ഹെലികോപ്റ്റര്‍ ടൂറിസത്തിനെതിരെ ഗോവന്‍ വൈദികന്‍

പനാജി: സംസ്ഥാനത്ത് നടപ്പില്‍ വരുത്താന്‍ പോകുന്ന ഹെലികോപ്റ്റര്‍ ടൂറിസത്തിനെതിരെ ഗോവന്‍ വൈദികനായ ഫാദര്‍ റോദനി റെബല്ലോ രംഗത്ത്. ഇത് ഗോവയില്‍ ഇപ്പോഴുള്ള ജൈവവൈവിധ്യത്തെയും നിലവിലുള്ള കച്ചവടസംരംഭങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.

ഹെലികോപ്റ്റര്‍ ടൂറിസം ഗോവയിലെ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള പ്രയോജനങ്ങളും നല്‍കില്ല. സമ്പന്നമായ ജൈവവൈവിധ്യമുള്ള നാടാണിത്. പക്ഷികളുടെയും മൃഗങ്ങളുടെയും നിലനില്‍പിനെത്തന്നെ ഇതു ബാധിക്കും. ടൂറിസമെന്ന പേരു പറഞ്ഞ് നിലവിലുള്ള ആവാസവ്യവസ്ഥകളെ നശിപ്പിക്കാനാകില്ലെന്നും  ഫാദര്‍ റെബല്ലോ പറഞ്ഞു.

ഹെലികോപ്റ്റര്‍ ടൂറിസം എന്ന ആശയത്തിനെതിരെ രംഗത്തു വരാന്‍ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതേക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും ഫാദര്‍ റെബല്ലോ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login