‘സ്‌പോട്ട്‌ലൈറ്റ്’ ക്രൈസ്തവവിരുദ്ധ ചിത്രമല്ല: വത്തിക്കാന്‍

‘സ്‌പോട്ട്‌ലൈറ്റ്’ ക്രൈസ്തവവിരുദ്ധ ചിത്രമല്ല: വത്തിക്കാന്‍

വത്തിക്കാന്‍: 88-ാമത് ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സ്‌പോട്ട്‌ലൈറ്റ് ക്രൈസ്തവ വിരുദ്ധ ചിത്രമല്ലെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ ഔദ്യോഗിക ദിനപ്പത്രമായ ഒസാര്‍ വത്താരെ റൊമാനോയിലാണ് ഇതു സംബന്ധിച്ച ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

കത്തോലിക്കാസഭയിലെ വൈദികര്‍ നടത്തുന്ന ലൈംഗികപീഡനങ്ങള്‍ പ്രമേയമാക്കിയ ചിത്രത്തിന് സഭയില്‍ നിന്നു തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ഇത്തരം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ വിശ്വാസികളിലുണ്ടാക്കുന്ന ആഴത്തിലുള്ള വേദനയും പരിഭ്രമവുമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് ഒന്നാമത്തെ ലേഖനത്തില്‍ പറയുന്നു. ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ലൂസെറ്റ സ്‌കഫാരിയ ആണ് ലേഖകന്‍.

‘എല്ലാ തെറ്റുകാരും പുരോഹിതന്റെ മേലങ്കി അണിഞ്ഞവരല്ല. ലൈംഗികാഭിനിവേശം എന്നത് ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നു വരുന്നതുമല്ല. എന്നാല്‍ സഭയില്‍ തന്നെ ചിലര്‍ ഈ തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ ഇത് സഭയുടെ പ്രതിച്ഛായയെ ബാധിക്കും എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്’ ലേഖനത്തില്‍ പറയുന്നു.

സഭയോടും സഭയുടെ പരമോന്നത തലവനോടുമുള്ള വിശ്വാസ്യത ഇല്ലാതായിട്ടില്ല എന്നതിനു തെളിവാണ് ഓസ്‌കര്‍ വേദിയില്‍ മാര്‍പാപ്പയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഉയര്‍ന്ന ശബ്ദം. ഇത് ഒരു ശുഭസൂചനയാണ്. സഭാംഗങ്ങളുടെ ഇത്തരം തെറ്റുകള്‍ക്കെതിരെ സ്വയമുയര്‍ത്താനും സഭയെ ശുദ്ധീകരിക്കാനും മാര്‍പാപ്പക്ക് കഴിയും എന്ന് എല്ലാവരും വിശ്വസിക്കുന്നു.

ഒസാര്‍ വത്താരെ റൊമാനോയിലെ സിനിമാനിരൂപകന്‍ തയ്യാറാക്കിയ നിരൂപണത്തിലും സ്‌പോര്‍ട്ട്‌ലൈറ്റ് ക്രൈസ്തവവിരുദ്ധമല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് പറയുന്ന ഇത്തരം കഥകളെ സാമാന്യവത്കരിക്കാന്‍ സാധിക്കില്ലെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

You must be logged in to post a comment Login