കര്‍ഷകദ്രോഹനികുതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും: ഇന്‍ഫാം

കര്‍ഷകദ്രോഹനികുതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും: ഇന്‍ഫാം

കൊച്ചി: വിലത്തകര്‍ച്ചമൂലം ജീവിതപ്രതിസന്ധിയിലായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെമേല്‍ അധികനികുതി അടിച്ചേല്‍പ്പിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

കാര്‍ഷികമേഖലയെ അവഗണിച്ച് നികുതിഭാരം വര്‍ദ്ധിപ്പിക്കുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെന്‍ഷനും സര്‍ക്കാര്‍ കടംവാങ്ങിച്ച വന്‍തുകകളുടെ പലിശയ്ക്കായി പണംകണ്ടെത്തുവാന്‍ കര്‍ഷകരെ ക്രൂശിക്കുന്നത് ശരിയല്ല. ഭൂനികുതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്ന നിര്‍ദ്ദേശം പിന്‍വലിക്കണം. സ്റ്റാമ്പ്ഡ്യൂട്ടി ദേശീയ ശരാശരി 5 ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ 10 ശതമാനമാണ്.

ഭൂമിയുടെ ന്യായവില 10 ശതമാനം ഉയര്‍ത്തിയിരിക്കുമ്പോള്‍ സാമ്പത്തിക പരാധീനതയില്‍ സ്ഥലം വില്പനപോലും അവതാളത്തിലാകും എന്നുമാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ന്യായവിലയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് പറയുന്നവര്‍ ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ധൂര്‍ത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. പുത്തന്‍ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ വിവിധ കര്‍ഷസംഘടനകളുമായി സഹകരിച്ച് ഇന്‍ഫാം കര്‍ഷകപ്രക്ഷോഭമാരംഭിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login