ഹോളിവുഡ് നടന്‍ ജോസഫ് ഫിന്‍സ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

ഹോളിവുഡ് നടന്‍ ജോസഫ് ഫിന്‍സ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: ഹോളിവുഡ് നടന്‍ ജോസഫ് ഫിന്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് ജോസഫ് ഫിന്‍സ് മാര്‍പാപ്പയെ കണ്ടത്. ഫിന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘റൈസനിലെ’ നായികയും അര്‍ജന്റൈന്‍ നടിയുമായ മരിയ ബോട്ടോയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

‘വത്തിക്കാനിലെത്തി ഞങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുഗ്രഹം വാങ്ങി. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു അത്. അദ്ദേഹം ഏറെ ജനകീയനായ പാപ്പയാണ്. അദ്ദേഹത്തിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങാനായത് എന്റെ കുടുംബത്തിനു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ഇത് എപ്പോഴും സംഭവിക്കുന്നതല്ല. നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്’, ജോസഫ് ഫിന്‍സ് പറഞ്ഞു.

‘റൈസന്റെ’ പ്രചരണാര്‍ത്ഥം കുറച്ചു ദിവസങ്ങളായി റോമില്‍ താമസിച്ചു വരികയായിരുന്നു ജോസഫ് ഫിന്‍സ്. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരും ഫിന്‍സിനൊപ്പമുണ്ടായിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനം വിശ്വാസിയുടെ കണ്ണിലൂടെ പറയുന്ന സിനിമയാണ് ‘റൈസന്‍’. ചിത്രം ഇന്ന് വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും.

You must be logged in to post a comment Login