രാഷ്ട്രീയ അജണ്ടകളല്ല, കര്‍ഷകസംരക്ഷണമാണ് ലക്ഷ്യം: ഇന്‍ഫാം

രാഷ്ട്രീയ അജണ്ടകളല്ല, കര്‍ഷകസംരക്ഷണമാണ് ലക്ഷ്യം: ഇന്‍ഫാം

കോട്ടയം: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കര്‍ഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സര്‍വ്വകക്ഷി സമ്മേളനം വിളിച്ചുചേര്‍ത്ത് ശക്തമായ കര്‍ഷകപ്രക്ഷോഭത്തിന് ഇന്‍ഫാം നേതൃത്വം നല്‍കുമെന്നും കക്ഷിരാഷ്ട്രീയ അജണ്ടകളല്ല, മറിച്ച് കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണവും സമഗ്രവളര്‍ച്ചയുമാണ് ഇന്‍ഫാമിന്റെ ലക്ഷ്യമെന്നും ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷകപ്രസ്ഥാനങ്ങള്‍ വിഘടിച്ചുനിന്ന് പ്രാദേശികമായി നടത്തുന്ന സമരപ്രക്ഷോഭങ്ങളുടെ ശക്തിചോര്‍ന്നുപോകുന്നത് കര്‍ഷകര്‍ തിരിച്ചറിയണം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കര്‍ഷകസമരങ്ങള്‍ പോലും കഴിഞ്ഞനാളുകളില്‍ വിജയംകണ്ടില്ല. കോട്ടയത്തുള്ള റബര്‍ബോര്‍ഡ് ആസ്ഥാന കവാടത്തിങ്കല്‍ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകപ്രസ്ഥാനങ്ങളും സമുദായസംഘടനകളും സത്യാഗ്രഹവും പിക്കറ്റിംഗും നിരന്തരം മാറിമാറി നടത്തി. എന്നിട്ട് റബര്‍ കര്‍ഷകര്‍ രക്ഷപെട്ടോ?

രാജ്യാന്തരറബര്‍വില ഉയര്‍ന്നപ്പോള്‍ കേരളത്തിലും റബര്‍വില അല്പം മെച്ചപ്പെട്ടു. ഇതിന് കര്‍ഷകര്‍ നന്ദിപറയേണ്ടത് ചൈന, തായ്‌ലന്റ് സര്‍ക്കാരുകളോടാണ്. റബറിന്റെ ആഭ്യന്തരവിപണി ഇപ്പോള്‍ വീണ്ടും ഇടിഞ്ഞിരിക്കുന്നു.

സ്വതന്ത്രമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് മുന്നേറുവാന്‍ ഇന്‍ഫാം കര്‍ഷകര്‍ക്ക് എന്നും കരുത്തേകും. കര്‍ഷകക്ഷേമം ലക്ഷ്യംവെയ്ക്കുന്ന സംഘടിത മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതോടെ ചെറുകിട കര്‍ഷകരുടെ ജീവിതം വഴിമുട്ടും. കാര്‍ഷികസംസ്‌കാരവും കര്‍ഷക ആഭിമുഖ്യവുമുള്ളവര്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം.
കാര്‍ഷികമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച കര്‍ഷകപ്രസ്ഥാനമെന്ന നിലയില്‍ കര്‍ഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇന്‍ഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര കര്‍ഷകപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫാം ശക്തമായി തുടരുന്നതാണ്.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളേയും കര്‍ഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവല്‍ക്കരിച്ച് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണസംവിധാനങ്ങളുടെ വിരുദ്ധനിലപാടുകള്‍ക്കെതിരെ മുന്നണികള്‍ക്കും രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകകൂട്ടായ്മകള്‍ ശക്തിപ്പെടുത്തും.

രാജ്യാന്തര വ്യാപാരക്കരാറുകള്‍ കാര്‍ഷികമേഖലയിലുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഒരു കര്‍ഷകകൂട്ടായ്മയില്‍ പ്രബന്ധം അവതരിപ്പിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ വിലപ്പോവില്ല. വരാന്‍പോകുന്ന കാര്‍ഷികപ്രതിസന്ധികളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുപകരേണ്ടത് ഇന്‍ഫാമിന്റെ കടമയും ദൗത്യവുമാണ്.

രാഷ്ട്രീയപാര്‍ട്ടികളെന്നോ മുന്നണികളെന്നോ കര്‍ഷകസാമുദായിക സംഘടനകളെന്നോ വ്യത്യാസമില്ലാതെ ഈ പങ്കുവയ്ക്കലുകള്‍ ഇനിയും തുടരും. കര്‍ഷകദ്രോഹ രാജ്യാന്തര വ്യാപാരക്കരാറുകള്‍ക്കെതിരെ പോരാടുവാന്‍ കര്‍ഷകാഭിമുഖ്യമുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും മുന്നോട്ടുവരണമെന്നാണ് ഇന്‍ഫാമിന്റെ നിലപാടെന്നും തമിഴ്‌നാട്ടിലെ സംഘടിത കര്‍ഷകസമരം ഒരു പാഠമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login