം അവരുടെ പള്ളികളെല്ലാം പൊളിച്ചടുക്കി കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമ്മളെ പൊളിച്ചുപണിയാറായില്ലേ ! മൂന്നല്ല, മുപ്പത് നാള്‍ പൊളിച്ചുനോക്കിയാലും നമ്മിലൊരു ‘ദൈവകണം’ കണ്ടെടുക്കാനാവുമോ? ദൈവം കൂട്ടുകാരനാവുക. അത് വല്ലാത്തൊരു അപകടം പിടിച്ച കളിയാണ്.

ദൈവത്തിന്റെ സ്‌നേഹിതരെല്ലാം അവന്‍ നല്കിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയവരാണ്. സ്വന്ത ഇഷ്ടങ്ങള്‍ക്ക് അവധി നല്കിയ പ്രയാണങ്ങള്‍. ദൈവം നീട്ടിയ ആയുസ്സിന്റെ തുണ്ടുകള്‍ നിറയെ അവര്‍ ദൈവത്തെക്കൊണ്ട് തങ്ങളുടെ ജീവിതമെഴുതിച്ചു. മരണത്തോളം അനുസരണത്തോടെ നിന്നു. അവരുടെ മുക്തമാനസം അത്രമേല്‍ സ്വസ്ഥമായിരുന്നുവെന്നു പറയാനാവില്ല. ആന്തരിക ക്ഷോഭങ്ങളുടെ കടല്‍വിളുമ്പുകളില്‍ എത്രയോ തവണ പാദം പൂഴിയിലാഴ്ന്നിട്ടുണ്ട്.

മഹാവ്യഥകളുടെ നിരന്തരധ്വനികള്‍ ഓരോ വലിച്ചുകുടയലിലും അവരില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഉള്‍പ്പോരാട്ടങ്ങളുടെ വിജനതകളില്‍ എത്രവട്ടം അവരുടെ അകമിളകിയിട്ടുണ്ട്. ഓരോതവണയും തട്ടിവീണതും ചാടിപിടിച്ചതും മുള്‍ച്ചെടികളില്‍ തന്നെ. നീറ്റലൊടുങ്ങുന്നില്ല. അകവും പുറവും. എന്നിട്ടും ദൈവത്തിന്റെ കൂട്ട് വിടാന്‍ മാത്രം മനസ്സു വരുന്നില്ല. കഷ്ടതയിലും സങ്കടത്തിലും പട്ടിണിയിലും ആപത്തിലും നഗ്നതയിലും വാളിലും ഒന്നും!

തളര്‍ന്ന് തല ചായ്ക്കാനെടുത്ത പാറക്കീറ് തൊട്ടാല്‍ പൊള്ളുന്നത്! ഒരഗ്നിസിംഹാസനം പോലെ. തീ പിടിച്ച ബലിക്കല്ലില്‍ തലവെച്ചുറങ്ങി സ്വന്ത ഇഷ്ടങ്ങള്‍ക്ക് ചിതയൊരുക്കി. പിന്നെ ദൈവം അവര്‍ക്ക് പേരുകളിട്ടു. അബ്രഹാം ഒരു സ്വപ്നസഞ്ചാരി. യാക്കോബിന്റെ ഉപായങ്ങളെല്ലാം ഒരു കല്ലില്‍ തട്ടി തകരുന്നു. മോശയുടെ വിക്ക് വിമോചനത്തിന്റെ വാക്കാകുന്നു.
നോക്കുക, ഉള്‍ക്കാടുകള്‍ കത്തിയെരിഞ്ഞ രാത്രികളില്‍ ഉള്ളില്‍ വെന്തമര്‍ന്ന സ്വാര്‍ത്ഥതകളുടെ

ചാരം വാരി അവര്‍ മുറിവുകള്‍ പൂശി. ഇരുമിഴികളും പൂട്ടി. മൂന്നാം കണ്ണ് തുറന്നു.ഒരുവന്‍ മുള്‍ക്കാടുകളില്‍ ഒരാട്ടിന്‍ കുട്ടിയെയും ഒപ്പം ദൈവകരുതലിനെയും ദര്‍ശിച്ചു. മറ്റൊരുവന്‍ എരിയാതെ ആളുന്ന മുള്‍മരച്ചൂടറിഞ്ഞു.അടുത്തചുവടുമുതല്‍ അയാള്‍ വിശുദ്ധിയുടെ കനല്‍ വഴികളിലേയ്ക്കാണ് നടന്നുകയറിയത്.പിന്നീട് മനുഷ്യരുടെ പിറുപിറുക്കലുകളും ജല്പനങ്ങളും കേട്ടപ്പോഴെല്ലാം അയാള്‍ കാതുകള്‍ പറിച്ചെറിഞ്ഞ് ദേവഗിരികളിലേയ്ക്ക് ഓടികയറി. ദൈവസ്വരത്തോട് അയാള്‍ അത്രമേല്‍ പ്രണയബന്ധനായിരുന്നു.(എനിക്കറിയില്ല വാന്‍ഗോഗിന്റെ പ്രേരണയെക്കുറിച്ച് !. പക്ഷെ അയാളുടെ മുറിഞ്ഞ കാതിനും പറയാനുള്ളത് ഒരു പ്രണയകഥയാണ്)

മനുഷ്യപുത്രന്റെ സമപ്രായക്കാരനായ സ്‌നേഹിതനെ നോക്കുക. മൗനത്തിലേയ്ക്ക് ഒരു മുനപോലെയുള്ള ചെറുപ്പക്കാരന്‍. സത്യം പറയാനല്ലാതെ വായ്തുറക്കില്ല. അപാരതയെ പ്രണയിച്ച യൗവനക്കാരന്റെ തലപോണ വഴിയുടെ പേര്‍ യോഹന്നാന്‍ എന്നാകുന്നു. ഇവരുയര്‍ത്തുന്ന ‘ചാലഞ്ച്’ ഇത്തിരി കടുപ്പമാണോ?

ദൈവമാണ് നിന്റെ കൂട്ടെങ്കില്‍ സൂക്ഷിക്കണം. ഈ വഴിയില്‍ ഇനിയൊരു ഓശാനയില്ല. മുഖസ്തുതികളുടെ സുഖം അവസാനിക്കുന്നു. ജനപ്രിയ അവാര്‍ഡുകള്‍ ഇനി കിട്ടില്ല. ശ്രദ്ധിക്കുക, മനുഷ്യപുത്രന് ദൈവം മാത്രം കൂട്ടാവുന്ന ഇടമാണ് ഗത്സമേന. ഇവിടെ ഉറങ്ങിപ്പോയാല്‍ നിനക്ക് നഷ്ടമാവുന്നത് ക്രിസ്തുവിനെയാണ്. ഉണര്‍ന്നിരുന്നാലോ അതേറേ അപകടകരമാണ്. കാരണം, പിന്നെ നിന്റെ കൂട്ടിന് തമ്പുരാന്‍ മാത്രമേയുള്ളൂ!.മറക്കരുത്, ഗത്സമേനയ്ക്ക് ശേഷം ഇനി വായ ്പ്പാട്ടുകളും വരവേല്പ്പുകളുമില്ല.

ചുംബനം പോലും ഒറ്റപ്പെടുത്തലാണ്. ഈ വഴിയില്‍ ശേഷിക്കുന്നത് ഒരു കുരിശ് മാത്രം. ധൈര്യമുണ്ടെങ്കില്‍ ഉണരുക സഖാവേ !വിജയന്‍ മാഷിനെ മറന്നിട്ടില്ല. ഉറങ്ങാന്‍ നമുക്ക് പട്ടുമെത്തകള്‍ മതി, ഉണര്‍ന്നെണീക്കാന്‍ മറ്റുപലതും വേണം, ഒരുവിശ്വാസം, ആദര്‍ശം, എന്നൊക്കെ മാഷ് പറഞ്ഞതും മറന്നിട്ടില്ല.

ദൈവത്തോടൊപ്പമുള്ള നടപ്പിന്റെ ഒരു രൂപമാണ് പ്രാര്‍ത്ഥന. എന്നാല്‍ ആ നടപ്പാകട്ടെ ഏറ്റവും പ്രയാസമുള്ളതും. നമ്മുടെ ദീര്‍ഘപ്രാര്‍ത്ഥനകളൊക്കെ വിരസതയുളവാക്കുന്നുവെന്നൊരു പരാതി പുതിയ കാലത്തുയുരന്നുണ്ട്. ഒരു ന്യൂ ജനറേഷന്‍ ചോദ്യം ഇങ്ങനെയായിരുന്നു ലഭിച്ചത്. ‘നിങ്ങള്‍ ഇത് എത്ര ലൈക്കാണ് മാഷേ ദൈവത്തിന് കൊടുക്കുന്നത്?’ ഓരോ പ്രാര്‍ത്ഥനാനേരത്തും എത്ര വിശേഷണങ്ങളാണ് നല്കുക. പരിശുദ്ധനാണ്. ബലവാനാണ്. മരണമില്ലാത്തവനാണ്. അപ്രേമയനാണ്. അവര്‍ണ്ണനീയനാണ്. പ്രവൃത്തികള്‍ വിസ്മനീയമാണ്. അവാച്യവും അഗോചരവുമാണ്. എണ്ണിയാലൊടുങ്ങില്ല. (പകുതിയോളം വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ ദൈവത്തിനു മാത്രമേ അറിയൂ എന്നാണ് തോന്നുന്നത്.)

ഇതൊരുതരം സുഖിപ്പിച്ച് കാര്യം നേടുന്ന മാതിരിയുണ്ട്.ഏയ്, ദൈവവും കോഴ വാങ്ങുമോ? അത് മാത്രമല്ല സന്ദേഹം. ഏത് അപ്പനാണ് മക്കള്‍ പട്ടിണികിടക്കുന്നതിലും കഷ്ടപ്പെടുന്നതിലും പ്രീതിപ്പെടുക? ഉപവാസങ്ങളും കുമ്പിട്ട് നമസ്‌ക്കാരങ്ങളുമൊക്കെ ഒരുതരം ഫ്യൂഡലിസ്റ്റ് കാലത്തെ വേ ഓഫ് പ്ലീസിംഗ് ഓര്‍ പണീഷിങ്ങ് പോലെ തോന്നുന്നു! ഇത്തരം സുഖിപ്പിക്കലുകളുടെ ദീര്‍ഘപ്രാര്‍ത്ഥനകളോടും ബദ്ധപ്പാടുകളോടും യോജിക്കാനാവുന്നില്ല.

അവനോട് പറയാന്‍ കുറേ ഉത്തരങ്ങളുണ്ട് കൈവശം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സത്താപരമായ വ്യത്യാസം , ഇവയ്ക്കിടയിലുള്ള അപരിഹാര്യമായ വിടവ്, സ്രഷ്ടാവിന്റെ അഗ്രാഹ്യത  എന്നിങ്ങനെ ദൈവശാസ്ത്രപരമായ ചിലതുണ്ട്. ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന അഭിസംബോധനയിലൂടെ നമ്മുടെ പാപാവസ്ഥയുടെ തിരിച്ചറിവുകള്‍ സാധ്യമാകുന്നു എന്ന മല്പാനപ്പച്ചന്റെ ഉത്തരമുണ്ട്.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന നാമധേയങ്ങള്‍ പോലും മനുഷ്യന്റെ ദൈവാനുഭവത്തിന്റെ പദപ്രയോഗങ്ങള്‍ മാത്രമാണ്, മറിച്ച്, ദൈവസത്ത അതാണ് എന്ന തീര്‍ത്തുപറയല്‍ അല്ല എന്നുള്ള കപ്പദോക്യന്‍ പാഠമുണ്ട്. നമ്മുടെ നേതി നേതി ലൈന്‍ തന്നെ.പ്രശ്‌നമതല്ല. ഇത്ര കടുപ്പത്തിലങ്ങോട്ട് തുടര്‍ന്നാല്‍ അവന്‍ കേട്ടുനില്ക്കാന്‍ സാധ്യതയില്ല. പോരാത്തതിന് നിങ്ങളുടെ പള്ളി പ്രസംഗത്തിന്റെ ലാംഗ്വേജ് ഞങ്ങള്‍ക്ക് മനസ്സിലാവില്ലെന്ന പരാതിയും കുറേ നാള്‍ മുമ്പേ തുടങ്ങിയതാണ്.

എന്താണ് ആരാധനകളിലൂടെ സംഭവിക്കേണ്ടത്? സത്യത്തില്‍ ഓരോ പ്രാര്‍ത്ഥനകളും നമ്മെ കൂടുതല്‍ വിനീതരാക്കുകയാണ് ചെയ്യേണ്ടത്. നീ ആകാശത്തിലേയ്ക്ക് നോക്കുക. ഒരു കടല്‍ തീരത്തെത്തുക . താഴ്‌വാരത്ത് നിന്നു പര്‍വ്വതങ്ങളെ കാണുക. ഇവിടെയല്ലാം നിന്റെ ഉള്ളില്‍ വിസ്മയമുണരുന്നു. ഒപ്പം ഒരവബോധവും.എത്ര ചെറുതാണ് എന്നു തന്നെ. നിസ്സാരതയെയും പരിമിതികളെയും കുറിച്ച് ഒരോര്‍മ്മപ്പെടുത്തലും ഉണ്ടാവുന്നു. ആകാശങ്ങളും ആകാശങ്ങള്‍ക്ക് മീതെയുള്ള വെള്ളങ്ങളും ഭൂമിയും സമുദ്രവും ദ്വീപുകളും അവയില്‍ കുടിയിരിക്കുന്നവരെയും പര്‍വ്വതങ്ങളും സകല കുന്നുകളും ഫലവൃക്ഷങ്ങളും കാരകിലുകളും ഇങ്ങനെ സകലവും സൃഷ്ടിച്ചവന്റെ മുമ്പാകെ എത്തുമ്പോള്‍ എന്താണ് സംഭവിക്കേണ്ടത്. സത്യത്തില്‍ ഓരോ തവണയും പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോള്‍ നാം അഡ്രസ്സ് ചെയ്യുന്നത് infinity  തന്നെയാണ് സഖേ! നിശ്ചയമായും നമ്മുടെfinite nature നെക്കുറിച്ചുള്ള ഒരു ധാരണയാണ് അവിടെ രൂപപ്പെടേണ്ടത്. അഹന്തയുടെ മരണം തുടങ്ങുന്ന നിമിഷം.

പരമ നന്മയായും പൂര്‍ണ്ണവിശുദ്ധിയായും നിറസ്‌നേഹമായും അളവറ്റ കരുണയായുമെല്ലാം നിരവധി അപദാനങ്ങള്‍കൊണ്ട് ദൈവത്തെ പാടുന്നു. (നിന്റെ ഭാഷയില്‍ സുഖിപ്പിക്കല്‍.) വിശ്വാസിയെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമായ ക്രിസ്തുവില്‍ വെളിപ്പെട്ട അനുഭവങ്ങളാണ് പരമസത്യത്തിന്റെ വിശേഷണപദങ്ങളാവുക. ഇത്തരം പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിന്റെ അപൂര്‍ണ്ണതകളെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, പിന്നെയോ മനുഷ്യപൂര്‍ണ്ണിമയിലേയ്ക്കുള്ള ഒരു ഭാവുകത്വപരിണാമസാധ്യതയുടെ ഏറ്റുപറച്ചില്‍ കൂടെയാണത്.

അന്യായമായി വിധിക്കപ്പെട്ടിട്ടും self defence നു മുതിരാതിരിക്കുക. ഒപ്പം നടന്നവരുടെ ചതിവുകളെ ദീര്‍ഘക്ഷമകൊണ്ട് എതിരിടുക. അഹങ്കാരികളുടെ അവിവേകങ്ങളെ പ്രാര്‍ത്ഥനകൊണ്ട് പ്രതിരോധിക്കുക. തികച്ചും വിപരീതമായ സാഹചര്യങ്ങളില്‍ ഇത്ര ക്രിയേറ്റീവ് റെസ്‌പോണ്‍സ് കാട്ടിത്തന്ന തമ്പുരാനെയാണ് നാം ആരാധിക്കുക. എന്തിന്? ഇത് കേവലം പുകഴ്ത്തലല്ല; പിന്നെയോ അവന്റെ ഗുണങ്ങളെ പ്രാക്ടീസ് ചെയ്യാന്‍ വേണ്ടിത്തന്നെയാണ്! പ്രാര്‍ത്ഥനകള്‍ നമ്മിലുളവാകുന്ന ഗുണവര്‍ദ്ധനവിനെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. അപ്പോള്‍ ദൈര്‍ഘ്യം കൂടിയാലും വലിയ തെറ്റില്ലെന്ന് മനസ്സിലായില്ലേ! അവന്റ ദിവ്യഭാവങ്ങളെ വാഴ്ത്തിപ്പാടി നാം വീണ്ടും വീണ്ടും ലൈക്ക് ചെയ്യുന്നത് ശരിക്കും അവന്റെ likeness ലേയ്ക്ക് വളരുന്നതിനാണ് സഖേ! തിരുവെഴുത്തിന്റെ ഭാഷയില്‍ to be like chirst or ‘ to be with chirst എതൊക്കെ പറയാം. പിന്നെ മക്കളെ കഷ്ടപ്പെടുത്തുന്ന അപ്പനെക്കുറിച്ചുള്ള നിന്റെ മനോവിഷമം കേട്ടപ്പോള്‍ ശരിക്കും ദൈവപുത്രനായ മശിഹായുടെ കഷ്ടാനുഭവങ്ങളെ ധ്യാനിച്ച് മൗനമായിരിക്കുന്നതാണ് നന്നെന്നു കരുതി.

ഇനി പറയുന്നത് പുറത്താരും കേള്‍ക്കേണ്ട. നിനക്ക് മനസ്സിലാവാന്‍ നിന്റെ ലാംഗ്വേജില്‍ പറയുന്നു എന്നേയുള്ളൂ. ഉപമിക്കാനേ പറ്റില്ല. എന്നാലും ഗതികേട് കൊണ്ടാണ്. നിനക്കും ചില സ്‌നേഹിതര്‍ക്കും സച്ചിന്‍ തെന്‍ഡുല്‍ക്കറോട് (ഇതുപോലെ പലരോടും) വലിയ ആരാധനയാണല്ലോ. പല രീതിയിലാണ് ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍. ചിലര്‍ അതേ നമ്പര്‍ ജഴ്‌സി വാങ്ങിയണിയും. ചിലര്‍ ബാറ്റില്‍ MRF സ്റ്റിക്കര്‍ പതിപ്പിക്കും. വളരെക്കുറച്ച് പേര്‍ മാത്രം സച്ചിനെപ്പോലെ പ്രാക്ടീസ് ചെയ്യും. ‘കരീയറോ, ടൂര്‍ണമെന്റോ, ഒരു മാച്ചോ അല്ല പിന്നെയോ നേരിടുന്ന ഓരോ പന്തിനെയുമാണ് പ്രധാന ലക്ഷ്യമായി താന്‍ വച്ചത്’ എന്നാണ് ആത്മകഥയില്‍  സച്ചിന്‍ പറയുക.

ശരിക്കും ആയുസ്സിന്റെ ‘ഓരോ നിമിഷങ്ങളെയും’ ഗൗരവത്തിലെടുക്കുവാന്‍ നാമെന്നാണ് പഠിച്ചു തുടങ്ങുക. മിക്കവാറുമൊക്കെ നമ്മുടേത് വെറും വേഷം കെട്ടലാവുന്നു. ചിലനേരം വെറും ഷോ ഓഫുകളും. എത്ര കുറച്ചുപേരാണ് നല്ല പ്രാക്ടീസിനുവേണ്ടി സമര്‍പ്പിക്കുക.

ക്രിസ്തുവിനെ അനുകരിക്കുക, അനുനിമിഷം ജീവിതത്തില്‍ സംഭവിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. ആരാധനകള്‍ അതിലേയ്ക്കുള്ള വാതായനങ്ങളാണ്. തന്‍ സാമ്യം നാം പൂണ്ടിടുവാന്‍ നമ്മുടെ സാമ്യമവന്‍ പൂണ്ടു എന്ന് പാടുന്നത് മരിച്ചാലും മറക്കരുത് സഖേ!

എങ്കിലേ ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും അവനെ പ്രസാദിപ്പിക്കുന്നതില്‍ നമുക്കും അഭിമാനമുണ്ടാകൂ!

 

സഖേര്‍

You must be logged in to post a comment Login