114 മുറിവുകള്‍, മുറിവിനുള്ളില്‍ ധാന്യപ്പൊടിയും ഉപ്പും…

114 മുറിവുകള്‍, മുറിവിനുള്ളില്‍ ധാന്യപ്പൊടിയും ഉപ്പും…

ഒരു പ്രഭാതമാണ് ബക്കീത്തയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അവളുടെ ഓര്‍മ്മയുടെ മൂടല്‍മഞ്ഞില്‍ ആ ദിവസത്തെ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അവളും ഒരു കൂട്ടുകാരിയും കൂടി വയല്‍വരമ്പിലൂടെ നടന്നുവരുമ്പോള്‍ വേലിക്കരികിലായി രണ്ട് അപരിചിതര്‍ നില്ക്കുന്നു. ഞങ്ങള്‍ക്ക് കാട്ടില്‍പോയി എന്തെങ്കിലും പഴം കഴിക്കാനായി പറിച്ചൂകൊണ്ടുവരൂ.. എന്ന് അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന്റെ മറുപടിയായി കേട്ടപാതി കേള്‍ക്കാത്തപാതി ബക്കീത്ത കാട്ടിനുള്ളിലേക്കോടി. അവിടെ ദുരിതം രണ്ട് അറബികളുടെ രൂപത്തില്‍ അവളെ കാത്തുനിന്നിരുന്നു. അവര്‍ അവളെ ബലാത്ക്കാരമായി കീഴടക്കി. മിണ്ടിപോകരുത്. ശബ്ദം കൂട്ടി ആളെ വിളിച്ചുകൂട്ടുകയുമരുത്. കൊന്നുകളയും…

മൂര്‍ച്ചയേറിയ കത്തിയുടെ തണുപ്പ് കഴുത്തില്‍ മരണത്തിന്റെ സ്പര്‍ശമറിയിക്കുന്നത് ആ കുട്ടിയറിഞ്ഞു. പിന്നെ അവള്‍ ശബ്ദിച്ചില്ല..പ്രതിഷേധിച്ചുമില്ല.കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ അവള്‍ അവരെ അനുഗമിച്ചു. വീട് തനിക്ക് ഓര്‍മ്മയായി മാറുകയാണോയെന്ന് അവള്‍ ഭയന്നു..തന്നെ കാണാഞ്ഞ് വിഷമിക്കുന്ന വീട്ടുകാരെക്കുറിച്ചുള്ള ഓര്‍മ്മ അവളുടെ കണ്ണ് നനയിച്ചു. പക്ഷേ ഇനിയൊരിക്കലും തനിക്ക് വീടോ വീട്ടുകാരെയോ കാണാന്‍ കഴിയില്ലെന്ന് അവള്‍ക്കപ്പോഴും ചിന്തയുണ്ടായിരുന്നില്ല. എങ്കിലും എങ്ങോട്ടാണ് തന്നെ ഇവര്‍ കൊണ്ടുപോകുന്നത്?

അറബികളായ അടിമക്കച്ചവടക്കാരായിരുന്നു ബക്കീത്തയെ തട്ടിക്കൊണ്ടുപോയവര്‍. കൊരടോഫാന്‍ എന്ന നഗരത്തിലേക്കാണ് അവര്‍ അവളെ കൊണ്ടുപോയത്. അവിടെ നടന്ന അടിമക്കച്ചവടത്തില്‍ അവള്‍ ആദ്യമായി വില്ക്കപ്പെട്ടു. പിന്നെ പല ഘട്ടങ്ങളിലായി അഞ്ചുവട്ടം അവള്‍ കൈമാറ്റം ചെയ്യപ്പെട്ടതായി ജീവചരിത്രം പറയുന്നു. പലവട്ടം രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു.അത് കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ അവള്‍ക്കിടയാക്കുകയും ചെയ്തു.

അതിനിടയില്‍ നിരവധിയായ പീഡനങ്ങള്‍ അവളുടെ മനസ്സും ശരീരവും തകര്‍ത്തുകളഞ്ഞു. ഓര്‍മ്മകള്‍ക്ക് പോലും ക്ഷതം സംഭവിച്ചു. ഭൂതകാലം ഇരുള്‍ പോലെ അവളെ വിഴുങ്ങി.അവള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായി; ഒടുവില്‍ പേരും.

ബക്കീത്തയെന്ന പേരു അവള്‍ക്ക് നല്കിയത് അവളെ തട്ടിക്കൊണ്ടുപോയവര്‍ തന്നെയായിരുന്നു. ഭാഗ്യമുള്ള ഒന്ന് എന്നായിരുന്നു ആ അറബ് വാക്കിന്റെ അര്‍ത്ഥം. അതെ അവള്‍ ഭാഗ്യവതി തന്നെയായിരുന്നു. ദൈവം അവളെ പ്രത്യേകമായി നോട്ടമിട്ടിരുന്നതുകൊണ്ടുതന്നെ….
അവളെ അടിമയായി വാങ്ങുന്നതാരോ അവരുടെ വ്യക്തിത്വത്തിന്റെ സ്വഭാവസവിശേഷതകള്‍ക്ക് അനുസരിച്ചുള്ള നിരവധിയായ പീഡനങ്ങള്‍ക്ക് അവള്‍ വിധേയയാകേണ്ടി വന്നു. അതിലും വച്ചേറ്റവും ദുരിതപര്‍വ്വം ഒട്ടാമന്‍ ആര്‍മി ഓഫീസറുടെ അടിമയായി ജീവിച്ചപ്പോഴായിരുന്നു. ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു അയാള്‍.

ബക്കീത്തയുടെ ശരീരമാകെ വരഞ്ഞുകീറി അതില്‍ വെള്ള ധ്യാനപ്പൊടിയും ഉപ്പും ചേര്‍ത്തുവയ്ക്കുകയും തുന്നിക്കെട്ടുകയുമായിരുന്നു അയാളുടെ വിനോദം.114 മുറിവുകളാണ് ഇപ്രകാരം അവളുടെ ശരീരത്തിലുണ്ടായത്. മരണത്തോളമെത്തുന്ന സഹനത്തിന്റെ നിമിഷങ്ങള്‍.. എന്നിട്ടും എന്തുകൊണ്ടാണ് ദൈവം അപ്പോഴൊന്നും അവളുടെ ജീവന്റെ മേല്‍ അവകാശം തിരികെയെടുക്കാതിരുന്നത്?

ദൈവം തനിക്കായി അവളെ കരുതിവയ്ക്കുകയായിരുന്നു.
ഇറ്റലിക്കാരനായ കാലിസ്റ്റോ ലെഗനാനിയുടെ അടിമയായിക്കഴിഞ്ഞപ്പോള്‍ അടിമജീവിതത്തിലേക്കാദ്യമായി സൂര്യവെളിച്ചം കടന്നുവരുന്നത് അവളറിഞ്ഞു. വീട് എന്നാല്‍ എന്താണെന്ന് അവളറിഞ്ഞു. മനുഷ്യര്‍ എന്നാല്‍ ആരാണെന്നും. ഇന്നുവരെ അവള്‍ കണ്ടത് മുഴുവന്‍ മനുഷ്യന്‍ എന്ന് പേരുള്ള ഇരുകാലിമൃഗങ്ങളെയായിരുന്നു.

പക്ഷേ അവളുടെ സന്തോഷത്തിന് ഏറെ ആയുസ് ഉണ്ടായിരുന്നില്ല. സുഡാനില്‍ നിന്ന് ഇറ്റലിയിലേക്ക് മടങ്ങേണ്ട രാഷ്ട്രീയ സാഹചര്യം ലെഗനാനിക്ക് വന്നതായിരുന്നു കാരണം. തന്നെയും കൊണ്ടുപോകണമെന്ന അവളുടെ അപേക്ഷ അയാള്‍ പരിഗണിച്ചു.തന്റെ സുഹൃത്ത് അഗസ്റ്റോ മിഷെലിയ്‌ക്കൊപ്പം ബക്കീത്തയെയും ഇറ്റലിയിലേക്ക് കൊണ്ടുപോകാമെന്ന് ഒടുവില്‍ അയാള്‍ സമ്മതിച്ചു.

എന്നാല്‍ ജനീവയിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ മറ്റൊരു സംഭവവികാസമുണ്ടായി. മിസിസ് മിഷെലി തങ്ങളുടെ കൂടെ ബക്കീത്തയെ അയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മകള്‍ മിംമിനയെ പരിചരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അത്തരമൊരു ആവശ്യം അവര്‍ ഉന്നയിച്ചത്. അതോടെ ബക്കീത്തയുടെ ജീവിതം മിഷെലി കുടുംബത്തിനൊപ്പമായി. മിഷൈലിയുടെ മകള്‍ മിംമിനയുടെ പോറ്റമ്മയും കൂട്ടുകാരിയുമായി മാറാന്‍ അധികസമയം ഒന്നും വേണ്ടിവന്നില്ല ബക്കീത്തയ്ക്ക്.

മൂന്നുവര്‍ഷങ്ങള്‍ ഇപ്രകാരം കടന്നുപോയപ്പോള്‍ അപ്രതീക്ഷിതമായ മറ്റൊരു സംഭവവികാസവും അവരുടെ ജീവിതത്തിലുണ്ടായി. സുഡാനിലെ സുവാകീനില്‍ ഹോട്ടല്‍ ബിസിനസായിരുന്നു മിഷെലിയ്ക്ക്. അയാളുടെ ബിസിനസില്‍ സഹായിക്കേണ്ട സാഹചര്യം ഭാര്യയ്ക്കുണ്ടായി. എന്നാല്‍ മകളെയും ബക്കീത്തയെയും അവിടേയ്ക്ക് കൊണ്ടുപോകാന്‍ കഴിയുന്ന പശ്ചാത്തലമായിരുന്നില്ല അവിടെയുണ്ടായിരുന്നത്. മകളെയും ബക്കീത്തയെയും സുരക്ഷിതമായി ഏല്പിക്കാന്‍ കഴിയുന്ന സ്ഥലമേതെന്ന അവരുടെ അന്വേഷണം എത്തിച്ചേര്‍ന്നത് കനേഷ്യന്‍ സിസ്റ്റേഴ്‌സിലായിരുന്നു. അങ്ങനെ മിംമിനയും ബക്കീത്തയും കനോഷ്യന്‍ കോണ്‍വെന്റിലെത്തിച്ചേര്‍ന്നു.

അത് ബക്കീത്തയുടെ ജീവിതത്തിന്റെ പരിണാമഘട്ടമായിരുന്നു.പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്കന്നോണമുള്ള ജീവിതമാറ്റം. ഇവിടെ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു. ബക്കീത്തയില്‍ എന്നും ദൈവാന്വേഷണം ഉണ്ടായിരുന്നു. ദൈവാനുഭവവുമുണ്ടായിരുന്നു. പക്ഷേ ദൈവത്തെക്കുറിച്ചുള്ള അറിവ് അവള്‍ക്കുണ്ടായിരുന്നില്ല എന്നുമാത്രം.

എങ്കിലും ആത്മകഥയില്‍ ബക്കീത്ത എഴുതിയതുപോലെ, സൂര്യനെ കാണുമ്പോള്‍, ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോള്‍ ഞാന്‍ എന്നോടുതന്നെ പലവട്ടം ചോദിച്ചിരുന്നു, ആരായിരിക്കും ഇവ സൃഷ്ടിച്ചത്? ആരുടെ കരങ്ങളായിരിക്കും മനോഹരമായ ഇതിന്റെ സൃഷ്ടികള്‍ക്ക് പിന്നിലുള്ളത്? അപ്പോഴൊക്കെ അവ സൃഷ്ടിച്ച കരങ്ങളെ കാണാന്‍ ഞാനാഗ്രഹിച്ചിട്ടുണ്ട്.. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്…

മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളുമായിരുന്നു സുഡാനിലെ ജനതകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവോ അന്വേഷണമോ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ കനോഷ്യന്‍ മഠത്തിലെ പ്രാര്‍ത്ഥനകളും സന്ന്യാസിനിമാരുടെ ജീവിതരീതികളും പുതിയൊരുആകാശത്തിലേക്കുള്ള കിളിവാതിലാണ് ബക്കീത്തയ്ക്ക് തുറന്നുകൊടുത്തത്. അവരുടെ വഴിയെ ചരിക്കണമെന്ന ആഗ്രഹം ബക്കീത്തയില്‍ ശക്തമായി. ഒടുവില്‍ 1890 ജനുവരി 9 ന് ബക്കീത്ത കത്തോലിക്കാവിശ്വാസത്തെ ആശ്ലേഷിച്ചു.

അവള്‍ക്ക് പുതിയൊരു പേരും ലഭിച്ചു ജോസഫൈന്‍ മാര്‍ഗരീറ്റ. അന്നേ ദിനം തന്നെ ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. താന്‍ കത്തോലിക്കാസഭയില്‍ അംഗമായ ദിവസത്തെ ബക്കീത്ത വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

ഞാന്‍ ദൈവത്തിന്റെ മകളായിരിക്കുന്നു.
മാമ്മോദീസയും ആദ്യകുര്‍ബാനയും സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ ബക്കീത്തയുടെ മനസ്സില്‍ മറ്റൊരാഗ്രഹം മൊട്ടിട്ടു. കന്യാസ്ത്രീയാകണം. ഇതിനിടയില്‍ മറ്റ് ചില സംഭവവികാസങ്ങളും അരങ്ങേറിയിരുന്നു. സുഡാനില്‍ നിന്ന് തിരികെയെത്തിയ മിഷെലി ബക്കീത്തയെ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ബക്കീത്ത വിസമ്മതം രേഖപ്പെടുത്തുകയും ഒടുവില്‍കോടതിയില്‍ കേസ് എത്തുകയും കേസ് ബക്കീത്ത അനുകൂലമാകുകയും ചെയ്തതായിരുന്നു ആ സംഭവം.

1893 ഡിസംബര്‍ ഏഴിന് ഏകദേശം നാല്പതിനടുത്ത പ്രായത്തില്‍ ബക്കീത്ത തിരുസഭാവസ്ത്രം സ്വീകരിച്ച് സിസ്റ്റര്‍ ജോസഫൈനായി. തുന്നല്‍ക്കാരിയുടെയും അടുക്കളക്കാരിയുടെയും വാതില്‍കാവല്‍ക്കാരിയുടെയും വിവിധ വേഷപ്പകര്‍ച്ചകളുമായി അമ്പതുവര്‍ഷങ്ങള്‍…. ആരോടും പരാതിയില്ല.. വിദ്വേഷമില്ല.സ്‌നേഹത്തില്‍ ചാലിച്ചെഴുതിയ ജീവിതം.

വേദനിപ്പിച്ചവരോടും തട്ടിക്കൊണ്ടുപോയവരോടും പീഡിപ്പിച്ചവരോടും ആ മനസ്സിലുണ്ടായിരുന്നത് സ്‌നേഹം മാത്രം.തന്നെ പീഡിപ്പിച്ചവരോടുള്ള ബക്കീത്തയുടെ പ്രതികരണം എന്തായിരുന്നുവെന്നോ…ഞാനവരെ വീണ്ടും കണ്ടുമുട്ടുകയാണെങ്കില്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് അവരുടെ കൈകളില്‍ ഉമ്മവയ്ക്കും. അപ്രകാരം ചെയ്യാന്‍ എനിക്ക് കഴിയുകയില്ലെങ്കില്‍ ഞാനൊരിക്കലും ഒരു ക്രിസ്ത്യാനിയോ സന്ന്യാസിനിയോ ആവുകയില്ല.

1910 ല്‍ സിസ്റ്റര്‍ ജോസഫൈന്‍ ആത്മകഥാരചനയ്ക്ക് തുടക്കം കുറിച്ചു. 1930 ല്‍ ആത്മകഥ പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകൃതമായി. 1947 ഫെബ്രുവരി എട്ടിനായിരുന്നു ജോസഫൈന്‍ ബക്കീത്തയുടെ മരണം.രോഗക്കിടക്കയില്‍ പോലും ജോസഫൈനെ അടിമജീവിതത്തിന്റെ വേദനകള്‍ വേട്ടയാടിയിരുന്നു. ഉറക്കത്തില്‍ അത്തരം ദിനങ്ങള്‍ ദു:സ്വപ്നമായി വേട്ടയാടി ആ ചങ്ങലയൊന്ന് അഴിച്ചുവിടൂ അതിന്റെ ഭാരം എനിക്ക് താങ്ങാനാവില്ല എന്ന് ജോസഫൈന്‍ രോഗക്കിടക്കയിലും വിലപിക്കാറുണ്ടായിരുന്നുവത്രെ.

1959 ല്‍ ജോസഫൈന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു. 1978 ല്‍ ധന്യപദവി. 1992 മെയ് 17 ന് വാഴ്ത്തപ്പെട്ടവള്‍. 2000 ഒക്‌ടോബര്‍ ഒന്നിന് വിശുദ്ധപദവി.

വെറുപ്പും വിദ്വേഷവും പകയും പ്രതികാരവും ലോകത്തെ കീഴടക്കുമ്പോള്‍ സ്‌നേഹത്തിന്റെയുംക്ഷമയുടെയും പാഠങ്ങള്‍ ലോകത്തിന് നല്കിയ വിശുദ്ധ ജോസഫൈന്‍ ബക്കീത്ത ക്രിസ്തുവിശ്വാസത്തിന്റെയും പ്രബോധനങ്ങളുടെയും ഉദാത്ത മാതൃകയായി ഇന്ന് നമുക്ക് മുന്നില്‍നില്ക്കുന്നു.

വിശുദ്ധ നമ്മോട്ഉയര്‍ത്തുന്ന ഒരേയൊരു വെല്ലുവിളി ഇതായിരിക്കുമെന്ന് തോന്നുന്നു, പീഡിപ്പിച്ചവരോട് മനസ്സാ ക്ഷമിക്കാന്‍, പൊറുക്കാന്‍ ആത്മാര്‍ത്ഥമായി അവരെ സ്‌നേഹിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

ഈ നോന്പുകാലത്ത് വിശുദ്ധ ജോസഫൈന്‍ ബക്കീത്ത ഉയര്‍ത്തുന്ന വെല്ലുവിളി ധ്യാനപൂര്‍വ്വം നമുക്ക് സ്വീകരിക്കാന്‍ ശ്രമിക്കാം..അതിനായി പ്രാര്‍ത്ഥിക്കാം…

ബിജു

You must be logged in to post a comment Login