സ്‌നാപകന്റെ രൂപത്തില്‍ നിന്ന്എണ്ണ ഒഴുകുന്നു…

സ്‌നാപകന്റെ രൂപത്തില്‍ നിന്ന്എണ്ണ ഒഴുകുന്നു…

ചിക്കാഗോ: ചിക്കാഗോയിലെ ഹോമര്‍ ഗ്ലെന്‍ ഇലിനിയോസ് പ്രദേശത്തെ അസംഷന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്‌നാപക യോഹന്നാന്റെ രൂപത്തില്‍ നിന്നും എണ്ണ പ്രവഹിക്കുന്നു. രൂപത്തില്‍ നിന്നും വരുന്ന എണ്ണയ്ക്ക് അത്ഭുതകരമായി സൗഖ്യം നല്‍കുന്നതിനുള്ള കഴിവുണ്ടെന്ന്  വിശ്വാസികള്‍ അവകാശപ്പെടുന്നു.

2015 ജൂലൈയില്‍ രണ്ട് ഇടവകാംഗങ്ങളും ഒരു അള്‍ത്താര ബാലനുമാണ് ആദ്യമായി സ്‌നാപകയോഹന്നാന്റെ രൂപത്തില്‍ നിന്നും എണ്ണ പുറപ്പെടുന്നതിന് ദൃക്‌സാക്ഷികളായത്. 200 കുടുംബങ്ങളുള്ള ചെറിയ ഇടവക സംഭവം രഹസ്യമാക്കി വയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു തദ്ദേശവാര്‍ത്താ ചാനല്‍ സംഭവം വാര്‍ത്തിയാക്കിയതോടെ സന്ദര്‍ശകര്‍ ഇടവകയിലേക്ക് ഒഴുകുവാന്‍ തുടങ്ങി.

രൂപത്തില്‍ നിന്ന് പുറപ്പെടുന്ന എണ്ണയുടെ പ്രവാഹം അതിശക്തിയുള്ളതല്ല, മറിച്ച് സ്ഥിരതയോടെ ഒരേരീതിയിലാണ്. ചിക്കാഗോയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെട്രോപോളിസ് വക്താവായ ജോണ്‍ അക്കര്‍മാന്‍ പറഞ്ഞു. സാധാരണയായി പ്രതിമകളുടെ കണ്ണില്‍ നിന്നുമാണ് എണ്ണ പുറപ്പെടാറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്‌നാപകയോഹന്നാന്റെ രൂപത്തിന്‍റെ ചിറകുകളില്‍ നിന്നും തലയ്ക്കും ചുറ്റും വച്ചിരിക്കുന്ന പ്രകാശവളയത്തില്‍ നിന്നും കൈകാലുകളില്‍ നിന്നുമാണ് എണ്ണ പുറപ്പെടുന്നതെന്ന് അക്കര്‍മാന്‍ പറഞ്ഞു.

പഞ്ഞി കഷണങ്ങളില്‍ ശേഖരിക്കുന്ന എണ്ണ തീര്‍ത്ഥാടകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തിലുളള 5,000 പഞ്ഞി കഷണങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയതായി ദേവാലയവൃത്തങ്ങള്‍ പറഞ്ഞു.

പ്രതിമയില്‍ നിന്നുവരുന്ന എണ്ണയ്ക്ക് നല്ല സുഗന്ധമുള്ളതായി ദേവാലയ പാസ്റ്ററായ ഫാദര്‍ സാം ഡിമിട്രൗ പറഞ്ഞു. അതുമാത്രമല്ല എണ്ണയ്ക്ക് സൗഖ്യം പകരാനുള്ള കഴിവുള്ളതായും ഏതാനും പേര്‍ സാക്ഷ്യപ്പെടുത്തി. ജോണ്‍ അക്കര്‍മാനും അതിലൊരു വ്യക്തിയാണ്. ഞരമ്പിനേറ്റ ക്ഷതത്തിന് മരുന്നു കഴിച്ചിരുന്ന ഇദ്ദേഹത്തിന് എണ്ണ പുരട്ടിയതില്‍ പിന്നെ കഴിക്കേണ്ടി വന്നിട്ടില്ലെന്ന് ഇദ്ദേഹം തന്നെ അഭിപ്രായപ്പെടുന്നു.

 

നീതു മെറിന്‍

You must be logged in to post a comment Login