ഹൃദയത്തിന്റെ ശബ്ദങ്ങള്‍

ഹൃദയത്തിന്റെ ശബ്ദങ്ങള്‍

voiceപഴയൊരു ഓര്‍മയാണ്. സന്ന്യാസിയായി ജീവിച്ചൊരു കാലമുണ്ടായിരുന്നു, മുന്‍പ്. ആരോഗ്യം തകരാറിലായി മടങ്ങേണ്ടി വന്നതു വരെ. നൊവിഷ്യേറ്റ് കാലത്തേതാണ് ഓര്‍മ. ഔട്ട് ഓഫ് ടൈം ഈറ്റിംഗ് എന്നൊരു നിയമമുണ്ട്. ഭക്ഷണം പൊതുവായി വിളമ്പുന്ന നേരത്തല്ലാതെ കഴിക്കാതിരിക്കുക. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഗുരുവച്ചന്‍ പുറത്തെവിടെയോ പോയ നേരത്ത് സീനിയര്‍ ആയിട്ടുള്ള ഒരു ബ്രദര്‍ ഞങ്ങളുടെ സന്ന്യാസിക്കൂട്ടത്തിനിടയിലേക്കു കയറി വന്നു. കൈ നിറയെ ലഡ്ഡു. എല്ലാവര്‍ക്കും അദ്ദേഹം ലഡ്ഡു കൊടുത്തു. ഞാനും അത് വാങ്ങി കൈയില്‍ വച്ചു. അന്നേരമാണ് അദ്ദേഹം പൊതുവായി ഒരു നിഷ്‌കര്‍ഷ വച്ചത്. ഗുരുവച്ചന്‍ അറിയരുത്. പിന്നെ ഒരു ഭീഷണിയും: ആരെങ്കിലും പറഞ്ഞാല്‍…! അന്നേരമാണ് കാര്യത്തിന്റെ ഗൗരവം എന്നെ തൊട്ടത്. ഔട്ട് ഓഫ് ടൈം ഈറ്റിംഗാണ്! ഇന്നോര്‍ക്കുമ്പോള്‍ വേണമെങ്കില്‍ തമാശയായി തോന്നാം. ഒരു ലഡ്ഡു കഴിച്ചാല്‍ എന്തിരിക്കുന്നു എന്നൊക്കെ അലസന്‍ മട്ടില്‍ ചോദിക്കാം.

പക്ഷേ, അന്ന് അങ്ങനെയല്ല, തോന്നിയത്. ഒരു കള്ളം കാണിക്കുന്നു. അതിനൊപ്പം കൂട്ടുനില്‍ക്കുന്നു! മനസ്സില്‍ വല്ലാത്ത ഭാരം തോന്നിയപ്പോള്‍ ഞാന്‍ അത് കഴിച്ചില്ല. എല്ലാവരും അത് ശ്രദ്ധിച്ചു. ആരും എന്നോട് മിണ്ടാതായി. അവരുടെ ഭയം ഞാനെങ്ങാനും ഗുരുവച്ചനോട് ചെന്ന് ഇക്കാര്യം പറയുമോ എന്നാണ്. അദ്ദേഹം പുറത്തു പറയില്ലെന്നുറപ്പുള്ളതു കൊണ്ട് ഞാന്‍ ചെന്ന് കുമ്പസാരക്കാരനോട് പറഞ്ഞു, ഞാന്‍ ചെയ്തത് ശരിയോ തെറ്റോ. ശരിയെന്ന് ഉത്തരം കിട്ടി. ആരെയും ഒറ്റിക്കൊടുത്തില്ല. എന്നിട്ടും തിരിച്ചറിയാന്‍ കഴിഞ്ഞു, സംഘം ചേരാത്ത ഒരാളോട് മറ്റുള്ളവര്‍ കാണിക്കുന്ന പേടി കലര്‍ന്ന അകലം. വെറുതെ വേണ്ടെന്നു വയ്ക്കുന്ന ഒരു ലഡ്ഡു പോലും ചിലരുടെ മനസ്സില്‍ തീ കോരിയിടുന്നു!

ജീവിതം എപ്പോഴും വച്ചു നീട്ടുന്ന വെല്ലുവിളിയാണ് ഒരു സംഘത്തിന്റെ ഒപ്പം നില്‍ക്കാനുള്ളത്. സംഘത്തിന്റെ അനിഷ്ടങ്ങളെ ഭയന്ന് നാം ചിലപ്പോള്‍ നമ്മുടെ ബോധ്യങ്ങളെയും വിശ്വാസങ്ങളെയും പോലും വിഴുങ്ങുന്നു. എളുപ്പമല്ല, ഈ സ്വാതന്ത്ര്യത്തിലേക്കെത്താന്‍. പിന്നീടൊരിക്കലും അവര്‍ അവന്റെ കൂടെ നടന്നില്ല എന്ന് യേശുവിന്റെ അനുയായികളായിരുന്ന ചിലരെ കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. ക്രിസ്തു അവരെ തിരുത്താനോ പിന്നില്‍ നിന്ന് വിളിക്കാനോ പോയില്ല. ക്രിസ്തുവിനെ പോലെ മരണഭീതിയെ മറികടന്നവരാരുമില്ല. സൗകര്യങ്ങളും സമാധാനവുമൊക്കെ പോയ്‌പ്പോകുമെന്നൊരു പേടി നമ്മെ വേട്ടയാടുന്നത് കൊണ്ടാണ് പലപ്പോഴും നാം നിശ്ശബ്ദരാകുന്നത്. മരണഭീതിയെ ജയിക്കുകയാണ് പ്രധാനം. പിന്നെ സല്‍പേര് എന്നൊരു ചങ്ങല. ക്രിസ്തുവിന് ഇതു രണ്ടും പ്രശ്‌നമായിരുന്നില്ല! ശബ്ദങ്ങളാവശ്യമുണ്ട്, ഈ ലോകത്തില്‍. ഹൃദയങ്ങളെ മറച്ചു പിടിക്കാന്‍ പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഈ ലോകത്തില്‍, ഈ സമൂഹത്തില്‍. അതാണ് ഉള്ളിലെ വെളിച്ചം. സ്വാതന്ത്ര്യം.

 

 

ഫ്രേസര്‍

You must be logged in to post a comment Login