വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കുന്ന ഹോളിവുഡ് സൂപ്പര്‍താരം

വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കുന്ന ഹോളിവുഡ് സൂപ്പര്‍താരം

ഒന്‍പതു മക്കളില്‍ ഇളയവനായിട്ടായിരുന്നു മാര്‍ക്കിന്റെ ജനനം. പക്ഷേ, ഇളയ കുട്ടിയായതു കൊണ്ടുള്ള പരിഗണനകളൊന്നും മാര്‍ക്കിന് ലഭിച്ചിരുന്നില്ല. എന്തിനധികം, മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട സ്‌നേഹം പോലും അവന് അന്യമായിരുന്നു. മാര്‍ക്കിന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചിതരാകുന്നത്. അതോടെ അവന്റെ ജീവിതം കൂടുതല്‍ അരാജകത്വം നിറഞ്ഞതായി. മയക്കുമരുന്നു വില്‍പന, പിടിച്ചുപറി, മോഷണം എന്നു വേണ്ട കുറ്റകൃത്യങ്ങള്‍ പലതും അവന്റെ പതിവു ദിനചര്യയുടെ ഭാഗമായി. 16-ാ മത്തെ വയസ്സില്‍ ഒരു വിയറ്റ്‌നാംകാരനെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ മാര്‍ക്ക് ജയിലിലായി. അമേരിക്കന്‍ ചലച്ചിത്രലോകത്തെ ഏറ്റവും സുന്ദരമുഖങ്ങളിലൊന്നായ മാര്‍ക്ക് വാള്‍ബര്‍ഗിന്റെ  ജീവിതം മാറ്റിമറിക്കപ്പെട്ടത് അവിടെവെച്ചായിരുന്നു.

45 ദിവസത്തെ ജയില്‍വാസം.. അത് തിരിച്ചറിവിന്റെ സമയമായിരുന്നു. പോയ കാലത്തെ തന്റെ കുത്തഴിഞ്ഞ ജീവിതം കൊണ്ട് താനൊന്നും നേടിയില്ല എന്ന് മനസ്സിലാക്കുന്നതിനുള്ള അവസരമായിരുന്നു. ജയിലറക്കുള്ളിലെ ഇരുട്ടിലിരുന്ന് മാര്‍ക്ക് ചിന്തിക്കാന്‍ തുടങ്ങി, ഭൂതകാലത്തെ സംഭവങ്ങള്‍ ഒന്നൊന്നാകെ… രാത്രി ഏറെ വൈകി മയക്കുമരുന്നു വിറ്റുകൊണ്ടിരുന്ന ഒരു ദിവസം ഉപദേശകനായെത്തിയ ഫാദര്‍ ഫ്‌ളാവിനെ മാര്‍ക്ക് ഓര്‍ത്തു, അദ്ദേഹത്തിന്റെ വാക്കുകളും. അന്ന് ആ വാക്കുകള്‍ ഗൗനിച്ചില്ലെങ്കിലും തന്നെ രക്ഷിക്കാനെത്തിയ അവധൂതനായിരുന്നു ഫാദര്‍ ഫ്‌ളാവിയാനെന്ന് മാര്‍ക്ക് തിരിച്ചറിഞ്ഞു. തന്റെ ആത്മീയ ഗുരുവായും ഉപദേശകനായും അടുത്ത സുഹൃത്തായും സഹോദരനായുമാണ് ഫാദര്‍ ഫ്‌ളാവിയാനെ മാര്‍ക്ക് പിന്നീട് വിശേഷിപ്പിച്ചിട്ടുള്ളത്.

അന്ന് ആ ഇരുമ്പഴിക്കുള്ളിലിരുന്ന് മാര്‍ക്ക് ഒരു തീരുമാനമെടുത്തു. 45 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ താനൊരു പുതിയ മനുഷ്യനായിരിക്കും. മാര്‍ക്കിന്റെ മനസ്സില്‍ ശുഭചിന്തകള്‍ നിറയാന്‍ തുടങ്ങി. അവന്റെ മനസ്സ് കൂടുതല്‍ പ്രകാശമാനമായി. ആ നാല്‍പ്പത്തിയഞ്ചു ദിവസങ്ങള്‍ മാര്‍ക്കിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായി. മാര്‍ക്ക് പുതിയൊരു മനുഷ്യനായി രൂപപ്പെടുകയായിരുന്നു. ജീവിതത്തെക്കുറിച്ചുള്ള സുവര്‍ണ്ണ സ്വപ്‌നങ്ങളുമായാണ് അവന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മാര്‍ക്കിന്റെ സഹോദരന്‍ ഡോണി അപ്പോള്‍ പോപ്പ് സംഗീത ലോകത്ത് അറിയപ്പെടുന്ന താരമായിരുന്നു. തന്റെ സഹോദരനെ പുതുജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഡോണിയുടെ കൂടി ആഗ്രഹമായിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് 1991 ല്‍ ‘മ്യൂസിക് ഫോര്‍ പീപ്പിള്‍’ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. മാര്‍ക്ക് വാള്‍ബര്‍ഗ് ‘മാര്‍ക്കി മാര്‍ക്ക്’ എന്ന പേരാണ് സ്വീകരിച്ചത്. ആല്‍ബം വലിയ ഹിറ്റായി, ഒപ്പം മാര്‍ക്കി മാര്‍ക്ക് എന്ന താരവും.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ‘ദ സബ്സ്റ്റിറ്റിയൂട്ട’് എന്ന ടെലിവിഷന്‍ സീരിയലില്‍ മാര്‍ക്ക് അഭിനയിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ‘റിനൈസന്‍സ് മാന്‍’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക്… ‘ദ ബാസ്‌ക്കറ്റ്‌ബോള്‍ ഡയറീസ്’ എന്ന സിനിമയിലൂടെ മാര്‍ക്കിന്റെ കരിയര്‍ ഗ്രാഫ് വീണ്ടും ഉയര്‍ന്നു. പിന്നീട് ‘ത്രീ കിങ്‌സ്’, ‘ദ പെര്‍ഫക്ട് സ്റ്റോം’, ‘ദ പ്ലാനറ്റ് ഓഫ് ദ എയ്പ്‌സ്’, ‘ടെഡ്’, ‘ടെഡ് 2’, ‘ലോണ്‍ സര്‍വൈവര്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍.. ‘ദ ഡിപ്പാര്‍ട്ടഡ്’ എന്ന ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.

പ്രശസ്തിയുടെ കൊടുമുടികള്‍ കയറുമ്പോഴും മാര്‍ക്കിന്റെ ആത്മീയ ജീവിതവും കരുത്താര്‍ജ്ജിക്കുകയായിരുന്നു. ഒരു കത്തോലിക്കനായിരിക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. ‘എന്റെ വിശ്വാസത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ തുടങ്ങി. ഭൗതികമായ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തെ സ്‌നേഹിക്കാനും കൂടുതല്‍ നല്ല മനുഷ്യനായി ജീവിക്കാനും വേണ്ടിയാണ്. ഇത്തരത്തില്‍ പ്രാര്‍ത്ഥിക്കാനാണ് എല്ലാവരോടും ഞാനാവശ്യപ്പെടുന്നതും’, മാര്‍ക്ക് വാള്‍ബര്‍ഗ് പറയുന്നു.

തിരക്കിനിടയിലും ദൈവത്തിനായി സമയം കണ്ടെത്താന്‍ മാര്‍ക്ക് ശ്രമിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വ്യക്തമാക്കുന്നു: ‘സാധിക്കുന്നത്ര ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എല്ലാ ദിവസവും പള്ളിയില്‍ പോകാറുണ്ട്. എന്റെ ദിവസം ആരംഭിക്കുന്നതു തന്നെ ഇത്തരത്തിലാണ്. 20 മിനിറ്റു നേരം ദേവാലയത്തിലിരുന്ന് പ്രാര്‍ത്ഥിക്കാറുമുണ്ട്. എനിക്കു തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ഏതെല്ലാം കാര്യങ്ങളില്‍ നിന്നാണ് അകലം പാലിക്കേണ്ടതെന്ന് ദൈവത്തോട് ഞാന്‍ ചോദിക്കാറുണ്ട്’.

കുടുംബാംഗങ്ങള്‍ക്കു വേണ്ടി അല്‍പസമയം പോലും കണ്ടെത്താന്‍ സാധിക്കാത്ത താരങ്ങള്‍ക്കിടയില്‍ വാള്‍ബര്‍ഗ് വ്യത്യസ്തനാകുന്നു. ഇതേക്കുറിച്ചു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നതിങ്ങനെ: ‘ഒരു നല്ല നടനാകുക എന്നതോ നല്ല പ്രൊഡ്യൂസറാകുക എന്നതോ അല്ല പ്രധാനം. അതെനിക്കൊരിക്കലും നല്ല ഉറക്കം നല്‍കില്ല. ഒരു നല്ല അച്ഛനായിരിക്കുക, നല്ല ഭര്‍ത്താവായിരിക്കുക, നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. കുടുംബാംഗങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഞാനാസ്വദിക്കുന്നു. സഹോദരങ്ങള്‍ക്ക് നന്‍മ ചെയ്യാനും എന്റെ മക്കളെ നല്ല മനുഷ്യരായി വളര്‍ത്താനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്’.

സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നാണ് ക്രിസ്തു പറഞ്ഞത്. അഴികള്‍ക്കുള്ളില്‍ ജീവിച്ച ആ ഇരുണ്ട ദിനങ്ങളില്‍ മാര്‍ക്ക് കണ്ടെത്തിയതും ആ സത്യമാണ്. അതയാളെ സ്വതന്ത്രനാക്കി. ആ സ്വാതന്ത്ര്യം അയാളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു, കൂടുതല്‍ നല്ല മനുഷ്യനാക്കി. പ്രശസ്തിയുടെ ഒന്നത്യത്തില്‍ നില്‍ക്കുമ്പോഴും വിശ്വാസം കരുത്താക്കി മാര്‍ക്ക് ജീവിക്കുന്നു, ക്രിസ്തുവിന്റെ വിശ്വസ്ത സേവകനായി…

 


അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login