33 മണിക്കൂര്‍ വായുവില്‍ നിലകൊണ്ട സക്രാരി

33 മണിക്കൂര്‍ വായുവില്‍ നിലകൊണ്ട സക്രാരി

1608ല്‍ ഫ്രാന്‍സിലെ ഫവേണിയിലാണ് അത്ഭുതം നടക്കുന്നത്. 8-ാം നൂറ്റാണ്ടില്‍ വി. ഗുണ്ട് സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ ചാപ്പലാണ് അത്ഭുതം നടന്ന സ്ഥലം. 1600ന്റെ തുടക്കത്തില്‍ മഠത്തിലെ ആദ്ധ്യാത്മിക ജീവിതം ആഴപ്പെട്ടു വരുന്നതേയുള്ളു. അക്കാലത്ത് ആറ് സന്യാസിമാരും രണ്ട് വിദ്യാര്‍ത്ഥികളുമാണ് ആശ്രമത്തിലുണ്ടായിരുന്നത്.

1608 മെയ് 25ലെ പെന്തക്കൂസ്ത ഞായര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ചാപ്പല്‍ പൂട്ടി, സക്രാരിയുടെ മുന്നിലെ കെടാവിളക്കുകള്‍ കത്തിച്ചുവച്ച് പതിവു പോലെ സന്യാസിനികള്‍ ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് രാവിലെ പള്ളി തുറന്ന കപ്യാര്‍ ഡോണ്‍ ഗാര്‍ണ്യര്‍ പള്ളിക്കകത്തെ കാഴ്ചകണ്ട് നിലവിളിച്ച് സന്യാസിനികളുടെ അടുക്കല്‍ ഓടിയെത്തി.

കപ്യാര്‍ സന്യാസിനികളോട് ദേവാലയത്തെ അഗ്നി വിഴുങ്ങുന്ന കാര്യമറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് അഗ്നി അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒരുവിധം അഗ്നിയണച്ചു കഴിഞ്ഞപ്പോഴാണ് പതിനഞ്ച് വയസ്സുള്ള ഹുദലോത്ത് എന്ന സന്യാസ വിദ്യാര്‍ത്ഥി വായുവില്‍ തൂങ്ങികിടക്കുന്ന സക്രാരി കണ്ടത്. വാര്‍ത്ത എല്ലാവരിലേക്കും എത്തി. ദേവാലയ പരിസരം ഉടന്‍ ഗ്രാമവാസികളെയും പുരോഹിതരെയും കൊണ്ട് നിറഞ്ഞു.

മെയ് 26 ചൊവ്വാഴ്ച മുതല്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നുമുള്ള വൈദികര്‍ മാറി മാറി ദിവ്യബലി അര്‍പ്പിക്കുവാന്‍ തുടങ്ങി. ഫാ. നിക്കോളാസ് ഓബ്രിയെന്ന വൈദികന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ വായുവിലുള്ള സക്രാരി അവിടെ നിന്നും പതുക്കെ താഴേക്ക് ഇറങ്ങി പുതിയ അള്‍ത്താരയില്‍ സ്ഥാനം പിടിച്ചു. 33 മണിക്കൂര്‍ ഒരു സഹായവും കൂടാതെ വായുവില്‍ സക്രാരി നിന്നതും, അത് തനിയെ താഴേക്ക് വന്നതുമെല്ലാം വിശ്വാസികളെ അത്ഭുതപ്പെടുത്തി.

മെയ് 31ന് ആര്‍ച്ച് ബിഷപ്പ് ഫെര്‍ഡിനാന്റ് റായി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. അതിനായി അത്ഭുതത്തിന് സാക്ഷികളായ സന്യാസിമാര്‍, വൈദികര്‍, ആത്മായര്‍ എന്നിവരില്‍ നിന്നുമായി 54 സത്യവാങ്ങ് ശേഖരിച്ചു. അന്വേഷണത്തിന്റെ വെളിച്ചത്തില്‍, രണ്ടു മാസങ്ങള്‍ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് അത്ഭുതം സ്ഥിതീകരിച്ചു.

You must be logged in to post a comment Login