ക്രൈസ്തവനായ പതിനേഴുകാരനെ പോലീസ് തല്ലിക്കൊന്നു

ക്രൈസ്തവനായ പതിനേഴുകാരനെ പോലീസ് തല്ലിക്കൊന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവനായ പതിനേഴുകാരനെ പോലീസ് തല്ലിക്കൊന്നു. ഈ മാസം ആരംഭത്തിലാണ് സംഭവം. അര്‍സ്ലാന്‍ മസിഹ എന്ന പതിനേഴുകാരനാണ് പോലീസിന്റെ അടിയും ഇടിയുമേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് ഇങ്ങനെ:

ഐഡിയല്‍ സയന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍സ്ലാന്‍. സഹപാഠിയായ ഒരു മുസ്ലീമുമായി അര്‍സ്ലാന്‍ അടിപിടിയുണ്ടായി. ഇസ്ലാം മതത്തിലേക്ക് മതപ്പരിവര്‍ത്തനം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു ശണ്ഠ. ഇതില്‍ വിജയിച്ചത് അര്‍സ്ലാനായിരുന്നു. പിന്നീട് നടന്ന കാര്യങ്ങള്‍ ആരും പ്രതീക്ഷിക്കാത്തതായിരുന്നു.

വഴക്കുണ്ടാക്കിയ മുസ്ലീമിന്റെ അമ്മാവന്‍ കോണ്‍സ്റ്റബിളായിരുന്നു. തന്റെ അഞ്ച് സഹപ്രവര്‍ത്തകരൊത്ത് ഇയാള്‍ സയന്‍സ് അക്കാദമിയിലെത്തുകയും അര്‍സ്ലാനെ അടിക്കുകയും ചെയ്തു. അനന്തിരവനുമായി വഴക്കുണ്ടാക്കിയതില്‍ അര്‍സ്ലാന്‍ മാപ്പ് ചോദിച്ചെങ്കിലും കോണ്‍സ്റ്റബിള്‍ അതിനൊന്നും സന്നദ്ധനായിരുന്നില്ല. തങ്ങളുടെ ഒപ്പം പോലീസ് സ്‌റ്റേഷനിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അധ്യാപകന്‍ സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസുകാര്‍ അധ്യാപകനെയും മര്‍ദ്ദിച്ചു. മസിഹ അധ്യാപകനെ അടിക്കുന്നതു കണ്ടപ്പോള്‍ അത് തടഞ്ഞു. പിന്നീട് പോലീസ് സംഘം ചേര്‍ന്ന് മസിഹായെ ലാത്തിയും പിസ്റ്റളും ഉപയോഗിച്ച് സഹപാഠികള്‍ക്ക് മുമ്പിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ മസിഹായെ റോഡിലുപേക്ഷിച്ച് പോലീസ് സംഘം സ്ഥലംവിട്ടു. മസിഹായെ ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രയ്ക്കിടയില്‍ മരിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ പീനല്‍ കോഡ് അനുസരിച്ച് സെക്ഷന്‍ 148,149,302 പ്രകാരം പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ ലോകത്തിലെ നാലാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്.

You must be logged in to post a comment Login