2015 ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് എങ്ങനെയായിരുന്നു?

2015 ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് എങ്ങനെയായിരുന്നു?

2015 ഭാരതത്തിലെ ക്രൈസ്തവരെ കടന്നുപോയത് ആദ്യം കുറെ വേദനകളും ഒടുവില്‍ ഒത്തിരി സന്തോഷവും കാഴ്ചവച്ചുകൊണ്ടാണ്. രണ്ട് കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തത് ഉള്‍പ്പെടെ ക്രൈസ്തവമതദ്രോഹപ്രവര്‍ത്തനങ്ങളുടെ കറുത്തപാടുകള്‍ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ കഴിഞ്ഞവര്‍ഷം ബാക്കിനിര്‍ത്തിയ ഒരു സന്തോഷം കൊല്‍ക്കൊത്തയിലെ കാരുണ്യത്തിന്റെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതാണ്.

ഫെബ്രുവരിയിലായിരുന്നു ക്രൈസ്തവവിരുദ്ധ നിലപാടുകളുടെ ഭീകര മുഖത്തിന് കഴിഞ്ഞവര്‍ഷം ആദ്യം ഭാരതം സാക്ഷ്യം വഹിച്ചത്. മതപീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാനായി ഒരുമിച്ചുകൂടിയ ക്രൈസ്തവരെ പ്രായദേഭമോ ലിംഗഭേദമോ നോക്കാതെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാരതതലസ്ഥാനം കണ്ണീരോടെ നോക്കിനിന്നു.

സ്ത്രീയെന്നോ വൃദ്ധരെന്നോ നോക്കാതെയായിരുന്നു ആക്രമണമെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഫാ. സവാരി മുത്തുശങ്കര്‍ ഓര്‍മ്മിക്കുന്നു. മൂന്നു പോലീസുകാര്‍ എന്നെ വലിച്ചിഴച്ചു.ഞാന്‍ അവരെ എതിര്‍ത്തു. അപ്പോള്‍ മറ്റ് മൂന്നുപേര്‍കൂടി വന്ന് എന്നെ പോലീസ് ബസിലേക്ക് എടുത്തിട്ടു. അഞ്ച് കത്തോലിക്കാദൈവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ പ്രതികരണത്തിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ ഫാ. ഡെന്നീസ് ജോര്‍ജിന് ഉണ്ടായ അനുഭവമാണിത്. മാര്‍ച്ചിലായിരുന്നു ദൈവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മാര്‍ച്ചിലായിരുന്നു ഭാരതം ലജ്ജയോടെ തലകുനിച്ചുപോയ ആ ദാരുണസംഭവം അരങ്ങേറിയത്. വെസ്റ്റ് ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീ മാനഭംഗത്തിന് ഇരയായി. മറ്റൊരു ദുരന്തം സംഭവിച്ചത് റായ്പ്പൂരില്‍ നിന്നുള്ള സലേഷ്യന്‍ കന്യാസ്ത്രീയെ മുഖംമുടിധാരികളായ രണ്ടുപേര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലേറിയതിന് ശേഷം ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നിരിക്കുന്നതായാണ് തെളിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ ഹൈന്ദവരാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹിന്ദുമതതീവ്രവാദികളുടെ നേതൃത്വത്തില്‍ ഘര്‍വാപ്പസി പോലെയുള്ള പുന: മതപ്പരിവര്‍ത്തനങ്ങളും അരങ്ങേറുകയുണ്ടായി.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് റൈറ്റ്‌സ് ആന്റ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നു തന്നെയാണ്. ക്രൈസ്തവര്‍ക്ക് നേരെ ഇരുനൂറിലധികവും മുസ്ലീങ്ങള്‍ക്ക് നേരെ 170 ഉം മതവിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം അരങ്ങേറി. മതവിദ്വേഷചുവയുള്ള 230 പ്രഭാഷണങ്ങള്‍ക്കും ഭാരതം കാതുകൊടുത്തു. മതദ്രോഹപ്രവര്‍ത്തനങ്ങളെ വെറും പെറ്റി കേസുകളായാണ് അധികാരവര്‍ഗ്ഗം സമീപിക്കുന്നത് എന്നതും ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

ഛത്തീസ്ഘട്ടില്‍ ചില ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാന്‍ ക്രൈസ്തവപുരോഹിതരെ അനുവദിക്കാറില്ല. ഹിന്ദുഭൂരിപക്ഷമുള്ള ഈ വില്ലേജുകളില്‍ ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മതപീഡനങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോഴും ക്രൈസ്തവതീക്ഷ്ണതയുടെ വലിയ പാഠങ്ങളായ പരസഹായവും കാരുണ്യവും കാണിക്കാനും ഭാരതത്തിലെ ക്രൈസ്തവലോകം തയ്യാറായി.

ഏപ്രില്‍ മാസത്തില്‍ അയല്‍രാജ്യമായ നേപ്പാളിലുണ്ടായ ഭൂമികുലുക്കത്തില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്ത്യ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.തമിഴ് നാട്ടിലെ വെള്ളപ്പൊക്കത്തിലും സഹായഹസ്തവുമായി ഭാരതസഭയുണ്ടായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോസിയോട് ഭാരതക്രൈസ്തവര്‍ കാട്ടിയ പരിഗണനയും സ്‌നേഹവും ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. നവംബര്‍ 22 ക്രിസ്തുരാജത്വതിരുനാളില്‍ 13,000 കത്തോലിക്കരാണ് ഡല്‍ഹിയില്‍ ഒരുമിച്ചൂകൂടി പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തത്.

കഴിഞ്ഞവര്‍ഷത്തില്‍ ഭാരതസഭയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ആര്‍ച്ച്ബിഷപിനെയും ആറ് പുതിയ മെത്രാന്മാരെയും സമ്മാനിച്ചു.

ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഏറെ സന്തോഷകരമായ ഒരു പ്രസ്താവനയാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ് ഇന്ത്യന്‍ ബിഷപസ് കോണ്‍ഫ്രന്‍സ് ഒരുക്കിയ ക്രിസമസ് ഡിന്നറില്‍ പങ്കെടുത്തുകൊണ്ട് നടത്തിയത്. തന്റെ ഗവണ്‍മെന്റ് ക്രൈസ്തവരുടെ കൂടെ എപ്പോഴുമുണ്ടായിരുന്നുവെന്നും തുടര്‍ന്നും ഉണ്ടായിരിക്കും എന്നുമായിരുന്നു അത്. അക്കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും ഉണ്ടാവേണ്ട കാര്യമില്ലെന്നും..

ഈ വാക്കുകളെ വിശ്വസിക്കാന്‍ കഴിയത്തക്കവിധത്തിലായിരിക്കട്ടെ 2016 എന്ന് നമുക്ക് പ്രതീക്ഷിക്കാം..അതിനായി കാത്തിരിക്കാം..പ്രാര്‍ത്ഥിക്കാം..

ബിജു

You must be logged in to post a comment Login