ആര്‍സിഇപി കര്‍ഷകവിരുദ്ധ കരാറിനെതിരെ കര്‍ഷകപ്രക്ഷോഭമാരംഭിക്കും: ഇന്‍ഫാം

ആര്‍സിഇപി കര്‍ഷകവിരുദ്ധ കരാറിനെതിരെ കര്‍ഷകപ്രക്ഷോഭമാരംഭിക്കും: ഇന്‍ഫാം

കൊച്ചി: അതിരൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയെ വീണ്ടും തകര്‍ക്കുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുമ്പോള്‍ ഇതിനെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് പ്രതിരോധിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍സിഇപി കരാറിന്റെ 23-ാം റൗണ്ട് ചര്‍ച്ചകള്‍ നാളെ  ബാങ്കോങ്ങില്‍ പൂര്‍ത്തിയാകുമ്പോള്‍ 2018 ഡിസംബറിനു മുമ്പായി കരാര്‍ ഒപ്പിടാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ചൈനയും ഇന്ത്യയുമുള്‍പ്പെടെ 16 രാജ്യങ്ങള്‍ പങ്കാളികളാകുന്ന പുത്തന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ബാക്കിപത്രമായി അനിയന്ത്രിതവും നികുതിരഹിതവുമായ കാര്‍ഷികോല്പന്ന ഇറക്കുമതിക്ക് ഇന്ത്യന്‍ വിപണിയെ വിട്ടുകൊടുക്കുമ്പോള്‍ ഇന്ന് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വീണ്ടും വന്‍ പ്രഹരം സൃഷ്ടിക്കപ്പെടും. രാജ്യം നേരിടുന്ന ഇന്നത്തെ കാര്‍ഷിക വിലത്തകര്‍ച്ചയുടെ പ്രധാനകാരണം ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിനെത്തുടര്‍ന്നുള്ള കാര്‍ഷികോല്പന്നങ്ങളുടെയും നാണ്യവിളകളുടെയും നികുതിരഹിത ഇറക്കുമതിയാണ്. കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇത്തരം കര്‍ഷകവിരുദ്ധ കരാറുകള്‍ക്കെതിരെ നിലപാടുകളെടുക്കാത്തത് വഞ്ചനാപരമാണ്.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകവിരുദ്ധ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ വിവിധ കര്‍ഷക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേയ്ക്ക് ഇന്ന് (ജൂലൈ 26) ആരംഭിക്കുന്ന കര്‍ഷക പ്രക്ഷോഭജാഥയ്ക്ക് ഇന്‍ഫാം പിന്തുണ നല്‍കും.

ഭുപ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, കര്‍ഷകഭൂമി കയ്യേറുന്ന വനംവകുപ്പ് അജണ്ട, റബര്‍ വിലസ്ഥിരതാപദ്ധതി, കര്‍ഷക പെന്‍ഷന്‍ എന്നിവയുടെ വിതരണം മുടങ്ങിയിരിക്കുന്നത് തുടങ്ങി സംസ്ഥാന സര്‍ക്കാരും കര്‍ഷകനിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. 2015ലെ കാര്‍ഷിക വികസനനയം നടപ്പിലാക്കുന്നതിലും സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും നിരന്തരമായ പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിഢികളാക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വെള്ളിയാഴ്ച കോട്ടയം തിരുനക്കരയില്‍ ഉപ്പൂട്ടില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ജില്ലാ കോര്‍ഡിനേഷന്‍ ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും സമ്മേളനം ചേരും. തുടര്‍ന്ന് 1.15ന് തിരുനക്കര ഗാന്ധി പ്രതിമയ്ക്കുമുമ്പില്‍ കര്‍ഷകനേതാക്കള്‍ ദേശീയ കര്‍ഷക പ്രക്ഷോഭ ജാഥയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.

You must be logged in to post a comment Login