സ്വവര്‍ഗ്ഗരതിക്കാര്‍ മൃഗങ്ങളെക്കാള്‍ തരംതാഴ്ന്നവര്‍: പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ബോക്‌സര്‍

സ്വവര്‍ഗ്ഗരതിക്കാര്‍ മൃഗങ്ങളെക്കാള്‍ തരംതാഴ്ന്നവര്‍: പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ബോക്‌സര്‍

മനില: സ്വവര്‍ഗ്ഗരതിക്കാരെ മൃഗങ്ങളെക്കാള്‍ തരം താഴ്ന്നവര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായ സാഹചര്യത്തില്‍ ബോക്‌സിംങ് ചാമ്പ്യന്‍ മാന്നി പക്വിയോ വിശേഷണം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മാന്നി ഈ പ്രയോഗം നടത്തിയത്.

മൃഗങ്ങള്‍ വളരെ ഭേദപ്പെട്ടവയാണ്. അവയ്ക്ക് ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ പുരുഷന്‍ പുരുഷനോടും സ്ത്രീ സ്ത്രീയോടും ലൈംഗികബന്ധം പുലര്‍ത്തുമ്പോള്‍ അവര്‍ മൃഗങ്ങളെക്കാള്‍ മോശക്കാരാവുകയാണ്”  എന്ന വീഡിയോ ഇന്റര്‍വ്യൂ ആണ് വിവാദത്തിന് തിരികൊളുത്തിയത്. സോഷ്യല്‍ മീഡിയ ആണ് വിഷയം വ്യാപകമാക്കിയത്.

മൃഗങ്ങളോട് സ്വവര്‍ഗ്ഗരതിക്കാരെ താരതമ്യപ്പെടുത്തിയതില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ നിങ്ങളെ വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു..ഞാന്‍ നിങ്ങളെ(ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ബൈസെക്ഷ്വല്‍) ആരെയും വിധിക്കുന്നില്ല. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നിങ്ങനെ പോകുന്നു ഇന്‍സ്റ്റാഗ്രാം വഴി മാന്നി നടത്തിയ ഖേദപ്രകടനം.

എന്നാല്‍ ഇപ്പോഴും താന്‍ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് എതിരാണെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്ക്കുന്നുവെന്നും ബൈബിള്‍ അതിനെ ന്യായീകരിക്കാത്തതുകൊണ്ട് താനും ശക്തമായി എതിര്‍ക്കുന്നുവെന്നും മാന്നി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ ലോക ബോക്‌സിംങ് ചാമ്പ്യനായ മാന്നി ഫിലിപ്പൈന്‍സിലെ ബോണ്‍എഗെയ്ന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിലെ അംഗമാണ്.

You must be logged in to post a comment Login