ഹിലരിക്കു പിന്നാലെ ഐഎസിനെതിരെ ആഞ്ഞടിച്ച് മറ്റു രാഷ്ട്രീയ നേതാക്കളും

വാഷിംങ്ടണ്‍: ക്രിസ്ത്യാനികള്‍ക്കെതിരെയും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നത് കൂട്ടക്കൊല തന്നെയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളായ ടെഡ് ക്രൂസ്, മാര്‍ക്കോ റൂബിയോ, ജെബ് ബുഷ്. മൈക്ക് ഹക്കാബീ, മാര്‍ട്ടിന്‍ ഒ മല്ലി എന്നിവര്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളമ്പസ് നടത്തിയ അഭിപ്രായസര്‍വ്വേയിലാണ് ഇവര്‍ മനസ്സു തുറന്നത്.  അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 55% ആളുകളും ഐഎസ് നടത്തുന്നത് കൂട്ടക്കൊലയാണെന്ന് പറഞ്ഞപ്പോള്‍ 36% ആളുകള്‍ മാത്രമാണ് മറിച്ച് അഭിപ്രായപ്പെട്ടത്.

‘അധികാരികളും രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും സാധാരണ ജനങ്ങളുമുള്‍പ്പെടെ ഭൂരിഭാഗം അമേരിക്കക്കാരും പറഞ്ഞത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നത് കിരാതമായ കൂട്ടക്കൊലയാണെന്നാണ്. അമേരിക്കന്‍ സര്‍ക്കാര്‍ ഇതിനെ കൂട്ടക്കൊലയായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്’, നൈറ്റ്‌സ് ഓഫ് കൊളമ്പസ് സിഇഒ കാള്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങള്‍ കൂട്ടക്കൊലയായി പ്രഖ്യാപിക്കണമെന്ന് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസ്ഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം ഹാംപ്‌ഷെയറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിക്കിടെ അഭിപ്രായപ്പെട്ടിരുന്നു. യുഎസ് കോണ്‍ഗ്രസിലെ നൂറോളം അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രസിഡന്റ് ബറാക് ഒബാമയെ സന്ദര്‍ശിച്ചിരുന്നു.

You must be logged in to post a comment Login