‘ഹൃദയങ്ങളില്‍ മുട്ടിവിളിക്കുന്നവരെ കാണാതെ പോകരുത്’

‘ഹൃദയങ്ങളില്‍ മുട്ടിവിളിക്കുന്നവരെ കാണാതെ പോകരുത്’

വത്തിക്കാന്‍: നമ്മുടെ ഹൃദയവാതിലിനു മുന്നില്‍ മുട്ടിവിളിക്കുന്നവരെ നാം കാണാതെ പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ വിശ്വാസം സത്യമാണെങ്കില്‍ അരികിലുള്ള സഹോദരങ്ങളെ നാം കാണുക തന്നെ ചെയ്യും. ക്രിസ്തു തന്നെയാണ് അവരുടെ രൂപത്തില്‍ നമ്മുടെ ഹൃദയങ്ങളെ മുട്ടിവിളിക്കുന്നത്. ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

ബൈബിളിലെ ധനവാന്റെയും ലാസറിന്റെയും ഉപമയാണ് ഫ്രാന്‍സിസ് പാപ്പ ഉദാഹരണമായി പറഞ്ഞത്. നാം സ്വയം നമ്മളോടു തന്നെ ചോദിക്കേണ്ട ചോദ്യമുണ്ട്: ഞാന്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയാണോ? അതോ പേരിനു വേണ്ടി മാത്രമുള്ള ക്രിസ്ത്യാനിയാണോ? എന്റെ വിശ്വാസം ഞാന്‍ പ്രാവര്‍ത്തികമാക്കാറുണ്ടോ..? ധനവാനെപ്പോലെ കല്‍പനകളെല്ലാം അറിഞ്ഞിരിക്കുകയും എന്നും ദേവാലയത്തില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയും എന്നാല്‍ ചെയ്യേണ്ട കടമകള്‍ ചെയ്യുന്നവരുമാണോ നിങ്ങള്‍..?’

ധനവാനായ മനുഷ്യന്‍ തന്നില്‍ത്തന്നെ അമിതമായി ആശ്രയിച്ചു. എന്നാല്‍ അവന്‍ ദൈവത്തില്‍ ആശ്രയിച്ചില്ല. ദൈവം തന്നെയായിരുന്നു അവന്റെ ഹൃദയവാതിലില്‍ മുട്ടിയത്. എന്നാല്‍ അവന്‍ തുറന്നുകൊടുത്തില്ല. അതുകൊണ്ടു തന്നെ ദൈവത്തിന്റെ കരുണ അവനിലേക്ക് പ്രവേശിച്ചില്ല.

വലിയ നോമ്പിന്റെ ഈ വേളയില്‍ നമ്മുടെ ഹൃദയങ്ങളെ നമുക്ക് തുറക്കാം. ഏതു മാര്‍ഗ്ഗത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് സ്വയം ആത്മപരിശോധന ചെയ്യുക. എവിടെയാണ് എന്റെ സന്തോഷമെന്ന് കണ്ടെത്തുക, പറയുന്നതിലോ അതോ പ്രവൃത്തിക്കുന്നതിലോ..? ഈ ചോദ്യം നിരന്തരം നമ്മോടു ചോദിക്കണമെന്നും നാം അന്വേഷിക്കണം.

You must be logged in to post a comment Login