കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം

കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം

കോട്ടയം: കാര്‍ഷികമേഖലയ്ക്ക് വന്‍പ്രഹരമേല്പിക്കുന്നതും കര്‍ഷകവിരുദ്ധവുമായ രാജ്യാന്തരക്കരാറുകള്‍ക്കും കര്‍ഷകനികുതി നിര്‍ദ്ദേശങ്ങള്‍ക്കുമെതിരെ ഇന്‍ഫാം പ്രക്ഷോഭമാരംഭിക്കുമെന്നും കര്‍ഷക സംസ്‌കാരവും ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി പങ്കുചേരണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നികുതിനിര്‍ദ്ദേശം.  തോട്ടം മേഖലയില്‍ ഇതിനോടകം നടപ്പാക്കിയ നികുതി ഈടാക്കല്‍ പരാജയപ്പെട്ടിരിക്കുന്നു.  പുത്തന്‍നികുതികള്‍ കര്‍ഷകരുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അനുവദിക്കില്ല.
ആസിയാന്‍ കരാറിന്റെ ബാക്കിപത്രമായി ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ന്നടിയുകയാണ്.  2019-നോടുകൂടി ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക്, കാപ്പി, തേയില, പാമോയില്‍ എന്നിവയുടെ ഇറക്കുമതി നികുതിരഹിതമാകും.  റബറിന്റെ ഇറക്കുമതിത്തീരുവയും എടുത്തുകളയുവാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.  പ്രകൃദിദത്ത റബറധിഷ്ഠിത ഉല്പന്നങ്ങള്‍ നികുതിരഹിതമായി ഇതിനോടകം ഇറക്കുമതി ആരംഭിച്ചിരിക്കുന്നു.  ഈയവസ്ഥ തുടര്‍ന്നാല്‍ റബറിന്റെ ആഭ്യന്തരവില കിലോഗ്രാമിന് 100 രൂപയിലേയ്ക്ക് താഴുന്ന സാഹചര്യമാണുള്ളത്.

വാണിജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കര്‍ഷകരെ ബലികൊടുക്കുന്ന ക്രൂരതയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ഇന്ത്യയിലെ ബഹൂഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനുവേണ്ടി ആസിയാന്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി സാമ്പത്തിക കരാറും കാര്‍ഷികമേഖലയ്ക്ക് വെല്ലുവിളിയാണ്.  2017 ജൂലൈയില്‍ ഡല്‍ഹിയിലാണ് അവസാനറൗണ്ട് ചര്‍ച്ച.  വിവിധ രാജ്യാന്തര കരാറുകളിലൂടെ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയരുമ്പോള്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ വിഘടിച്ചുനില്‍ക്കാതെ സംഘടിച്ചു പ്രക്ഷോഭം നടത്തേണ്ടതായിട്ടുണ്ട്.  കോര്‍പ്പറേറ്റ് ആധിപത്യത്തിലേയ്ക്ക് കാര്‍ഷികമേഖല മാറുമ്പോള്‍ ചെറുകിടകര്‍ഷകര്‍ പെരുവഴിയിലാകും.  രാജ്യാന്തര കര്‍ഷകവിരുദ്ധ കരാറുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്നണികള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ആരെയും ഇന്‍ഫാമും കര്‍ഷക പ്രസ്ഥാനങ്ങളും പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login