ഹിറ്റ്‌ലറിനെതിരെ യുദ്ധം ചെയ്ത പുരോഹിതന്‍

ഹിറ്റ്‌ലറിനെതിരെ യുദ്ധം ചെയ്ത പുരോഹിതന്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ സേവനം ചെയ്ത് യുദ്ധതടവുകാരനായി നോര്‍ത്തേണ്‍ ഇറ്റലിയില്‍ കഴിഞ്ഞുകൂടുകയായിരുന്നു ജേക്കബ് ഗ്വാപ്പ്. അവിടെ വച്ച് അദ്ദേഹത്തിന് ഒരു ഭൂതോദയം ഉണ്ടായി. യുദ്ധത്തിന്റെ നിരര്‍ത്ഥകത.. സാമൂഹ്യവും രാഷ്ട്രീയവുമായ അനീതികള്‍, സ്വാര്‍ത്ഥതയും അത്യാഗ്രഹവും വിതയ്ക്കുന്ന വിപത്തുകള്‍…ജീവന്റെ നിലവിളികള്‍…

പുതിയൊരു ജീവിതം നയിക്കുമെന്നുള്ള ദൃഢനിശ്ചയവുമായിട്ടാണ് അദ്ദേഹം പുറത്തേയ്ക്ക് വന്നത്. ആ വെളിച്ചം മരിയനിസ്റ്റ് സഭയില്‍ ചേര്‍ന്ന് ഒരു വൈദികനാകുക എന്ന ലക്ഷ്യത്തിലേക്കാണ് ജേക്കബ് ഗ്വാപ്പിനെ നയിച്ചത്.

മാര്‍ട്ടിന്‍ ഗ്വാപ്പിന്റെയും അന്‍ റ്റോണിയോ വാച്ചിന്റെയും ഏഴാമത്തെ സന്താനമായി 1897 ജൂലൈ 26 ന് ഓസ്ട്രിയായിലെ വാട്ടെന്‍സില്‍ ആയിരുന്നു ജേക്കബിന്റെ ജനനം. തൊഴിലാളി വര്‍ഗ കുടുംബമായിരുന്നു അവരുടേത്. 1915 മെയ് മാസത്തില്‍ ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധസേവനത്തിനായി അദ്ദേഹം വിളിക്കപ്പെട്ടു. യുദ്ധമുഖത്ത് നിന്ന് 1918 നവംബര്‍ നാലിന് ശത്രുക്കള്‍ അദ്ദേഹത്തെ തടവുകാരനാക്കി 1919 ഓഗസ്റ്റ് 18 നാണ് അദ്ദേഹം വിട്ടയ്ക്കപ്പെട്ടത്.

1925 സെപ്റ്റംബറില്‍ ഫ്രിബോര്‍ഗിലെ മരിയനിസ്റ്റ് ഇന്റര്‍നാഷനല്‍ സെമിനാരിയില്‍ ചേര്‍ന്ന ജേക്കബ് 1930 ഏപ്രില്‍ അഞ്ചിന് സെന്റ് നിക്കോളാസ് കത്തീഡ്രലില്‍ വച്ച് അഭിഷിക്തനായി.
ഓസ്ട്രിയായിലേക്ക് തിരികെയെത്തിയ ഫാ. ജേക്കബ് അധ്യാപകനായും റിലീജിയസ് എഡ്യൂക്കേഷന്റെ ഡയറക്ടറായും വിവിധ മരിയനിസ്റ്റ് സ്‌കൂളുകളിലെ ചാപ്ലയിനായും സേവനം ചെയ്തു. സാമ്പത്തികമാന്ദ്യത്തിന്റെയും രൂക്ഷമായ തൊഴിലില്ലായ്മയുടെയും കാലമായിരുന്നു അത്. ദാരിദ്ര്യം വ്യാപകമായി.

ഇക്കാലത്ത് ദരിദ്രരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ ഫാ. ഗ്വാപ്പിന് കഴിഞ്ഞു. ഇതേ സമയത്ത് തന്നെയായിരുന്നു നാസിസത്തിന്റെ വ്യാപനവും. നാസിസം അവതരിപ്പിക്കുന്ന ആശയങ്ങള്‍ ഗൗരവപൂര്‍വ്വവും സൂക്ഷ്മമവുമായ പഠനത്തിന് വിധേയമാക്കിയപ്പോള്‍ അത് കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അച്ചന്‍ മനസ്സിലാക്കി. നാസിസത്തിന് എതിരെയുള്ള പിയൂസ് പതിനൊന്നാമന്റെ ധീരമായ ചാക്രികലേഖനം അച്ചന്റെ ചിന്താധാരകളെ കൂടുതല്‍ പ്രകാശിപ്പിച്ചു. കത്തോലിക്കാവിശ്വാസവുമായി യോജിച്ചുപോകാന്‍ സാധിക്കാത്തവയും ജുഗുപ്‌സാവഹവുമാണ് നാസിസമെന്ന തിരിച്ചറിവ് അതിനെതിരെ ശക്തമായി പോരാടുവാന്‍ അച്ചനെ പ്രേരിപ്പിച്ചു.

നാസികള്‍ ഓസ്ട്രിയ കീഴടക്കിയതോടെ തന്റെ രാജ്യത്തിന് സംഭവിച്ച ദുരന്തം അദ്ദേഹത്തെ വേദനിപ്പിച്ചു. ക്ലാസ് മുറികളില്‍ ഹിറ്റ്‌ലറുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. സ്വസ്തിക ചിഹ്‌നം അണിഞ്ഞുനടക്കണമെന്ന ആവശ്യമുയര്‍ന്നു. അഭിവാദനങ്ങള്‍ ഹിറ്റ്‌ലര്‍ക്ക് സ്തുതിപാടുന്ന വിധത്തിലുള്ളതായി. വൈദികനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ ഇതോടെ വര്‍ദ്ധിക്കുകയാണെന്ന് അച്ചന്‍ മനസ്സിലാക്കി. നാസിസത്തെ തള്ളിപ്പറഞ്ഞും ക്രൈസ്തവവിരുദ്ധ മുന്നേറ്റങ്ങളെ അപലപിച്ചും ക്ലാസ് മുറികളിലും പള്ളിയിലും ഫാ. ഗ്വാപ്പ് ദൈവശബ്ദത്തിന്റെ വര്‍ദ്ധിതവീര്യമായി മാറുകയായിരുന്നു.

ചെക്കുകാരെയും ജൂതരെയും വെറുക്കുകയും കൊല്ലുകയും വേണമെന്നായിരുന്നു കുട്ടികള്‍ക്ക് നാസിഅധ്യാപകരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം. ഇതിന് പകരമായി സ്‌നേഹത്തിന്റെ ക്രിസ്തുസന്ദേശം അച്ചന്‍ അവരോട് പറഞ്ഞു. ഫ്രഞ്ചുകാരും യഹൂദരും കമ്മ്യൂണിസ്റ്റുകളും മനുഷ്യരാണ്, എല്ലാവരെയും സ്‌നേഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ഇതിലും ശക്തമായ പ്രബോധനമാണ് തുടര്‍ന്ന് അദ്ദേഹം നടത്തിയത്.

”ദൈവമാണ് നിങ്ങളുടെ പിതാവ്, അഡോള്‍ഫ് ഹിറ്റ്‌ലറല്ല…” ” നാസി സംഹിതകളല്ല വിശുദ്ധ ഗ്രന്ഥമാണ് നിങ്ങള്‍ വായിക്കേണ്ടത്.” ഈ പ്രബോധനങ്ങള്‍ അധ്യാപകജോലി നഷ്ടപ്പെടുവാന്‍ വരെ അദ്ദേഹത്തിന് കാരണമായി. നാസികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു.

എങ്കിലും സധൈര്യം അദ്ദേഹം തന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. 1938 ഡിസംബര്‍ 11 ന് വാട്ടെന്‍സിലെ സെന്റ് ലോറന്‍സ് ഇടവകയില്‍ നടത്തിയ പ്രസംഗം നാസികളെ ഏറെ പ്രകോപിതരാക്കി. ഇതേതുടര്‍ന്ന് നഗരം വിട്ടുപോകുന്നതായിരിക്കും നല്ലതെന്ന അധികാരികളുടെ ഉപദേശം മാനിച്ച് ജനുവരിയില്‍ അച്ചന്‍ ബോര്‍ഡെക്‌സിലെത്തിച്ചേര്‍ന്നു. സൊസൈറ്റി ഓഫ് മേരിയുടെ പിള്ളത്തൊട്ടിലായ മാദെലൈന്‍ ചാപ്പലില്‍ ചാപ്ലയിനായും ലൈബ്രേറിയനായും അദ്ദേഹം സേവനം ചെയ്തു. അവിടെയും തന്റെ പ്രവാചകദൗത്യം അദ്ദേഹം തുടര്‍ന്നു. എന്നാല്‍ നാസികളുടെ ഭീഷണി അദ്ദേഹത്തെ അകമ്പടി സേവിച്ചു.

1942 ലെ വേനല്‍ക്കാലത്ത് ഫാ. ഗ്വാപ്പ് വാലെന്‍സിയായിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. ഇംഗ്ലണ്ടിലേക്കുള്ള വിസ ലഭിക്കുമോയെന്ന് അറിയാന്‍വേണ്ടിയായിരുന്നു അത്. കോണ്‍സുലേറ്റ് സ്റ്റാഫ് അദ്ദേഹത്തിന് കുറെ കത്തോലിക്കാദിനപ്പത്രങ്ങളും വാരികകളും നല്കി. അക്കൂട്ടത്തില്‍ ദ ടാബ്ലറ്റുമുണ്ടായിരുന്നു. ഇത് ടാബ്ലറ്റ് വിതരണം ചെയ്യുന്നതിലേക്കും കത്തോലിക്കാവിശ്വാസത്തിന്റെ പ്രചാരകനായിത്തീരുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു. അച്ചന്റെ പ്രവര്‍ത്തനങ്ങളെല്ലാം നാസികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അച്ചന്റെ ഓരോ യാത്രയിലും അവര്‍ വേഷം മാറി അനുഗമിച്ചുകൊണ്ടിരുന്നു. ഓസ്ട്രിയായിലേക്കുള്ള അദ്ദേഹത്തിന്റെ ആ യാത്രയിലും രണ്ടുപേര്‍ അച്ചനെ പിന്തുടരുന്നുണ്ടായിരുന്നു. പക്ഷേ അത് അച്ചനറിഞ്ഞിരുന്നില്ല. അതിനിടയില്‍ അവര്‍ തന്ത്രപൂര്‍വ്വം അച്ചനുമായി സൗഹൃദം സ്ഥാപിച്ചു. യഹൂദരാണെന്ന് നടിച്ചുകൊണ്ടായിരുന്നു അവര്‍ ബന്ധം സ്ഥാപിച്ചത്. നാസി മതദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാണെന്ന കൃത്രിമമമായ കഥകള്‍ പറഞ്ഞ് അച്ചന്റെ സ്‌നേഹവും വിശ്വാസവും അവര്‍ ആര്‍ജ്ജിച്ചെടുത്തു.

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് അതെന്ന് അച്ചന് മനസ്സിലായില്ല. നിഷ്‌ക്കളങ്കര്‍ സാധാരണയായി വ്യാജവാക്കുകളിലും സ്‌നേഹപ്രകടനങ്ങളിലും മയങ്ങിവീഴാറുണ്ടല്ലോ? ദുഷ്ടര്‍ മധുരമായി പുറമേയ്ക്ക് സംസാരിക്കുകയും പുഞ്ചിരിക്കുകയും ചെയ്തുകൊണ്ട് നിഷ്‌ക്കളങ്കരുടെ വികാരവിചാരങ്ങള്‍ പകര്‍ത്തിയെടുക്കുകയും പിന്നെ വലിയ അപകടങ്ങളിലേക്ക് അവരെ തള്ളിവിടുകയും ചെയ്യും. ഇതുതന്നെയാണ് ഫാ. ഗ്വാപ്പെയ്ക്കും സംഭവിച്ചതും.

വാലെന്‍സെയിലെത്തിയ അവര്‍ അച്ചനോട് കത്തോലിക്കാവിശ്വാസം തങ്ങളെ പരിശീലിപ്പിക്കണമെന്നും മാമ്മോദീസായ്ക്ക് ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ക്രിസ്തുസ്‌നേഹത്തിലേക്ക് രണ്ടുപേരെ കൂടി കൈപിടിച്ച് നയിക്കാന്‍ കിട്ടിയ അസുലഭഭാഗ്യമോര്‍ത്ത് അച്ചന്‍ സന്തോഷിച്ചു.

അച്ചനെ ഒരു നാള്‍ അവര്‍ ഒരു യാത്രയ്ക്ക് ക്ഷണിച്ചു. ആ യാത്ര തന്നെ ജീവനെടുക്കാനാണെന്ന് അച്ചനറിഞ്ഞതേയില്ല. കൊലക്കളത്തിലേക്ക് കൊണ്ടുപോകപ്പെടുന്ന നിഷ്‌ക്കളങ്കനായ ആട്ടിന്‍കുട്ടിയെ പോലെയായിരുന്നു അച്ചന്‍…

ഫ്രാന്‍സിലേക്കുള്ള അതിര്‍ത്തിയില്‍ വച്ച് സമര്‍ത്ഥമായി അവര്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ സഹായത്തോടെ അച്ചനെ തട്ടിയെടുത്തു. ഫ്രാന്‍സിലെ ഹെന്‍ഡെയില്‍ ഗസ്റ്റപ്പോ അച്ചനെ അറസ്റ്റ് ചെയ്യാനായി കാത്തുനിന്നിരുന്നു. അവര്‍ അദ്ദേഹത്തെ തടവുകാരനായി ബെര്‍ലിനിലേക്ക് കൊണ്ടുപോയി. സ്‌നേഹിച്ചവരില്‍ നിന്നുള്ള വഞ്ചനയുടെ മറ്റൊരു രക്തസാക്ഷി. ഗദ്‌സെത്മനിയില്‍ യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തതിന്റെ ആവര്‍ത്തനം.

1943 ജൂലൈ 2. പീപ്പിള്‍സ് കോര്‍ട്ടിന്റെ പ്രസിഡന്റ് റോളണ്ട് ഫ്രെയ്‌സ്ലെര്‍ അച്ചന് മരണശിക്ഷ വിധിച്ചു. ഓഗസ്റ്റ് 13 ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആ വിധിയും അദ്ദേഹത്തെ തേടിയെത്തി. അന്നേ ദിവസം രാത്രി ഏഴുമണിക്ക് വധശിക്ഷ നടപ്പിലാക്കും. ആ ദിവസത്തിന് ഫാ. ഗ്വാപ്പെയുടെ ജീവിതവുമായി മറ്റൊരു ബന്ധം കൂടിയുണ്ടായിരുന്നു.

മരിയനിസ്റ്റ് നൊവിഷ്യേറ്റില്‍ പ്രവേശിച്ചതിന്റെ വാര്‍ഷികദിനമായിരുന്നു അത്. തന്റെ മരണസമയം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ അദ്ദേഹം എഴുതിയ രണ്ട് വിടവാങ്ങല്‍ കത്തുകള്‍ മരണത്തിന് പോലും അപഹരിക്കാനാവാത്ത വിശ്വാസത്തിന്റെ ദീപ്തി വെളിവാക്കുന്നതായിരുന്നു. ഗ്വില്ലറ്റിനിലേക്ക് ശിരസ് വച്ചുകൊടുക്കുമ്പോള്‍ പോലും അദ്ദേഹം പതറിയിരുന്നില്ല.

അദ്ദേഹത്തിന്റെ പൂജ്യാവശിഷ്ടങ്ങള്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയിലെ അനാറ്റോമിക്കല്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പഠനത്തിനും ഗവേഷണത്തിനുമായി അയച്ചുകൊടുക്കുകയും പിന്നീട് നശിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അദ്ദേഹത്തിന്റേതായി ലഭ്യമായിട്ടുള്ള ഒരേയൊരു തിരുശേഷിപ്പ് നിത്യവ്രതവാഗ്ദാനസമയത്ത് അദ്ദേഹം സ്വീകരിച്ച ഒരു സ്വര്‍ണ്ണമോതിരം മാത്രമാണ്.

ഓസ്ട്രിയായിലെ മരിയനിസ്റ്റ് സെന്ററില്‍ അത് സൂക്ഷിച്ചിട്ടുണ്ട്. 1987 ല്‍ ഫാ. ഗ്വാപ്പെയുടെ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു1996 നവംബര്‍ 24 ന് ക്രിസ്തുരാജത്വ തിരുനാള്‍ ദിനത്തില്‍ ജാക്കോബ് ഗ്വാപ്പിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉയര്‍ത്തി.

 

വിനായക്

You must be logged in to post a comment Login