സ്‌നേഹത്തിന്റെ സഹനങ്ങള്‍

സ്‌നേഹത്തിന്റെ സഹനങ്ങള്‍

Saint-Alphonsaസഹനം ഒരു ഒറ്റപ്പെട്ട വാക്കല്ല.. അത് നാനാര്‍ത്ഥങ്ങളുള്ള വാക്കുകളുടെ സംഘാതമാണ്. ഒരാളെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയ്ക്കാക്കാവുന്ന ഏതൊക്കെയോ ചില ഘടകങ്ങള്‍ അതിലുണ്ട്. രോഗമായും വേദനയായും തിരസ്‌ക്കരണമായും അവമതിയായും അവഹേളനമായും തെറ്റിദ്ധാരണയായും ദാരിദ്ര്യമായും വിരഹമായും സഹനം ഒരാളുടെ ജീവിതത്തിലെ സ്ഥിരതാമസക്കാരനായി മാറുമ്പോള്‍ അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ച മാതിരി പരിഭ്രാന്തരാകുന്നു നമ്മള്‍.

ഇത് എന്ന് എന്നെ കടന്നുപോകും എന്നും ഇതെങ്ങനെ മറികടക്കും എന്നും നാം ആത്മാവില്‍ വ്യാകുലരാകുന്നു. നിങ്ങള്‍ക്ക് ആരെല്ലാം ഉണ്ടെന്നിരിക്കെ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ക്ക് മുമ്പില്‍ അവരെല്ലാം ഒരു പരിധിവരെ നിസ്സഹായരാണ്.. കാഴ്ചക്കാരാണ്. അല്ലെങ്കില്‍ നിങ്ങള്‍ ആത്മാവില്‍ അനുഭവിക്കുന്ന ശൂന്യതയുടെ ഭാരങ്ങളെയും കണ്ണീരിന്റെ ഉപ്പുരസങ്ങളെയും നിങ്ങളെപ്പോലെ മറ്റാര്‍ക്കാണ് ഏറ്റുവാങ്ങാന്‍ കഴിയുക?

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്. ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി. ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ് .സഹനങ്ങള്‍ക്ക് മുമ്പില്‍ സമചിത്തത കൈവിടാതെ നില്ക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ അവരുടെയെല്ലാം ശിരസിന് പിന്നില്‍ ഒരു പ്രകാശവൃത്തമുണ്ട്. വിശുദ്ധരുടെ ശിരസുകള്‍ക്ക് പിന്നിലെ ആ വൃത്തം അവരുടെ ജീവിതത്തിലെ വിശുദ്ധിയുടെ മാത്രമല്ല അവര്‍ കടന്നുവന്ന സഹനങ്ങളുടെ തീപ്പൊള്ളലുകളുടെ മിന്നലുകള്‍ കൂടിയാണ്. സഹനത്തെയും തിളങ്ങുന്ന മുത്തായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നു. 

മുട്ടത്തുപാടത്തെ അന്നക്കുട്ടിയെ ലോകമറിയുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയാക്കി മാറ്റിയത് സഹനങ്ങളോടുള്ള അവളുടെ ഇത്തരം ചില സമീപനങ്ങളാണ്. ഏതൊന്നിനെയും കാര്യഗൗരവത്തോടെ സമീപിക്കേണ്ടിവന്നപ്പോഴും അതിനെയെല്ലാം അവള്‍ തൊഴുകൈകളോടെ സ്വീകരിച്ചു. ദുരിതങ്ങളെനിക്ക് ഉപകാരമായി കാരണം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കാന്‍ എനിക്ക് അവസരം കിട്ടിയല്ലോ എന്ന് അവളും എത്രയോ തവണ പറഞ്ഞിരിക്കണം!
കമ്മ്യൂണിറ്റി ലൈഫ് എന്നാല്‍ തന്നെ ഒരു സമൂഹത്തിന്റെ പിന്താങ്ങലും കരുതലും അതില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് അര്‍ത്ഥം. എന്നിട്ടും നമ്മുടെ അല്‍ഫോന്‍സാമ്മയ്ക്ക് അതെത്ര കുറച്ചായിരുന്നു കിട്ടിയതെന്നോര്‍ക്കുക! അര്‍ഹിക്കുന്നിടത്ത് നിന്ന് അര്‍ഹിക്കുന്നത് കിട്ടാതെ വരുന്നതുപോലും സഹനമാണ്. അതൊരു നല്ല വാക്കാകാം..സ്‌നേഹപൂര്‍വ്വമായ തലോടലാകാം.. ന്യായമായ വേതനമാകാം.

എന്നാല്‍ അവ ക്രിസ്തീയ സഹനവും പുണ്യവുമായിത്തീരുന്നത് അത് മനുഷ്യനല്ല ദൈവമാണ് തരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ്. സ്‌നേഹമുണ്ടെങ്കിലേ ഇത്തരം ചില അനുഭവങ്ങളെയും ഉള്ളുനിറഞ്ഞ് സ്വീകരിക്കാന്‍ നമുക്കാവൂ.

രോഗദുരിതങ്ങളുടെ രാപ്പകലുകളില്‍ ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോള്‍ നീയെന്തു ചെയ്യുകയാണ് എന്ന് മെത്രാനച്ചന്‍ ചോദിച്ചപ്പോള്‍ സിസ്റ്റര്‍ അല്‍ഫോന്‍സയുടെ മറുപടി എന്തായിരുന്നുവെന്ന് നമുക്കറിയാം. ഞാന്‍ സ്‌നേഹിക്കുകയാണ്..

ആരെ.. ആരെയാണ് അല്‍ഫോന്‍സ സിസ്റ്റര്‍ സ്‌നേഹിച്ചത്? രോഗങ്ങളെ, വേദനകളെ, തിരസ്‌ക്കരണങ്ങളെ, അവമതികളെ, ഒറ്റപ്പെടലുകളെ.. സഹനത്തിലെല്ലാം സ്‌നേഹമുണ്ട്. സ്‌നേഹമില്ലെങ്കില്‍ സഹനം സഹനമാകില്ല. അതുകൊണ്ടാണ് സഹനം = സ്‌നേഹം എന്ന് അര്‍ത്ഥം നല്‌കേണ്ടിവരുന്നത്.

ഒരമ്മ എന്തുകൊണ്ടാണ് രോഗക്കിടക്കയിലായ കുഞ്ഞിന് വേണ്ടി രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുന്നത്.. എന്തിനാണ് ജോലികഴിഞ്ഞ് ക്ഷീണിച്ചവശനായിട്ടും ഒരു അച്ഛന്‍ മകന്‍ പറഞ്ഞുവിട്ട പലഹാരത്തിന് വേണ്ടി പല കടകള്‍ കയറിയിറങ്ങുന്നത്? നമുക്കെല്ലാം ചെയ്യാം..എങ്ങനെയും ചെയ്യാം.. എന്നാല്‍ അതിലെല്ലാം ത്യാഗത്തിനും സഹനത്തിനും ഒപ്പം സ്‌നേഹം കൂടി ചേര്‍ത്താലോ? പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത കറിക്കൂട്ടുപോലെ രുചികരമാകുന്നു നിഷേധാത്മകമെന്ന് നാം മുന്‍കരുതുന്ന സഹനം പോലും.

സ്‌നേഹിക്കുവാന്‍ പലര്‍ക്കും കഴിയും. എന്നാല്‍ സഹിക്കുവാന്‍ ചിലര്‍ക്കേ കഴിയൂ. അതിലും കുറച്ചുപേര്‍ക്കേ സ്‌നേഹിച്ചുകൊണ്ട് സഹിക്കാന്‍ കഴിയൂ. അല്‍ഫോന്‍സാമ്മ ചെയ്തത് അതായിരുന്നു. സ്‌നേഹിച്ചുകൊണ്ട് സഹിച്ചു. വന്‍കാര്യങ്ങള്‍ ചെയ്യാതിരുന്നിട്ടും ദീര്‍ഘകാലം ജീവിക്കാതിരുന്നിട്ടും വന്‍കരകള്‍ തോറും സുവിശേഷവുമായി ചുറ്റിസഞ്ചരിക്കാതിരുന്നിട്ടും ജീവിച്ച ഹ്രസ്വമായ കാലയളവില്‍ അവള്‍ സഹനത്തെ സ്‌നേഹിച്ചു.. സ്‌നേഹത്തെ സഹനവുമാക്കി.
സഹനത്തെ സ്‌നേഹിക്കാന്‍ ആര്‍ക്കാണ് കഴിയുക? സ്വഭാവികമായ സംശയമാണത്. ഏതൊരു വിശുദ്ധ ജീവിതത്തെയും ഇത്തിരിയെങ്കിലും അപഗ്രഥനം ചെയ്തുനോക്കൂ. അവരിലെല്ലാം സ്വഭാവികരീതികള്‍ക്ക് അപ്പുറമായ ഏതോ ഒരു പ്രത്യേകത ഉണ്ടായിരുന്നുവെന്ന് കാണാം. എക്‌സന്‍ട്രിക് എന്നോ മറ്റോ പറയാവുന്ന ഒന്ന്.. അസ്സീസിയിലെ ഫ്രാന്‍സിസ് കണക്കെ പലരിലും അത്തരമൊരു നിഴല്‍ വീണിട്ടുണ്ട്. അല്‍ഫോന്‍സാമ്മയും അതില്‍ നിന്ന് ഭിന്നയായിരുന്നില്ല. കള്ളന്‍ മുറിയില്‍ കയറിയത് അവളുടെ സ്വതേയുളള ഈ നിഴലിനെ വീണ്ടും കനപ്പിക്കുകയും ചെയ്തു. തന്നെത്തന്നെ കാര്യമായി പരിഗണിക്കുകയോ ഗൗരവത്തിലെടുക്കുകയോ ചെയ്യാത്തവര്‍ക്കെല്ലാം ഇത്തിരിയൊക്കെ ഉന്മാദങ്ങളുണ്ട്.. ഇസ്തിരിയിട്ട വഴികളില്‍ നിന്ന് ഇത്തിരി മാറിനടക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ദൈവത്തെ പ്രത്യേകമായി കണക്കിലെടുക്കുന്നവര്‍ക്കും ഇത് സംഭവിക്കാം.
ക്രിസ്തീയആത്മീയതയില്‍ ഏറ്റവുമധികം ചര്‍വിതചര്‍വണം നടത്തിയിരിക്കുന്ന വിഷയങ്ങളില്‍ ഒന്ന് സഹനം തന്നെയായിരിക്കും. എന്നാല്‍ അതനുസരിച്ചുള്ള ഒരാത്മീയത നമുക്കിടയില്‍ രൂപപ്പെട്ടിട്ടുമില്ല എന്നതാണ് ഖേദകരം. എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മറ്റ് പലകാര്യങ്ങളുമെന്നപോലെ ജീവിതത്തില്‍ നടപ്പില്‍ വരുത്താന്‍ പ്രയാസമേറിയ കാര്യമായതുകൊണ്ടുതന്നെയാകാം സഹനത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരാത്മീയത രൂപപ്പെടാന്‍ ഇവിടെ കാരണമായിത്തീര്‍ന്നതും.

ചെറിയ സഹനങ്ങളെയെങ്കിലും കൃപയാലേ സ്വീകരിക്കാന്‍ കഴിയണമേയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. പരാതികൂടാതെ സഹനത്തെ സ്വീകരിക്കാന്‍ കഴിയുന്നതാണ് സുകൃതം. ആ സുകൃതം അഭ്യസിക്കാന്‍ നമുക്ക് വളരെ ദൂരത്തേയ്‌ക്കൊന്നും പോകണ്ട. ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയെ മാത്രം ധ്യാനിച്ചാല്‍ മതി.. എല്ലാവര്‍ക്കും അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മംഗളങ്ങള്‍..!

You must be logged in to post a comment Login