2016 ല്‍ ഫ്രാന്‍സിസ് പാപ്പ വാര്‍ത്താതാരമാകുന്നത് എങ്ങനെയൊക്കെ…?

ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത തലവനായ മാര്‍പാപ്പയുടെ വാക്കുകള്‍ ലോകം ശ്രദ്ധയോടെയാണ് ശ്രവിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും ഏറെ പ്രാധാന്യത്തോടു കൂടി തന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും. ഏറെ ജനപ്രീതിയുള്ള മാര്‍പാപ്പയാണ് അദ്ദേഹമെന്നതിലും തര്‍ക്കമില്ല. 2016 ല്‍ ഫ്രാന്‍സിസ് പാപ്പ പ്രധാനമായും ശ്രദ്ധേയനാകുക ഏതെല്ലാം സംഭവങ്ങളിലൂടെയാണെന്നു നോക്കാം.

കുടുംബജീവിതത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രബോധനം

ഈ വര്‍ഷം മാര്‍ച്ചിലാണ് കുടുംബജീവിതത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രബോധനം ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ മെത്രാന്‍ സിനഡില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇടം നേടും.

വിദേശയാത്രകള്‍

സ്ഥാനമേറ്റതിനു ശേഷം ഫ്രാന്‍സിസ് പാപ്പ നടത്തിയ വിദേശയാത്രകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരിയില്‍ മെക്‌സിക്കോയിലേക്കുള്ള യാത്രയായിരിക്കും ഈ വര്‍ഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനം. ജൂലൈയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്‍മനാടായ പോളണ്ടിലെ ക്രാക്കോവില്‍ വെച്ചു നടക്കുന്ന ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനും മാര്‍പാപ്പയെത്തും. മറ്റു വിദേശയാത്രകളെക്കുറിച്ച് വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

പൊതുചടങ്ങുകള്‍

ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതുചടങ്ങ് മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആ മുഹൂര്‍ത്തത്തിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനായി സെപ്റ്റംബറില്‍ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു.

റോമന്‍ ക്യുരിയ ലഘൂകരിക്കല്‍

റോമന്‍ ക്യുരിയ ഈ വര്‍ഷം ലളിതമാക്കുമെന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കരുണയുടെ വര്‍ഷം

2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെ ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയില്‍ കരുണയുടെ വിശുദ്ധ വര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വാര്‍ത്തയിലിടം നേടുമെന്നുറപ്പ്.

You must be logged in to post a comment Login