‘സ്‌നേഹത്തിന്റെ സന്തോഷം’ പുറത്തിറക്കി

വത്തിക്കാന്‍ മെത്രാന്‍ സിനഡിനെ ആസ്പദമാക്കി, കുടുംബത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം ‘അമോറിസ് ലത്തീഷ്യ’ (സ്‌നേഹത്തിന്റെ ആനന്ദം)ഇന്നലെ ഒദ്യോഗികമായി പുറത്തിറക്കി. മെത്രാന്‍ സിനഡിന്റെ ജനറല്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ ലോറന്‍സോ ബാല്‍ദിസേരിയും വിയന്ന ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് സ്‌കോണ്‍ബോണും ചേര്‍ന്നാണ് പുസ്തകം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്.

മെത്രാന്‍ സിനഡില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് 250 പേജുള്ള പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുടുംബങ്ങളാണ് സമൂഹത്തിന്റെ ആണിക്കല്ലെന്നും  പരസ്പരം ബഹുമാനിക്കാനും സ്‌നേഹിക്കാനും മറ്റുള്ളരോട് ഇടപഴകാനും കുട്ടികള്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണെന്നും പുസ്തകത്തില്‍ പറയുന്നു. കുടുംബജീവിതം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ഗാര്‍ഹിക പീഡനങ്ങള്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.

വിവാഹമോചിതരായ മാതാപിതാക്കളുടെ മകനാണ് പുസ്തകം അവതരിപ്പിച്ച കര്‍ദ്ദിനാള്‍ സ്‌കോണ്‍ബോണ്‍ എന്നതും ശ്രദ്ധേയമാണ്. വിവാഹിതരായ ദമ്പതികളുടെ സഹായത്തോടെ വേണം ബിഷപ്പുമാര്‍ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതെന്നും തിരക്കിട്ട് വായിച്ചു പോകേണ്ട പുസ്തകമല്ലിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login