116 വയസ്സുള്ള ലോകമുത്തശ്ശിക്ക് മാര്‍പാപ്പയുടെ പിറന്നാള്‍ ആശംസ

116 വയസ്സുള്ള ലോകമുത്തശ്ശിക്ക് മാര്‍പാപ്പയുടെ പിറന്നാള്‍ ആശംസ

ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ളയാള്‍ ഇറ്റലിക്കാരിയാണ്. പേര് എമ്മാ മൊറാനോ. പ്രായം 116 വയസ്സ്. എമ്മയെക്കാള്‍ പ്രായമുണ്ടായിരുന്ന കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ വനിത സുസന്നാ ജോണ്‍സ് കഴിഞ്ഞ ദിവസം നിര്യാതയായതിനെ തുടര്‍ന്നാണ് എമ്മാ ലോക മുത്തശ്ശിയായി മാറിയത്.

എമ്മായ്ക്ക് ആശംസ നേര്‍ന്നവരില്‍ ഫ്രാന്‍സിസ് പാപ്പായും ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റെറെല്ലയും ഉണ്ടായിരുന്നു. പാപ്പാ ടെലിഗ്രാം മുഖേനയാണ് എമ്മയ്ക്ക് പിറന്നാള്‍ ആശംസാ സന്ദേശം അയച്ചത്.

താന്‍ ഒരിക്കലും മദ്യപാനവും പുകവലിയും നടത്തിയിട്ടില്ലെന്നും ഇതാണ് തന്റെ സുദീര്‍ഘജീവിതത്തിന് കാരണമെന്നും എമ്മാ പറയുന്നു. എന്നും രാവിലെ 6 മണിക്ക് ഉണരുന്ന എമ്മ കൃത്യം 7 മണിക്ക് ഉറങ്ങാന്‍ പോകും. ഈ പതിവും കണിശമായി കാത്തിരുന്നു, ജീവിതത്തില്‍ ഉടനീളം.

പിയെഡ്‌മോണ്ടില്‍ സിവിയാസ്‌കോ ഗ്രാമത്തില്‍ ജനിച്ച എമ്മാ മൊറാനോ നിത്യവും മൂന്ന് മുട്ട കഴി്ക്കുമായിരുന്നു. രണ്ടെണ്ണം പച്ചയ്ക്കും ഒന്ന് പുഴുങ്ങിയും. കൗമാരകാലത്ത് ഒരു വൈദ്യന്‍ നല്‍കിയ ഉപദേശമനുസരിച്ചായിരുന്നു, അത്.

എന്തായാലും ആയുസ്സ് എമ്മായുടെ പാരമ്പര്യസ്വത്ത് കൂടിയാണ്. എമ്മായുടെ സഹോദരിമാരില്‍ ഒരാള്‍ 107 വയസ്സു വരെയും അമ്മ 91 വയസ്സുവരെയും ജീവിച്ചിരുന്നു.
ഫ്രേസര്‍

You must be logged in to post a comment Login