കര്‍ഷകപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങണം: ഇന്‍ഫാം

കര്‍ഷകപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങണം: ഇന്‍ഫാം

കോട്ടയം: വിലത്തകര്‍ച്ചയും വരള്‍ച്ചയുടെ പ്രത്യാഘാതവും കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയുംമൂലം കാര്‍ഷികമേഖലയുടെ നടുവൊടിഞ്ഞ് കര്‍ഷകജനതയുടെ ജീവിതം വന്‍പ്രതിസന്ധിയിലായിരിക്കുന്നുവെന്നും കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിച്ചുള്ള നീക്കങ്ങള്‍ അടിയന്തരമാണെന്നും ഇന്‍ഫാം ദേശീയ സമിതി.
റബറിന്റെ ആഭ്യന്തരവില 162 രൂപയില്‍ നിന്ന് 140ലേയ്ക്ക് ഇടിഞ്ഞിരിക്കുന്നു.  റബറുല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന നാളുകളിലെ ഈ സ്ഥിതിവിശേഷം വരുംദിവസങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു.  സംസ്ഥാനസര്‍ക്കാരിന്റെ 500 കോടിയുടെ വിലസ്ഥിരതാപദ്ധതിയും നിര്‍ജ്ജീവമാണ്.  ഇരുപതിനായിരം ടണ്ണോളം റബര്‍ കയറ്റുമതി ചെയ്തുവെന്ന് റബര്‍ ബോര്‍ഡ് കൊട്ടിഘോഷിക്കുമ്പോള്‍ ഇതിന്റെ പേരില്‍ നേട്ടമുണ്ടാക്കിയത് കര്‍ഷകരല്ല; മറിച്ച് വന്‍കിട വ്യാപാരികളാണ്.  രാജ്യാന്തരവില 206 രൂപയിലെത്തിയപ്പോഴും 160 രൂപയില്‍ താഴ്ത്തി ആഭ്യന്തരവിപണിയില്‍ നിന്ന് വിലയിടിച്ച് റബര്‍ വാങ്ങുവാന്‍ വന്‍കിട വ്യാപാരികള്‍ക്ക് റബര്‍ ബോര്‍ഡ് ഒത്താശ ചെയ്തത് കര്‍ഷകദ്രോഹമാണ്.
ആസിയാന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിച്ചുങ്കം 100 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വെട്ടിക്കുറച്ച് വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളകിന്റെ അനിയന്ത്രിത ഇറക്കുമതി കുരുമുളക് വിപണിക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.  മുന്‍കാലങ്ങളില്‍ കുരുമുളക് ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും 2019 നോടുകൂടി ആസിയാന്‍ കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി കുരുമുളക്, തേയില, കാപ്പി, പാമോയില്‍ എന്നിവയുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളയുവാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്.  പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കവും പരിപൂര്‍ണ്ണമായി പിന്‍വലിക്കുവാനുള്ള അണിയറനീക്കം ആശങ്കയുളവാക്കുന്നു.  സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള അടയ്ക്കായുടെയും ഇഞ്ചിയുടെയും നികുതിരഹിത ഇറക്കുമതി തുടരുകയാണ്.  ശ്രീലങ്കയില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 8 ശതമാനം മാത്രമായി ചുങ്കം വെട്ടിച്ചുരുക്കിയിരിക്കുന്നു.
നെല്‍ സംഭരണത്തില്‍ 100 കിലോ നെല്ലിന് 7 കിലോ അധികം നല്‍കണമെന്ന നിബന്ധന കര്‍ഷക ചൂഷണമാണ്.  ഇതിനെതിരെയുള്ള കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് നെല്ല് സംഭരണവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സംഭരണം നിലച്ചതോടെ ഇടനിലക്കാരും സ്വകാര്യ മില്ലുടമകളും ചേര്‍ന്ന് നാളികേരവിപണിയും അട്ടിമറിച്ചിരിക്കുന്നു.  കേരഫെഡ് വഴിയുണ്ടായിരുന്ന തേങ്ങ സംഭരണത്തില്‍ നിന്ന് 2016 അവസാനം സര്‍ക്കാര്‍ പിന്മാറി. നാളികേര വിളവ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കൂടിയതും നാളികേരത്തിന്റെ കേരളവിപണിക്കും വെല്ലുവിളിയുയരുന്നു.
വിവിധ കാര്‍ഷികോല്പന്നങ്ങള്‍ക്കുണ്ടായിരിക്കുന്ന വിലത്തകര്‍ച്ച കര്‍ഷകരുടെ ജീവിത സാഹചര്യം വന്‍പ്രതിസന്ധിയിലാക്കിയിരിക്കുമ്പോള്‍ കര്‍ഷകപാര്‍ട്ടികളും വിവിധ കര്‍ഷകജനകീയ പ്രസ്ഥാനങ്ങളും സംഘടിച്ച് ശക്തമായ പ്രക്ഷോഭത്തിന് മുന്നോട്ടുവരണമെന്നും ഇന്‍ഫാം ഇതിനെ പിന്തുണയ്ക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login