5 ലക്ഷം ക്രിസ്ത്യാനികളെ പരിവര്‍ത്തനം ചെയ്‌തെന്ന വാദവുമായി വിഎച്ച്പി രംഗത്ത്

സൂറത്ത്: കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് തങ്ങള്‍ 5 ലക്ഷം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന വാദവുമായി വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) രംഗത്ത്. ഇത് വരും വര്‍ഷങ്ങളിലും തുടരുമെന്നും ഘര്‍ വാപസി എന്ന ആശയവുമായി മുന്നോട്ടു പോകുമെന്നും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

‘കഴിഞ്ഞ 10 വര്‍ഷങ്ങളിലായി 5 ലക്ഷം ക്രിസ്ത്യാനികളാണ് ഹിന്ദുമതം സ്വീകരിച്ചത്. 2.5 ലക്ഷം മുസ്ലീങ്ങളെയും ഞങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഘര്‍ വാപസിയിലൂടെ പ്രതിവര്‍ഷം 15,000 ആളുകളെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു. ഹിന്ദു മതത്തെ രാജ്യത്തെ ഏറ്റവും ശക്തിയുള്ള മതമാക്കാന്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്’ പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

പാക്കിസ്ഥാനില്‍ താമസിക്കുന്ന ഹൈന്ദവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുമെന്നും പ്രവീണ്‍ തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. പ്രവീണ്‍ തൊഗാഡിയയുടെ പരാമര്‍ശത്തോട് മറ്റു മതനേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login