ഹൈവേ മിനിസ്ട്രി- ഒരു പുരോഹിതന്റെ വേറിട്ട ശുശ്രൂഷാവഴി

ഹൈവേ മിനിസ്ട്രി- ഒരു പുരോഹിതന്റെ വേറിട്ട ശുശ്രൂഷാവഴി

സ്പെയ്ന്‍: വരങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവരും ശുശ്രൂഷിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ് എന്നതിന് ആധുനികകാലത്തെ ജീവിക്കുന്ന അടയാളമാണ് ഫാ. ജോസ് ഓമെന്റെ. നാലു ചക്രം ഘടിപ്പിച്ച വാഹനങ്ങളില്‍ ഓരോരോ ജീവിതങ്ങളെയും കൊണ്ട് വിവിധ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് അവരുടെ തന്നെയും യാത്രക്കാരുടെയും ജീവന്റെ മൂല്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും വഴികളില്‍ കരുണയുടെ പ്രവാചകന്മാരാകാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷയാണ് ഇദ്ദേഹം ചെയ്യുന്നത്. ഹൈവേ മിനിസ്ട്രി എന്നാണ് ഇത് അറിയപ്പെടുന്നത്.

സ്പാനീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ നേതൃത്വത്തിലുള്ള ഹൈവേ മിനിസ്ട്രിയുടെ തലവനാണ് ഇദ്ദേഹം. ഡ്രൈവര്‍മാര്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ തിരിച്ചറിവുണ്ടായത് 1962 ലെ ഒരു ക്രിസ്മസ് കാലത്തായിരുന്നുവെന്ന് അച്ചന്‍ ഓര്‍മ്മിക്കുന്നു.

ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ വണ്ടി കാത്തുനില്ക്കുമ്പോഴാണ് അന്ന് ഒരു ട്രക്ക് ഡ്രൈവര്‍ രക്ഷകനായി എത്തിയത്. ആ യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ പറഞ്ഞ കാര്യം അച്ചനെ ആഴത്തില്‍ സ്പര്‍ശിച്ചു.ദീര്‍ഘദൂരമുള്ള യാത്ര മൂലം വിശേഷാവസരങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ചെലവിടാന്‍ കഴിയാതെ പോകുന്നതിന്റെ വിഷമം അതിലുണ്ടായിരുന്നു. അപ്പോഴാണ് ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ഇത്തരംചില പ്രശ്‌നങ്ങളെക്കുറിച്ച് അച്ചന് ബോധ്യമുണ്ടായത്. ഹൈവേ മിനിസ്ട്രിയുടെ ആരംഭം അങ്ങനെ 1968 ല്‍ ആരംഭിച്ചതാണ്.

ഹൈവേ മിനിസ്ട്രി ഈവര്‍ഷം കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. റോഡില്‍ കരുണയുള്ളവരായി മാറുവാനാണ് ഈ വര്‍ഷം ഹൈവേ മിനിസ്ട്രി ആഹ്വാനം ചെയ്യുന്നത്. ടാക്‌സി, ബസ്, ആംബുലന്‍സ് എന്നിവ ഓടിക്കുന്നവരോടാണ് പ്രത്യേകമായി ഈ ആഹ്വാനം.

വാഹനാപകടങ്ങളില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെആശ്വസിപ്പിക്കുക, സഹായിക്കുക, അപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കുക തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്.

എല്ലാ വര്‍ഷവും നവംബറില്‍ റോഡപകടങ്ങളില്‍ വരിച്ചവര്‍ക്ക് വേണ്ടി വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നില്‍ രണ്ടായിരത്തോളം പേരാണ് റോഡപകടങ്ങളില്‍ മരണമടഞ്ഞത്. വണ്ടിയോടിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ യാത്ര ചെയ്യാനും റോഡുകളില്‍ ജീവിതം ആസ്വദിക്കാനും വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അച്ചന്‍ പറയുന്നു.

You must be logged in to post a comment Login