മകനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോയ വൈദികനെ മര്‍ദ്ദിച്ചു, വൈദികന്റെ കര്‍ണ്ണപടം തകര്‍ന്നു

മകനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോയ വൈദികനെ  മര്‍ദ്ദിച്ചു, വൈദികന്റെ കര്‍ണ്ണപടം തകര്‍ന്നു

പുനലൂര്‍: പേപ്പര്‍മില്‍ കാര്‍മ്മല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. ബിബിന്‍സ് മാത്യൂസിന് നടുറോഡില്‍ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കര്‍ണ്ണപടം തകര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.

സെന്റ് ജോണ്‍സ് എല്‍പി എസ് എസില്‍ പഠിക്കുന്ന മകനെ സ്‌കൂളില്‍ നിന്നും വിളിക്കാനായി സാന്‍ട്രോ കാറില്‍ യാത്ര ചെയ്യുകയായിരുന്നു റവ. ബിബിന്‍സ്. ഒരു വാഹനത്തിന് സൈഡ് കൊടുത്ത് മുന്നോട്ടുപോകുമ്പോള്‍ എതിര്‍വശത്തു നിന്നും വന്ന ബൈക്കു കാറിന്റെ മുന്‍വശത്ത് മുട്ടി. ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചു. പക്ഷേ ട്രാഫിക് ബ്ലോക്ക് അവര്‍ക്കു വിനയായി. അച്ചന്‍ യുവാക്കളുടെ അടുക്കലെത്തി കാറില്‍ ബൈക്ക് വന്നിടിച്ചതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ചെറുപ്പക്കാര്‍ രോഷാകുലരാകുകയും തങ്ങളുടെ കുറ്റം കൊണ്ടല്ല വണ്ടിയിടിച്ചതെന്ന് സംസാരിക്കുകയും ചെയ്തു.

ചെറുപ്പക്കാര്‍ റോങ് സൈഡില്‍ കൂടിയാണ് വണ്ടിയോടിച്ചുവന്നത്. എങ്കില്‍ പോലീസ് വന്നിട്ട് കാര്യം തീരുമാനിക്കട്ടെ എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പിടിച്ചുതള്ളുകയും പിന്നെ മര്‍ദ്ദിക്കുകയുമായിരുന്നു.

വൈദികവേഷം ധരിക്കാതിരുന്നതുകൊണ്ട് ആളെ തിരിച്ചറിഞ്ഞില്ല എന്നാണ് ചെറുപ്പക്കാര്‍ പിന്നീട് പറഞ്ഞത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.

You must be logged in to post a comment Login