ഹിരോഷിമയില്‍ ജപമാല അവര്‍ക്ക് കവചമായി!

ഹിരോഷിമയില്‍ ജപമാല അവര്‍ക്ക് കവചമായി!

hiroshimaനെബുക്കെദ്‌നേസര്‍ രാജാവിന്റെ കാലഘട്ടത്തില്‍ മൂന്നു യഹൂദ യുവാക്കള്‍ അഗ്നിമധ്യേ ദൈവം തീര്‍ത്ത കവചത്തിനുള്ളില്‍ സുരക്ഷിതരായി നിന്ന കഥ പറയുന്നുണ്ട്, പഴയ നിയമത്തില്‍. ആ കഥയില്‍ സംശയമുള്ളവര്‍ക്ക് വിശ്വസിക്കാന്‍ ഇതാ കണ്‍മുന്നില്‍ ജീവിക്കുന്ന സാക്ഷ്യങ്ങള്‍.

എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകം ഞെട്ടിയ ദിനം. ജപ്പാന്റെ ശിരസ്സില്‍ അതിമാരകമായ അണുവായുധത്തിന്റെ ആണിയടിച്ചു കൊണ്ട് ഹിരോഷിമയിലും നാഗാസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ച ദിനം. ആഗസ്റ്റ് 9 നായിരുന്നു, അത്. 80,000 പേരാണ് ബോംബ് വീണ നിമിഷത്തില്‍ തന്നെ കൊല്ലപ്പെട്ടത്. 1,30,000 പേര്‍ പിന്നീട് റേഡിയേഷന്‍ മൂലം ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും യുദ്ധത്തില്‍ പങ്കെടുക്കാത്ത സാധാരണക്കാരായ ജനങ്ങളായിരുന്നു. നാഗസാക്കിയിലെ അണുബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40,000 പേര്‍.

ഈ മനുഷ്യമഹാദുരന്തത്തിന്റെ വാര്‍ഷികത്തില്‍ ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്ന ഒരു അത്ഭുതത്തിന്റെ ചുരുളഴിക്കുകയാണ് ഈശോ സഭക്കാരായ നാലു വൈദികര്‍. ലസാലെ, ഹൂബര്‍ട്ട് ഷിഫര്‍, വില്‍ഹെ ക്ലൈയ്ന്‍സോര്‍ഹെ, ഹ്യൂബര്‍ട്ട് സെയ്സ്ലിക്ക് എന്നിവര്‍.

Father Wilhelm Kleinsorge-5അമേരിക്ക ഹിരോഷിമയില്‍ ബോംബിടുമ്പോള്‍ ഈ പുരോഹിതര്‍ നഗരത്തിലുണ്ടായിരുന്നു. ബോംബ് വന്നു വീണ സ്ഥലത്തിനു വളരെ അടുത്ത്, പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ നാമധേയത്തില്‍ പണിത പള്ളിയുടെ ഊട്ടുമുറിയിലായിരുന്നു, അവരുടെ താമസം. ബോംബാക്രമണത്തില്‍ തകരാതെ നിന്ന് വിരലിലെണ്ണാവുന്ന കെട്ടിടങ്ങളിലൊന്നാണ് ഇത്.

ബോംബു വീണയിടത്തും ചുറ്റുപാടുമുള്ള ആയിരക്കണക്കിന് ജനങ്ങള്‍ ഉടനെയും, മറ്റുള്ളവര്‍ പിന്നീടും മരിച്ചു വീണു. അനേകര്‍ അണുവായുധത്തിന്റെ നശീകരണ ശക്തിക്കിരയായി ജീവിതകാലം മുഴുവന്‍ ദുരന്തം പേറി ജീവിച്ചു. എന്നാല്‍ ഈ നാലു വൈദികരെ അണുവായുധം തൊടാതെ നിന്നു!

പിന്നീട് അവരെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍ വിധിയെഴുതി, ബോംബിംഗിനെ അതിജീവിച്ചെങ്കിലും ഭാവിയില്‍ അവരുടെ ശരീരത്തില്‍ റേഡിയേഷന്റെ ദുരന്തഫലങ്ങള്‍ തീര്‍ച്ചയായും ബാധിക്കും. അധികം വൈകാതെ അവര്‍ മരിക്കും. (അങ്ങനെയാണല്ലോ, ഹിരോഷമയിലെ ഭൂരിഭാഗം പേര്‍ക്കും സംഭവിച്ചത്!)

Fr Hugo Lassalleഎന്നാല്‍ ഡോക്ടറുടെ നിഗമനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ആ നാലു പുരോഹിതര്‍ ജീവിച്ചുവെന്നു മാത്രമല്ല, കാലങ്ങളേറെ കഴിഞ്ഞിട്ടും ശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് റേഡിയേഷന്റെ ലാഞ്ചന പോലും തൊടാതെ ഇന്നും ജീവിക്കുന്നു. 200 തവണയാണ് അവരെ പിന്നീട് പലപ്പോഴായി ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ചത്. ഒരു തരിമ്പും അവരുടെ ശരീരത്തില്‍ കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞില്ല.

തങ്ങളുടെ അതിജീവനത്തിന്റെ രഹസ്യം ഈ നാല് വൈദികര്‍ സധൈര്യം ലോകത്തോട് വെളിപ്പെടുത്തുന്നു. ‘ദൈവവും പരിശുദ്ധ അമ്മയുമാണ് ഞങ്ങളെ സംരക്ഷിച്ചത്. ഞങ്ങള്‍ ഫാത്തിമയിലെ സന്ദേശമനുസരിച്ചാണ് ജീവിച്ചത്. എല്ലാ ദിവസവും, ഒരിക്കലും മുടങ്ങാതെ ഞങ്ങള്‍ ജപമാല ചൊല്ലിയിരുന്നു!’

 
അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login