ആരാധനയ്ക്ക് ഇങ്ങനെ ഒരുങ്ങണം

ആരാധനയ്ക്ക് ഇങ്ങനെ ഒരുങ്ങണം

ദിവ്യകാരുണാരാധന മനോഹരമായ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാണ്. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ദൈവത്തോടൊത്തുള്ള നിമിഷങ്ങള്‍. മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന വിധത്തില്‍ വെളുത്തനിറത്തിലുള്ള അപ്പത്തിന്റെ രൂപത്തില്‍ അവിടുന്ന് നമ്മുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന നിമിഷം. സാധാരണയായി ഒരു മണിക്കൂര്‍ നേരത്തെ ആരാധനയാണ് സഭ നിശ്ചയിച്ചിട്ടുള്ളത്. അതിന് കാരണം ബൈബിളിലെ ക്രിസ്തുവിന്റെ ചോദ്യമാണ് ഒരു മണിക്കൂര്‍ നേരമെങ്കിലും നിങ്ങള്‍ക്ക് എന്നോടുകൂടെ ഉണര്‍ന്നിരിക്കാന്‍ കഴിയില്ലേ?

അതുകൊണ്ട് ഒരു മണിക്കൂര്‍ നേരമെങ്കിലും നമുക്ക് ക്രിസ്തുവിനോട് കൂടെ ഉണര്‍ന്നിരിക്കാന്‍ പ്രാര്ത്ഥനയുടെ ഈ നിമിഷങ്ങളില്‍ കഴിയണം. ദിവ്യകാരുണ്യാരാധനയ്ക്കായി ഒരുങ്ങുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരേണ്ട ചിന്ത നാം ക്രിസ്തുവിനോടുകൂടെ ഒരു മണിക്കൂര്‍ ആയിരിക്കാന്‍ പോകുകയാണ് എന്നാണ്. അരുളിക്കയില്‍ എഴുന്നെള്ളിയിരിക്കുന്ന ക്രിസ്തുവിനെ നോക്കിയിരിക്കുക. പിന്നീട് ആരാധനയിലേക്ക് പ്രവേശിക്കുക. മുട്ടുകുത്തി നില്ക്കുക. ഹൃദയത്തില്‍ സന്തോഷമുണ്ടായിരിക്കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹം എപ്രകാരമുള്ളതാണെന്ന് വിലയിരുത്താനും ഈ നിമിഷം മറക്കരുത്.

ക്രിസ്തുവിന്റെ പാദാന്തികത്തില്‍ നാം എങ്ങനെയിരിക്കണമെന്ന് പഠിക്കുന്നത് ഈ പ്രാര്‍ത്ഥനയിലൂടെയാണ്. നാം ക്രിസ്തുവിന്റെ വാക്കുകള്‍ക്കായികാതുകൊടുക്കുന്നു, നാം അവിടുത്തെ നോക്കുന്നു. നല്ല ഭാഗം തിരഞ്ഞെടുക്കുന്നതിന്റെ അടയാളം തന്നെയാണ് ദിവ്യകാരുണ്യാരാധനയ്ക്കായി നാം ഒരു മണിക്കൂര്‍തിരഞ്ഞെടുക്കുന്നത്.

തിരുവചനം വായിച്ച് ധ്യാനിക്കാനും കൊന്ത ചൊല്ലാനും ഈ മണിക്കൂര്‍ നാം ഉപയോഗിക്കണം. കാല്‍വരിയില്‍ ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടില്‍ നിന്ന് മറിയത്തോട് ചേര്‍ന്നാണ് നാമും പ്രാര്‍ത്ഥിക്കുന്നത് എന്ന ചിന്ത മനസ്സിലുണ്ടായിരിക്കണം. അതുപോലെ ഹൃദയത്തില്‍ നാം ദൈവത്തെ സ്തുതിക്കണം. പാടണം.

നിങ്ങള്‍ക്ക് ഒരു നിമിഷം എന്നോടുകൂടി ഉണര്‍ന്നിരിക്കാന്‍ കഴിയില്ലേ ക്രിസ്തു ഇന്നും നമ്മോട് ചോദിക്കുന്നു. നമുക്ക് ക്ര്ിസ്തുവിനോടുകൂടി ഉണര്‍ന്നിരിക്കാം. കേരളത്തിന്റെ മഴപ്പെയ്ത്തില്‍ അവിടുത്തെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കാം. ജലപ്രളയം അയച്ച് ശിക്ഷിക്കരുതേയെന്നും ഭീകരമാം കൊടുങ്കാറ്റില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന്  പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

 

You must be logged in to post a comment Login