25,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ

കാനഡ: ഫെബ്രുവരി അവസാനത്തോടെ 25,000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്ന് കാനഡ. പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും ജോര്‍ദ്ദാനിലെ കനേഡിയന്‍ അംബാസിഡര്‍ ബ്രൂണോ സാക്കോമാനി പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥികളും സ്വകാര്യവ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥികളും ഇതിലുള്‍പ്പെടും.

സിറിയന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പ്രവര്‍ത്തനത്തിനാണ് കാനഡ ലക്ഷ്യമിടുന്നത്. അഭയാര്‍ത്ഥികളെ സംരക്ഷിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ഇടവകകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കാനഡയില്‍ അഭയാര്‍ത്ഥിയായി എത്തിയ മാര്‍ട്ടിന്‍ മാര്‍ക്കിനെപ്പോലെയുള്ളവര്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ട്.

അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ബ്രൂണോ സാക്കോമാനി പറഞ്ഞു. ഇതിനെ ഒരു ദേശീയ പദ്ധതിയായി കാണണം. രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന പദ്ധതിയാണിത്. സ്ഥാപിതതാത്പര്യങ്ങള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം, സാക്കോമാനി വ്യക്തമാക്കി.

You must be logged in to post a comment Login