സ്‌നേഹത്തിന്റെ ഗ്രാമത്തിന് 25 വയസ്സ്…

ആലുവ: എസ്ഒഎസ് വില്ലേജ് = സ്‌നേഹം എന്നെഴുതും ആലുവ എടത്തലയിലുള്ള എസ്ഒഎസ് ഗ്രാമത്തിലെ കുട്ടികള്‍. സ്‌നേഹവും കരുതലും പകര്‍ന്നുകൊണ്ട് 25 സുവര്‍ണ്ണവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആലുവയിലെ ഈ എസ്ഒഎസ് വില്ലേജ്. ആരോരുമില്ലാതെ അനാഥരായാണ് ഇവരില്‍ പലരുമെത്തിയത്. പക്ഷേ ഇപ്പോളവര്‍ അമ്മയുടെ ചൂടനുഭവിക്കുന്നു, വാത്സല്യം നുകരുന്നു, സഹോദരങ്ങളോട് കുറുമ്പു കാണിക്കുന്നു. ആരും ഇവിടെ ഒറ്റക്കല്ല.

15 വീടുകളിലായി 160 ഓളം കുട്ടികളാണ് ആലുവയിലെ എസ്ഒഎസ് ഗ്രാമത്തില്‍ ഇപ്പോഴുള്ളത്. ഓരോ വീടിന്റെയും നാഥയായി, സംരക്ഷകയായി ഒരമ്മ. പല പ്രായങ്ങളിലുള്ള കുട്ടികള്‍..ഇവരുടെയൊക്കെ പഠനച്ചെലവുകള്‍ വഹിക്കുന്നതും 25 വയസ്സു വരെയുള്ള സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നതും എസ്ഒഎസ് ആണ്.

എസ്ഒഎസിലെ കുട്ടികളെല്ലാവരും ഒന്നിച്ചു ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കുന്നതും വീടു വൃത്തിയാക്കുന്നതുമൊക്കെ. പഠനത്തിലും ഇവര്‍ മുന്‍പന്തിയിലാണ്. ഇവിടുത്തെ ഓരോ അമ്മമാരും ഇവരെ സ്വന്തം മക്കളെപ്പോലെ ചേര്‍ത്തുനിര്‍ത്തും. ഇവരോരോരുത്തര്‍ക്കും പറയാനുണ്ട്, വര്‍ഷങ്ങള്‍ നീണ്ട ഹൃദയബന്ധത്തിന്റെ കഥ.

താത്പര്യമുള്ളവര്‍ക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവസരവും എസ്ഒഎസ് ഗ്രാമം ഒരുക്കുന്നുണ്ട്. മാസം തോറും 800 രൂപ സംഭാവന ചെയ്ത് ഈ കാരുണ്യ പ്രവര്‍ത്തിയില്‍ ആര്‍ക്കും പങ്കാളികളാകാവുന്നതാണ്.
Ph:  0484 2838409

You must be logged in to post a comment Login