അടൂർ: അടൂരിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭ 87 -ാമത് പുനരൈക്യ വാർഷികത്തിന്റെ ഭാഗമായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നാളെ അടൂരും പരിസരവും ശുചീകരിക്കും.
19 മുതൽ 21 വരെ നടത്തുന്ന ആഘോഷങ്ങൾക്കു ഹരിതച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു ശുചീകരണം. പ്രകൃതിയെ കരുതാനും സൂക്ഷിക്കാനുമുള്ള ബാധ്യത മനുഷ്യനുണ്ടെന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ശുചീകരണം നടത്തുന്നതെന്നു സഭാ അധികൃതർ പറഞ്ഞു.നാളെ ഉച്ചകഴിഞ്ഞു രണ്ടിന് അടൂർ ഗാന്ധി സ്മൃതി മൈതാനത്തു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യും.
അടൂർ ബൈപാസ് മുതൽ സമ്മേളനവേദിയായ ഗ്രീൻവാലി കൺവൻഷൻ സെന്റർ വരെയുള്ള പ്രദേശങ്ങളിലാകും ഈ ദിവസങ്ങളിൽ ശുചീകരണം. അടൂർ വൈദികജില്ലയിലെ 14 ദേവാലയങ്ങളിൽനിന്നുള്ള വിശ്വാസികൾ ശുചീകരണത്തിൽ പങ്കാളികളാകും. എംസിവൈഎം പ്രവർത്തകരും ഹരിതച്ചട്ടം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗ്രീൻവാലി വരെയുള്ള പ്രദേശങ്ങളെ 14 കേന്ദ്രങ്ങളായി തിരിച്ചാകും ശുചീകരണം. നഗരസഭയുടെ സഹകരണവും ശുചീകരണ പ്രവർത്തനങ്ങളിലുണ്ടാകും. സമ്മേളനം സമാപിക്കുന്ന 21നും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽതന്നെ ശുചീകരണ പ്രവർത്തനം നടത്തും.
You must be logged in to post a comment Login