സൗഖ്യം നല്കുന്ന എണ്ണ പുറപ്പെടുവിച്ച ഒരു വിശുദ്ധയുടെ മൃതദേഹം

സൗഖ്യം നല്കുന്ന എണ്ണ പുറപ്പെടുവിച്ച  ഒരു വിശുദ്ധയുടെ മൃതദേഹം

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ വിജാതീയ ഗവര്‍ണ്ണരുടെ മകളായാണ് വി. കാതറിന്‍ ജനിച്ചത്. ധനിക കുടുംബത്തില്‍ ജനിച്ച വിശുദ്ധയ്ക്ക് ഉന്നത വിദ്യാഭ്യാസം അക്കാലത്ത് നേടാന്‍ കഴിഞ്ഞു.

സുഖലോലുപതയില്‍ ജീവിച്ച കാതറിന് മുമ്പില്‍ പരിശുദ്ധമാതാവും ഉണ്ണിയേശുവും ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു. ഈ സ്വര്‍ഗ്ഗീയദര്‍ശനം കാതറിനില്‍ മാറ്റത്തിന്റെ വിത്തുപാകി. അവള്‍ ക്രിസ്തുമതം സ്വീകരിച്ച് കന്യാത്വം എന്ന വ്രതം ജീവിത മുഖമുദ്രയാക്കുകയും ചെയ്തു.

അക്കാലത്താണ് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മുന്‍ഗാമിയായി മാക്‌സെന്റിയസ് റോമന്‍ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരെ ഇദ്ദേഹം കടുത്ത പീഡനങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ ഭരണാധികാരിയുടെ ക്രൂരതകളില്‍ നിന്നും ഭയന്നു പിന്മാര്‍ കാതറിന്‍ കൂട്ടാക്കിയില്ല. അവള്‍ തന്റെ സ്വാധീനമുപയോഗിച്ച് മാക്‌സെന്റിയസുമായി
ഔപചാരിക കൂടിക്കാഴ്ച നടത്തി. ക്രിസ്തുമത വിശ്വാസികള്‍ക്കു നേരെ മാക്‌സെന്റിയസ് നടത്തുന്ന ക്രൂരതകളെ അവള്‍ വിമര്‍ശിച്ചു. എന്നാല്‍ കാതറിന്റെ വാഗ്വാദങ്ങള്‍ തകര്‍ക്കാന്‍ തന്റെ ഭരണകൂടത്തിലെ ഏറ്റവും മികച്ച 50 വിജാതീയ തത്വജ്ഞരെ ഭരാണാധികാരി വിളിച്ചുകൊണ്ടു വന്നു.

ഗോലിയാത്തിനെ തകര്‍ക്കാന്‍ ദാവീദിനെ സഹായിച്ച ദൈവം കാതറിന്റെ ഒപ്പം നിന്നു. ചര്‍ച്ചയില്‍ അവള്‍ വിജയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത വിജാതീയരായ ചില തത്വജ്ഞാനികള്‍ പോലും അവളുടെ വാദങ്ങള്‍ കേട്ട് ക്രിസ്തു മതം സ്വീകരിച്ചു. അഹങ്കാരിയായ ഭരണാധികാരിയില്‍ കാതറിന്റെ വിജയം അരിശം ഉളവാക്കി. അയാള്‍ കാതറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

എന്നാല്‍ അവളുടെ വിശ്വാസ തീക്ഷണത നാടുമുഴുവന്‍ അറിഞ്ഞു. ഭരണാധികാരിയുടെ ഭാര്യയടക്കം 200പേര്‍ ജയിലില്‍ അവളെ സന്ദര്‍ശിക്കാനായെത്തി. അവളെ സന്ദര്‍ശിച്ചവരെല്ലാം ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. എന്നാല്‍ പുതുതായി ക്രിസ്തുമതം സ്വീകരിച്ച, അയാളുടെ ഭാര്യയടക്കം എല്ലാവരെയും കൊല്ലാന്‍ ഭരണാധികാരി ഉത്തരവിറക്കി.

ഭീഷണികൊണ്ടൊന്നും കാതറിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മാക്‌സെന്റിയസ് കാതറിനോട് തന്റെ പുതിയ ഭാര്യയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ യേശുക്രിസ്തുവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് അവള്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറി.

അപമാനിതനും കുപിതനുമായ മക്‌സെന്റിയസ് കാതറിനെ പീഡിപ്പിച്ചതിനു ശേഷം ബ്രേക്കിംങ്ങ് വീല്‍( വധശിക്ഷ നല്‍കുന്ന ഒരു തരം ഉപകരണം) ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ഉത്തരവിട്ടു. എന്നാല്‍ കാതറിന്‍ ബ്രേക്കിംങ്ങ് വീലില്‍ സ്പര്‍ശിച്ചതും അത് പൊട്ടിച്ചിതറി. ഉടന്‍ മാക്‌സെന്റിയസ് 18 കാരിയായ കാതറിനെ തലയറുത്ത് കൊലപ്പെടുത്താന്‍ ഉത്തരവിട്ടു.

കൊല്ലപ്പെട്ട കാതറിന്റെ മൃതദേഹം മാലാഖമാര്‍ വളരെ രഹസ്യമായി എടുത്ത് സീനായി മലയിലേക്ക് മാറ്റി. സൗഖ്യം പകരുന്ന എണ്ണ പുറപ്പെടുവിക്കുന്ന കാതറിന്റെ മൃതദേഹം 500 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പറ്റം സന്യാസികള്‍ കണ്ടെത്തി.

ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ നയിക്കാന്‍ വി. ജൊവാന് ദൈവീക ദര്‍ശനം ലഭിച്ചപ്പോള്‍ മിഖായേല്‍ മാലാഖയ്‌ക്കൊപ്പം കാതറിനും ഉണ്ടായിരുന്നതായി ആര്‍ക്കിലെ വി. ജൊവാന്‍
സാക്ഷ്യപ്പെടുത്തി.

നീതു മെറിന്‍

You must be logged in to post a comment Login