16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയുടെ ഓര്‍മ്മക്കായി ഗോവയില്‍ സംഗീതോത്സവം

16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയുടെ ഓര്‍മ്മക്കായി ഗോവയില്‍ സംഗീതോത്സവം

ഗോവ: 16-ാം നൂറ്റാണ്ടില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കെറ്റിയാന്റെ ഓര്‍മ്മക്കായി ഗോവയില്‍ സംഗീതോത്സവം സംഘടിപ്പിച്ചു. ഗോവയിലെ സാന്റ മോനിക്ക കത്തീഡ്രലില്‍ ഫെബ്രുവരി 12 നാണ് സംഗീതോത്സവം ആരംഭിച്ചത്. ഉത്സവം 10 ദിവസം നീണ്ടു നില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 40 തോളം സംഗീതജ്ഞരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്.

ആത്മീയതയും സംഗീതവും സമ്മേളിക്കുകയാണ് ഈ ഉദ്യമത്തിലൂടെയെന്ന് സംഗീതോത്സവത്തിന്റെ ഡയറക്ടര്‍ സാന്റിയാഗോ ഗിറെല്ലി പറഞ്ഞു. വിശുദ്ധ കെറ്റീവന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കിയാണ് ഇവര്‍ സംഗീതശില്‍പം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജോര്‍ജ്ജിയയിലെ കാഖേത്തി രാജ്യത്തിലെ രാജ്ഞിയായിരുന്നു കെറ്റിയാന്‍. പേര്‍ഷ്യന്‍ ഭരണാധികാരിയായിരുന്ന ഷാബ് അബ്ബാസ് രാജ്യം പിടിച്ചെടുക്കുകയും കെറ്റിയാനെ തടവിലാക്കുകയും ചെയ്തു. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഷാബ് അബ്ബാസിന്റെ കല്‍പന നിരസിച്ചതിനെത്തുടര്‍ന്ന് കെറ്റിയാന്‍ കൊല്ലപ്പെടുകയായിരുന്നു. 1627 ല്‍ പോര്‍ച്ചുഗീസ് ഇന്ത്യയില്‍ എത്തിയപ്പോള്‍ കെറ്റിയാന്റെ കൈയുടെ ഒരു ഭാഗം കൊണ്ടുവരികയും ഗോവയിലെ അഗസ്റ്റീനിയന്‍ കോണ്‍വെന്റിനോട് ചേര്‍ന്ന് സംസ്‌കരിക്കുകയും ചെയ്തു.

You must be logged in to post a comment Login