ഹാലോവീന്‍ നമ്മുടേതല്ല

ഹാലോവീന്‍ നമ്മുടേതല്ല

ആഘോഷിക്കാന്‍ കാരണങ്ങള്‍ നോക്കിയിരിക്കുന്നവരാണ് പ ലരും. അത്തരം ആഘോഷങ്ങളിലേക്ക് ഇപ്പോള്‍ ഒന്നുകൂടി വന്നുചേര്‍ന്നിരിക്കുന്നു. ഹാലോവിന്‍.

പാശ്ചാത്യനാടുകളിലെ സെക്കുലര്‍ ആഘോഷമായിരുന്ന ഹാലോവിന്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു. പ്രമുഖ പത്രങ്ങള്‍ പോലും ഹാലോവിന്‍ ദിനാഘോഷങ്ങളെക്കുറിച്ച് ഫീച്ചറുകള്‍ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്ന നമ്മുടെ കുഞ്ഞുമക്കളും അറിയാതെ അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയോ അതിന്റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിപ്പോകുകയോ ചെയ്‌തേക്കാം.

അതുകൊണ്ട് ഹാലോവിന്‍ എന്താണെന്നും ഏതാണെന്നും അറിഞ്ഞുകൂടാത്ത നമ്മുടെ മക്കളോട് ആദ്യം തന്നെ പറഞ്ഞുകൊടുക്കണം അത് ദൈവികമല്ലെന്ന്..ക്രിസ്തീയമല്ലെന്ന്.. കുട്ടൂസനും മായാവിയും ഡാകിനിയും കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹാലോവിന്‍ പോലെയുള്ള ആഘോഷങ്ങളും അവരെ അതിലേക്ക് ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. കാരണം ഇന്ന് മിക്ക കുട്ടികളുടെയും ആരാധ്യപുരുഷന്മാര്‍ മായാവിയും മറ്റുമാണ്. നമ്മള്‍ അവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നതും കാണാന്‍ വച്ചുകൊടുക്കുന്നതും തദൃശ്യമായ കഥകളായിരിക്കും.

സ്വഭാവികമായും അവര്‍ വളര്‍ന്നുവരുമ്പോള്‍ ഹാലോവിന്‍ പോലെയുള്ള ആഘോഷങ്ങളിലേക്ക് ആകൃഷ്ടരാകുന്നുവെങ്കില്‍ അതിന് അത്ഭുതപ്പെടുകയോ അവരെ കുറ്റം പറയുകയോ ചെയ്യേണ്ട കാര്യമില്ല. നമ്മുടെ അശ്രദ്ധയും കരുതലില്ലായ്മയുമാണ് അതിന് കാരണം.

ഹാലോവിന്‍ എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടേണ്ടത് എന്നതിന് അതിന്റെ ചരിത്രത്തിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതിയാവും. ക്രിസ്തുവിന് മുമ്പ് തുടങ്ങിയിരുന്ന ഒരു ആചാരമായിരുന്നു ഇത്. യൂറോപ്പിലെ വിജാതീയരുടെ അന്ധവിശ്വാസത്തില്‍ നിന്നാണ് ഇത് പിറവിയെടുത്തതും.

എന്നാല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ സഭ ആഘോഷിക്കുന്ന നവംബര്‍ ഒന്നിന്‍റെ തലേന്നാണ് ഹാലോവിന്‍ ആഘോഷങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ രണ്ട് ആഘോഷങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ശുദ്ധഗതിക്കാരായ നമ്മില്‍ പലരും ധരിച്ചുവശായി. സെര്‍ട്ടിക്ക് എന്ന അപരിഷ്‌കൃത ജനതയുടെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഹാലോവിന്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്.

മരിച്ചവരുടെ ആത്മാക്കളെ പുതുവത്സരത്തിന്റെ തലേന്ന് ഭവനങ്ങളിലേക്ക് മടങ്ങാന്‍ മരണദേവന്‍ അനുവദിക്കുമെന്നും അപ്പോള്‍ ആത്മാക്കളെ വീടിനുള്ളില്‍ കയറ്റാതിരിക്കാന്‍ ഭീകരരൂപികളുടെയും മറ്റും വേഷം ധരിച്ചാല്‍ മതിയെന്നുമുള്ള വിശ്വാസം അവരില്‍ പ്രകടമായിരുന്നു. പിന്നീട് ക്രിസ്തുമതത്തിലേക്ക് സെര്‍ട്ടിക് ജനത പരിവര്‍ത്തനം ചെയ്തപ്പോഴും ഈ വിശ്വാസത്തെ അവര്‍ തങ്ങളുടെ കൂടെ കൊണ്ടുവന്നു.

കാലക്രമേണ ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും ഈ ആചാരം വ്യാപകമായി. ഒടുവിലായി ഹാലോവിന്‍ സാത്താന്‍ ആരാധകരുടെ വലിയൊരു ആഘോഷമായി മാറിയിരിക്കുന്ന കാലത്തിലാണ് നാം എത്തിനില്ക്കുന്നത്.

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വേഷങ്ങളും രൂപങ്ങളും തന്നെ ഹാലോവിന്‍ സാത്താനികമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ അടിവരയിടുന്നുണ്ട്. ശിരസില്‍ രണ്ടു കൊമ്പുമായി നില്ക്കുന്ന സുന്ദരിമാരും അസ്ഥികൂടങ്ങളുടെയും ഭീകരരൂപികളുടെ ചിത്രങ്ങളുമെല്ലാമാണ് ഹാലോവിന്‍ ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നത്.

വെറുമൊരു രസത്തിന് ഓജോ ബോര്‍ഡ് കളിച്ചുതുടങ്ങിയ നമ്മുടെ കുട്ടികള്‍ എത്തിച്ചേര്‍ന്നത് വലിയ വലിയ അപകടങ്ങളിലാണെന്ന കാര്യം തെളിവായി നമുക്ക് മുന്നിലുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ഹാലോവിന്‍ ആഘോഷങ്ങളുടെ ഭാഗമായി വേഷം കെട്ടുകയും പാട്ടുപാടുകയും ചെയ്യുന്ന അവര്‍ നാളെ എത്തിച്ചേരുന്നത് സാത്താന്‍ ആരാധകരുടെ താവളങ്ങളിലായിരിക്കും.

അതുകൊണ്ട് ഹാലോവിന് പിന്നിലുള്ള അപകടത്തെയും അത് എന്താണെന്നുമുള്ള യഥാര്‍ത്ഥ അറിവ് മക്കള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കട്ടെ. ഇല്ലെങ്കില്‍ നാം നാം മക്കളുടെ വഴിപിഴച്ച ജീവിതത്തെയോര്‍ത്ത് ജീവിതകാലം മുഴുവന്‍ കണ്ണീരൊഴുക്കേണ്ടിവന്നേക്കാം.

ഹാലോവിന്‍ സാത്താനിക പ്രതിരൂപങ്ങളെ ആഘോഷമാക്കുമ്പോള്‍ അതിന് സമാന്തരമായി ക്രിസ്തീയ മാതൃകകളെയും രൂപങ്ങളെയും അവതരിപ്പിച്ചുകൊണ്ട് പുതിയൊരു ബദല്‍ സംസ്‌കാരം ചില രാജ്യങ്ങളിലെങ്കിലും മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ കുട്ടികളിലൂടെ നിവര്‍ത്തിക്കപ്പെടുന്നുണ്ട് എന്ന കാര്യം പറയാതിരിക്കാന്‍ വയ്യ. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുമുണ്ട്. ആ പതിവ് എല്ലാ രാജ്യങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും വ്യാപകമാകുമായിരുന്നുവെങ്കില്‍ ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നാം നല്കുന്ന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യമായി തീരുമായിരുന്നു അത്.

അത്തരമൊരു പ്രചോദനം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്

സ്‌നേഹാദരങ്ങളോടെ

ശാന്തിമോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍.

You must be logged in to post a comment Login