സൗഹൃദങ്ങള്‍ എങ്ങനെയാകണം…?

ജോബിന്റെ തകര്‍ച്ചകളെക്കുറിച്ചറിഞ്ഞ് ജോബിന്റെ മൂന്നു സ്‌നേഹിതര്‍ അവനെ കാണാനെത്തി. ജോബിന്റെ പീഡകള്‍ അവര്‍ കേട്ടതിലും എത്രയോ വലുതാണെന്ന് അവര്‍ക്ക് ബോധ്യമായി. ജോബിനോടെന്തെങ്കിലും പറയാന്‍ മാത്രം ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല അവര്‍. ഈ അവസ്ഥയില്‍ സഹതപിച്ചു കടന്നുപോകാനും അവര്‍ക്കായില്ല.

ചില സൗഹൃദങ്ങള്‍ അങ്ങിനെയാണ്. സുഹൃത്തിനെ നോക്കി സഹതപിച്ചു കടന്നുപോകും. ചിലര്‍ക്ക് അതിനുപോലും സമയം കിട്ടാറില്ല. ആശ്വാസം ലഭിക്കാത്തവന് സഹതാപം അല്ല ആവശ്യം. മറിച്ച്, ചേര്‍ന്നിരിക്കാന്‍ ഒരാള്‍. അതാണ് അവന്‍ ആഗ്രഹിക്കുക.

ഈ ചേര്‍ന്നിരിക്കല്‍ കര്‍ത്താവു പോലും ആഗ്രഹിച്ചു. ഗത്‌സമെനിയില്‍ തന്റെ പ്രിയശിഷ്യരായ യാക്കോബ്, യോഹന്നാന്‍, പത്രോസ് എന്നിവരില്‍ നിന്ന്…!

കൂട്ടുകാരന്‍ കൂട്ടിനിരിക്കുന്നവനാകണം…കൂടെ നടക്കുന്നവന്‍ ആകണം, പ്രത്യേകിച്ച് ആപത്തില്‍…

സ്‌നേഹത്തിന്റെ ആഴം അറിയാന്‍ ക്രിസ്തുവിലേക്ക് നോക്കണം. അവന്റെ കുരിശിലേക്ക് നോക്കണം. നമ്മുടെ ബലഹീനതയില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയുന്ന പ്രധാന പുരേഹിതനായ(ഹെബ്രായര്‍ 4: 15) ക്രിസ്തു പഠിപ്പിച്ചു: ‘സ്‌നേഹിതനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ല’ (യോഹ 15:13). ലോകത്ത് ഇന്നുവരെ മറ്റാര്‍ക്കും പറയാനും പ്രാവര്‍ത്തികമാക്കാനും കഴിയാത്ത സ്‌നേഹ വിപ്ലവത്തിന് അവന്‍ തിരി കൊളുത്തി. ഓരോ ക്രൈസ്തവന്റെ നെഞ്ചിലും ഒരു കൈത്തിരിയായി അതു പടരാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ജോബിന്റെ സ്‌നേഹിതര്‍ ഏഴു രാവും ഏഴു പകലും ജോബിനോടൊപ്പം ചേര്‍ന്നിരുന്നു. അങ്ങനെ ജോബിന്റെ മനസ്സിനെ ശക്തിപ്പെടുത്തി. ഏഴു ദിനരാത്രങ്ങള്‍ക്കു ശേഷമാണ് അവര്‍ ജോബിനോടു സംസാരിക്കുന്നതു തന്നെ.

എന്റെ സൗഹൃദങ്ങള്‍ ആപത്തില്‍ അകപ്പെട്ടവന്റെ അരികില്‍ എത്തുന്ന സ്‌നേഹം ആണോ..? കൂട്ടിരിക്കുന്ന സ്‌നേഹം ആണോ..?

തോമസ് ക്രിസോസ്റ്റം

You must be logged in to post a comment Login