ഹല്ലേലൂയ -വരൂ നമുക്ക് തിരികെ നടക്കാം നന്മകളിലേക്ക്.. ഓര്‍മ്മകളിലേക്ക്..

ഹല്ലേലൂയ -വരൂ നമുക്ക് തിരികെ നടക്കാം നന്മകളിലേക്ക്.. ഓര്‍മ്മകളിലേക്ക്..

ഹല്ലേലൂയ മഹത്തായ സിനിമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടല്ല ഇതെഴുതുന്നത് പക്ഷേ മഹത്തായ ചില ആശയങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമയാണ് ഹല്ലേലൂയ്യ. സിനിമയുടെ പരസ്യവാചകം പറയുന്നതുപോലെ ഇന്നലെകളിലേക്കുള്ള മടക്കമാണ് ഈ സിനിമ.

മുപ്പതിലും നാല്പതിലും എത്തിനില്ക്കുന്ന ഒരു തലമുറ കടന്നുവന്ന ജീവിതത്തിന്റെ ചില നേര്‍ച്ചിത്രങ്ങള്‍ ഇതിലുണ്ട്. നമ്മളില്‍ ആരൊക്കെയോ കടന്നുപോയതും നമുക്കറിയാവുന്ന ആരൊക്കെയോ കടന്നുപോയിട്ടുള്ളതുമായ ചില ജീവിതങ്ങളുടെ അതിസമീപദൃശ്യങ്ങളും അനുഭവങ്ങളും കൊണ്ടാണ് ഈ സിനിമയുമായി നാം താദാത്മ്യപ്പെടുന്നത്. അങ്ങനെ ഇത് നമ്മുടെതന്നെ ജീവിതവും നമ്മുടെ തന്നെ പ്രിയപ്പെട്ടവരുമായി മാറുന്നു. നാം നടന്നുവന്ന വഴിയോരങ്ങള്‍.. നാം പരിചയിച്ച ജീവിതചുറ്റുപാടുകള്‍.

മാതാപിതാക്കളും അധ്യാപകരും കുട്ടികളുംതീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്. ഫ് ളാറ്റുകളുടെ ലോകത്തില്‍ വട്ടം കറങ്ങുകയും കളികളെന്നാല്‍ കമ്പ്യൂട്ടറുകളിലെ ഗെയിമുകളാണെന്നും ചിന്തിച്ചുവച്ചിട്ടുള്ള നമ്മുടെ ഇന്നത്തെ കുട്ടികള്‍ക്ക് ഇങ്ങനെയും ചില ബാല്യങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഈ ചിത്രം ഉപകരിക്കും.

കപ്പയിലത്തണ്ടുകൊണ്ട് മാല ഉണ്ടാക്കുന്ന, വാഴത്തണ്ടുകൊണ്ട് ശബ്ദം കേള്‍പ്പിക്കുന്ന, മണ്ണിലും മഴയിലും ചെളിയിലും പുഴയിലും കളിക്കുന്ന കുട്ടികളുടെ ലോകം അവര്‍ക്ക് തീര്‍ച്ചയായും അത്ഭുതമായിരിക്കും.

കുട്ടികളെ മനസ്സിലാക്കാതെ പോകുന്ന മാതാപിതാക്കളും അധ്യാപകരും. എന്നും എവിടെയുമുള്ള പ്രശ്നം തന്നെയാണിത്. കുട്ടിയായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ നമ്മെ മനസ്സിലാക്കുന്നില്ല. മാതാപിതാക്കളായി കഴിയുമ്പോള്‍ കുട്ടികളെ നമ്മളും മനസ്സിലാക്കുന്നില്ല. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സരളമാകും. ഇത്തരമൊരു ചിന്തയിലേക്കാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ സ്‌നേഹത്തിലും സംരക്ഷണയിലും കഴിയുന്ന ഒരു ജീവിതമാണ്. പക്ഷേ എത്ര കുട്ടികള്‍ക്ക് അത് കിട്ടുന്നുണ്ട്? ഒപ്പുകടലാസുകളാണ് കുട്ടികള്‍. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ഒപ്പിയെടുത്തുകൊണ്ടേയിരിക്കുന്നു. നല്ലതായാലും ചീത്തയായാലും. എന്നിട്ടും അതറിയാതെ നാം കുട്ടികളെ അവരുടെ ചില കന്നത്തരങ്ങളുടെ പേരില്‍ ശിക്ഷിക്കുന്നു. നമ്മുടെ കുറ്റം എന്നല്ലാതെ എന്ത്!

വിദ്വേഷം കൊണ്ടും സ്വാര്‍ത്ഥത കൊണ്ടും അസൂയ കൊണ്ടും ഒരാള്‍ മറ്റൊരാള്‍ക്കെതിരെ ചെയ്യുന്ന എല്ലാ ദ്രോഹങ്ങളും ദൈവം പിന്നീട് അതിന് ഇരയായവര്‍ക്ക് നന്മയാക്കിക്കൊടുക്കും എന്ന സന്ദേശം കൂടി പറയുന്നുണ്ട് ഈ ചിത്രം. റോയ് യുടെ ജീവിതത്തിന്റെ ഉയര്‍ച്ചകള്‍ക്ക് അതിനാല്‍ അവന്‍ കടപ്പെട്ടിരിക്കുന്നത് തന്റെ ക്ലാസ് ടീച്ചറിനോടാണ്.

അതുകൊണ്ട് ഒരാള്‍ നിങ്ങള്‍ക്കെതിരെ ദ്രോഹം ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ അയാളെ സ്തുതിക്കേണ്ട ഒരു കാലം നിങ്ങള്‍ക്ക് വരുമെന്ന് പറയാന്‍ തോന്നുന്നു. ജീവിതത്തിലെ നമ്മുടെ ചില ഉയര്‍ച്ചകള്‍ക്ക് പിന്നിലുള്ളതും ആരുടെയൊക്കെയോ സ്വാര്‍ത്ഥതയും അസൂയയും വിദ്വേഷവുമല്ലേ? ജീവിതത്തിലെ ഏതനുഭവത്തെയും ക്രിയാത്മകമായി കാണാന്‍ കഴിയണം എന്നൊരു സന്ദേശവും ഈ ചിത്രം പറയുന്നുണ്ട്.

രണ്ടുഭാഗങ്ങളെന്ന് വേര്‍തിരിക്കാവുന്ന സിനിമയുടെ ഫ്ളാഷ് ബാക്ക് ജീവിതം വളരെ ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു. എന്നാല്‍ വര്‍ത്തമാനകാലമാകട്ടെ മനോരോഗവിദ്ഗദനും ശിശുരോഗവിദഗ്ദയുമൊക്കെയായി കൃത്രിമത്വം കലര്‍ന്നതുപോലെയും. ആദ്യഭാഗത്തെ ലാളിത്യവും നിഷ്‌ക്കളങ്കതയും കളഞ്ഞുകുളിച്ചതുപോലെയും തോന്നി. അതുവരെ പറഞ്ഞുപോന്നതിലെ സ്വഭാവികത നഷ്ടമായതുപോലെയും. ചിത്രത്തെക്കുറിച്ചുള്ള കലാപരമായ വിയോജിപ്പ് അവിടെ മാത്രമേയുള്ളൂ.

കുട്ടികളെ മാത്രം ആസ്പദമാക്കി അവരുടെ ജീവിതത്തിന്റെ താളലയങ്ങളിലൂടെ കടന്നുപോയിട്ടുള്ള ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍ പോലെയുള്ള സൗന്ദര്യസൃഷ്ടികളുടെ ഗണത്തിലേക്ക് ചേര്‍ക്കാവുന്ന വിധത്തിലുള്ളതായിരുന്നു ഫ്ളാഷ്ബാക്ക്  ചിത്രീകരണം. പക്ഷേ വര്‍ത്തമാനകാലം കടന്നുവന്നപ്പോള്‍ അതിന്‍റെ സൗന്ദര്യം കളഞ്ഞുകുളിച്ചു.

പഴയ സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണര്‍ വീണ്ടും സ്‌ക്രീനിലേക്ക് കടന്നുവന്നതിന്റെ സന്തോഷവും പറയാതിരിക്കാനനാവില്ല. അവരൊക്കെ പലപ്പോഴും സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണല്ലോ?

സ്വാര്‍ത്ഥനായ പഞ്ചായത്ത് പ്രസിഡന്റ്, ചായക്കടക്കാരന്‍, നല്ലവനായ കത്തോലിക്കാ വൈദികന്‍, മദ്യപനായ ഓട്ടോ മെക്കാനിക്ക്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പോസ്‌റ്റോഫീസ് ജീവനക്കാരി.. അയല്‍ക്കാര്‍ തമ്മിലുള്ള ശണ്ഠകള്‍..അലസനായ തെങ്ങുക്കയറ്റക്കാരന്‍.. തൊഴിലിടങ്ങളില്‍ പലയിടത്തും ചൂഷണത്തിന് വിധേയനാകുന്ന സാധാരണക്കാരന്‍..ഇങ്ങനെ നാട്ടിന്‍പുറത്തിന്റെ പരിച്ഛേദമായ മുഖങ്ങള്‍.

സിനിമ ആത്യന്തികമായി പറഞ്ഞുവയ്ക്കുന്നത് നന്മയുടെ സന്ദേശമാണ്. എത്ര തിന്മ നിറഞ്ഞവനെന്ന് തോന്നിപ്പിച്ചാലും അവരുടെ ഉള്ളിലും നന്മയുണ്ടെന്ന് ചിത്രം പറയുന്നു. അതാവട്ടെ മനുഷ്യനെ സ്‌നേഹിക്കുന്നതിലേക്ക് അവനെ വിശ്വസിക്കുന്നതിലേക്ക് നമ്മെ വീണ്ടും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. എന്തിന്, രണ്ടാനമ്മ എന്ന ക്ലിപ്തമായ ചില സങ്കല്പങ്ങളെ പോലും ചിത്രം തിരുത്തിയെഴുതിത്തന്നു.

അവസാനം നന്മയേ വിജയിക്കൂ. നന്മ മാത്രം. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് മരണമടയുമ്പോള്‍ തന്റെ സമ്പാദ്യത്തിന്റെ കൂടുതല്‍ പങ്കും ചാരിറ്റിക്ക് നീക്കിവച്ചിട്ടാണ് മരിക്കുന്നത്. മകനോട് ചെയ്ത തെറ്റുകളോടെല്ലാം മനസ്സില്‍ മാപ്പുചോദിച്ചിട്ടാണ് തോമസ് മരിക്കുന്നത്.. നന്മ ഒരു അനുസ്യൂത പ്രക്രിയയാണ്. നന്മ വിതയ്ക്കുന്നവന്, നന്മയുള്ളവന് തിന്മകള്‍ പോലും നാളെ നന്മയായി മാറും..

നന്ദി സുധീ, പഴയ ചില ഓര്‍മ്മകളെ വീണ്ടും ഓര്‍മ്മിക്കാന്‍ അവസരം ഒരുക്കിയതുകൊണ്ട്.. സിബിഐസിയും ഐസിഐസിയുമൊന്നും നമ്മുടെ കുട്ടികളെ പിടിമുറുക്കുന്നതിനും മുമ്പത്തെ പഴയ സ്‌കൂള്‍ ജീവിതത്തെയും അവിടെത്തെ കളികളെയും ഗ്രാമീണ ജീവിതത്തെയും  ഒക്കെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചതിന്.. കാണിച്ചുതന്നതിന്..നന്മ നിറഞ്ഞ ജീവിതപരിസരം ചിത്രീകരിച്ചതിന്..

കൊട്ടിഘോഷിക്കപ്പെടുന്ന പല സിനിമകളും ന്യൂജനറേഷന്‍ സിനിമകളും മലീമസമായ ചിന്തകള്‍കൊണ്ട് മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുകയും നിരാശരാക്കി പറഞ്ഞയ്ക്കുകയും ചെയ്യുമ്പോള്‍ ഉറപ്പ് ഹല്ലേലൂയ അത്തരം പാതകങ്ങളൊന്നും പ്രേക്ഷകരോട് ചെയ്യുന്നില്ല. അതുകൊണ്ട് അമിതമായ പ്രതീക്ഷകളില്ലാതെ ഹല്ലേലൂയായ്ക്ക് കൈകാണിക്കാം. ടിക്കറ്റെടുക്കാം..

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login