28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്പാനിഷ് വൈദികന് ഇന്ത്യന്‍ പൗരത്വം

28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്പാനിഷ് വൈദികന് ഇന്ത്യന്‍ പൗരത്വം

മുംബൈ: 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്‌പെയിനില്‍ നിന്നുള്ള ഈശോസഭാവൈദികന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. 1948 മുതല്‍ ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ഗൂസി ഫ്രെഡറിക്ക് സൊപ്പേനക്കാണ് ആഗ്രഹപൂര്‍ത്തീകരണമെന്നോണം ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഇതു സംബന്ധിച്ചുള്ള കത്ത് ഫാദര്‍ ഗൂസി ഫ്രെഡറിക്കിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭിച്ചു.

22-ാമത്തെ വയസ്സിലാണ് ‘ബാബ’എന്നു ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഫാദര്‍ ഗൂസി ഫ്രെഡറിക്ക് സൊപ്പേന ഇന്ത്യയിലെത്തിയത്. രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചനം നേടിയ സമയമായിരുന്നു അത്. ഭാരതത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും ഗോത്രവര്‍ഗ്ഗക്കാരുടെയിടയിലും മിഷനറിമാരുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും കൂടെ അദ്ദേഹം സേവനം ചെയ്തു.

1978 ല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അപേക്ഷ അയച്ചെങ്കിലും അധികൃതര്‍ നിരസിച്ചു. 1986 ല്‍ വീണ്ടും അയച്ചു. അതും നിരസിക്കപ്പെട്ടു. ഇന്ത്യന്‍ പൗരനായിത്തന്നെ മരിക്കണമെന്ന ഫാദര്‍ ഗൂസിയുടെ ആഗ്രഹം അറിയാമായിരുന്ന സുഹൃത്തുക്കള്‍ വീണ്ടും അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 2012 ല്‍ മൂന്നാമത്തെ അപേക്ഷ സമര്‍പ്പിച്ചത്. ഈ ഫയല്‍ കാണാതായപ്പോള്‍ അവസാനപ്രതീക്ഷയും ഇല്ലാതായി.

ഒടുവില്‍ ഫയല്‍ കണ്ടുകിട്ടിയപ്പോഴേക്കും ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഫാദര്‍ ഗൂസി ആശുപത്രിയിലായിരുന്നു. ഇന്ത്യന്‍ പൗരനായി മരിക്കണമെന്ന അച്ചന്റെ ആഗ്രഹം നടക്കില്ല എന്നുതന്നെ സുഹൃത്തുക്കള്‍ കരുതി. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യന്‍ പൗരനായി അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ടുള്ള കത്ത് ഫാദര്‍ സൊപ്പേനക്ക് ലഭിക്കുകയായിരുന്നു.

You must be logged in to post a comment Login