സ്വര്‍ഗ്ഗീയ പ്രവേശനത്തിന്റെ എഴുപതാം വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

സ്വര്‍ഗ്ഗീയ പ്രവേശനത്തിന്റെ എഴുപതാം വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

ഭരണങ്ങാനം: ജൂലൈ 19 മുതല്‍ 28 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗീയ പ്രവേശത്തിന് 70 വര്‍ഷം തികയുന്ന വര്‍ഷത്തിലാണ് ഇത്തവണത്തെ പെരുനാള്‍.. ജൂലൈ 28നാണ് പ്രധാനതിരുനാള്‍.

ജൂലൈ 19ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്നു സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും അഭിവന്ദ്യ പിതാക്കന്മാരുടെ വിശുദ്ധ കുര്‍ബാനയും സന്ദേശവുമുണ്ട്.

സീറോ മലബാര്‍ സഭാ മേജര്‍ അര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉള്‍പ്പെടെ 14 സഭാധ്യക്ഷന്മാരും 111 വൈദികരുമാണ് വിശുദ്ധ കുര്‍ബാനയ്ക്കും വിവിധ തിരുക്കര്‍മങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുന്നത്.

എല്ലാ ദിവസങ്ങളിലും ആറിനു വിശുദ്ധ കുര്‍ബാനയും റംശാ പ്രാര്‍ഥനയും ജപമാല-മെഴുകുതിരിപ്രദക്ഷിണവും ഉണ്ടായിരിക്കും. വെടിക്കെട്ട്, വാദ്യമേളങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഒഴിവാക്കിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരണം.

You must be logged in to post a comment Login