സ്റ്റെഫാനോ ഗോബിയുടെ ജീവിതം

സ്റ്റെഫാനോ ഗോബിയുടെ  ജീവിതം

മറിയത്തിന്റെ പ്രത്യക്ഷീകരണം എന്ന് അദ്ദേഹം ഒരിക്കലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. മറിച്ച് മറിയത്തിന്റെ ശബ്ദമെന്നും മറിയം ഉള്ളില്‍ നിന്ന് സംസാരിച്ചതുപോലെയെന്നും മാത്രമേ അദ്ദേഹം അതിനെ വിശേഷിപ്പിച്ചിട്ടുള്ളൂ. മറിയത്തിന്റെ ആ ശബ്ദത്തിന് അദ്ദേഹം നല്കിയ മറുപടിയാണ് ഇന്നത്തെ മരിയന്‍ മൂവ്‌മെന്റ്‌സ് ഓഫ് പ്രീസ്റ്റ്‌സ് എന്ന പ്രസ്ഥാനം. ഫാ. സ്റ്റെഫാനോ ഗോബിയാണ് ഇതിന്റെ സ്ഥാപകന്‍.

ഫാത്തിമായിലേക്ക് നടത്തിയ ഒരു തീര്‍ത്ഥാടനമായിരുന്നു ആ പ്രസ്ഥാനത്തിന്റെ തുടക്കമായത്. വര്‍ഷം 1972 മെയ് 8. മിലാനില്‍ നിന്നുള്ള വൈദികനായ ഫാ. സ്റ്റെഫാനോ ഗോബി ഫാത്തിമായിലെ മാതാവിന്റെ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്നു. സഭയോട് കലഹിച്ച് സഭ വിട്ടുപോകാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ചില വൈദികരുടെ മാനസാന്തരത്തിന് വേണ്ടിയായിരുന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നത്. ആ സമയത്താണ് മറിയത്തിന്റെ ശബ്ദം അദ്ദേഹത്തിന്റെ കാതുകളില്‍ ആദ്യമായെത്തിയത്. സഭ വിട്ടുപോകാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന വൈദികരെ എന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് മാര്‍പാപ്പയോടും സഭയോടും അവരെ വീണ്ടും കൂട്ടിയോജിപ്പിക്കുക…”

ആന്തരികശബ്ദമായി കേട്ടുവെങ്കിലും അതിനുള്ള ഉറപ്പ് കിട്ടുന്നതിന് വേണ്ടി ഫാ.ഗോബി വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നസ്രത്തിലെ മംഗളവാര്‍ത്ത പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അതേ വര്‍ഷം അതേ മാസം തന്നെ താന്‍ ആദ്യം കേട്ടതിന് ഉറപ്പുകിട്ടത്തക്കവിധത്തില്‍ മറ്റൊരു ശബ്ദം അദ്ദേഹം കേള്‍ക്കുകയുണ്ടായി.

1972 ഒക്‌ടോബറില്‍ ആത്മീയപിതാവിന്റെ അനുവാദത്തോടെ അദ്ദേഹവും രണ്ട് വൈദികരും കൂടി ഇറ്റലിയിലെ ജെറാ ലാറിയോയിലുള്ള പളളിയില്‍ ഒന്നിച്ചുകൂടുകയും പുരോഹിതര്‍ക്കായുള്ള ഒരു മുന്നേറ്റത്തിന് രൂപം കൊടുക്കുന്നതിന്റെ വാര്‍ത്ത ചില ക്രൈസ്തവആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1973 ല്‍ മരിയന്‍ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സിന്റെ ആദ്യ ദേശീയ സമ്മേളനം റോമിന് സമീപമുള്ള സാന്‍ വിറ്റോറിനോയില്‍ നടന്നു.

1930 മാര്‍ച്ച് 22 ഇറ്റലിയിലാണ് ഫാ. ഗോബി ജനിച്ചത്. 1964 ല്‍ പുരോഹിതനായി. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സേക്രട്ട് തിയോളജിയില്‍ ഡോക്ടറേറ്റും നേടി. മരിയന്‍ മൂവ്‌മെന്റാസാണ് അദ്ദേഹത്തെ വിഖ്യാതനാക്കിയത്. മിലാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന് ലോകമെങ്ങും ശാഖകളുണ്ട്.

പ്രധാനമായും മൂന്ന് ആത്മീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മറിയത്തിന്റെ വിമലഹൃദയത്തിനുള്ള വ്യക്തിപരമായ സമര്‍പ്പണം, പരിശുദ്ധ പിതാവിനോട് ഐക്യവും ഭക്തിയും പുലര്‍ത്തുക, മറിയത്തില്‍ ശരണംവച്ച് വിശ്വാസപരമായ ജീവിതം നയിക്കുക എന്നിവയാണവ. മറിയത്തിന്റെ വിമലഹൃദയത്തിലൂടെ മാര്‍പാപ്പയുമായി ഐക്യത്തിലാവാനും കത്തോലിക്കാസഭയെ ബലപ്പെടുത്താനും വൈദികരെയും അല്മായരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

സംഘടനയെ ശക്തിപ്പെടുത്താനായി ആറു ഭൂഖണ്ഡങ്ങളിലും ഫാ.ഗോബി സഞ്ചരിച്ചിട്ടുണ്ട്. ലോകമെങ്ങുമായി നാനൂറ് കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും ഒരു ലക്ഷത്തിലധികം വൈദികരും ലക്ഷക്കണക്കിന് അല്മായരും ഈ സംഘടനയില്‍ അംഗങ്ങളായുണ്ട് എന്നതാണ് ഏകദേശകണക്ക്. അമേരിക്കയില്‍ 1975 ല്‍ ഈ മൂവ്‌മെന്റ് ആരംഭിച്ചു. 1993 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്ന് പേപ്പല്‍ ആശീര്‍വാദവും ലഭിച്ചു.

ഫ്രാന്‍സീസ് അസ്സീസിക്ക് സഭയെ പുതുക്കിപ്പണിയാന്‍ ദൈവത്തില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതുപോലെയൊരു ദൗത്യമാണ് ആധുനികകാലത്ത് ഫാ. സ്റ്റെഫാനോ ഗോബിക്ക് ദൈവജനനിയില്‍ നിന്ന് ലഭിച്ചത്. പലകാരണങ്ങളാല്‍ സഭയില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന വൈദികരെ സഭയിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള പ്രയാസകരമായ ദൗത്യമാണ് ഫാ.സ്റ്റെബാനോ ഗോബി ഏറ്റെടുത്തത്.

മരിയന്‍ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സ് പരിപൂര്‍ണ്ണമായും മാതാവിന്റേതാണ്. മാതാവിന് വേണ്ടിയുള്ള ജോലിയാണ് അത്. മൂവ്‌മെന്റിലെ അംഗങ്ങളുടെ നേതൃത്വം അമ്മയ്ക്കാണ്. മാത്രവുമല്ല സഭയ്ക്കുള്ള മാതാവിന്റെ സമ്മാനവുമാണ് ഈ പ്രസ്ഥാനം.
പരിശുദ്ധ മറിയത്തില്‍ നിന്ന് കിട്ടിയസന്ദേശങ്ങള്‍ അദ്ദേഹം 1973 ജൂലൈ മുതല്ക്കാണ് രേഖപ്പെടുത്തിത്തുടങ്ങിയത്.

1973 ജൂലൈ 7 മുതല്‍ 1997 ഡിസംബര്‍ 31 വരെ 604 സന്ദേശങ്ങളാണ് അദ്ദേഹത്തിന് കിട്ടിയത്. ഈ സന്ദേശങ്ങള്‍ എല്ലാം റ്റു ദ പ്രീസ്റ്റ്‌സ്, ഔര്‍ ലേഡിസ് ബിലവഡ് സണ്‍സ് എന്ന കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും മരിയന്‍ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സിന്റെ കൈപ്പുസ്തകമാണ് ഇത്.

2011 ജൂണ്‍ 29 ന് ഇറ്റലിയില്‍ വച്ചായിരുന്നു ഫാ. ഗോബിയുടെ അന്ത്യം. അതിന് പത്തുദിവസങ്ങള്‍ക്ക് മുമ്പ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വളരെ ലളിതമായ ശവസംസ്‌കാരശുശ്രൂഷകളായിരിക്കണം തന്റേതെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

ശവസംസ്‌കാരകുര്‍ബാനയ്ക്ക് ശേഷം എല്ലാവരും മറിയത്തിന്റെ സ്‌തോത്രഗീതം ആലപിക്കണമെന്നും അദ്ദേഹം എഴുതിവച്ചിരുന്നു.

You must be logged in to post a comment Login