ആലക്കോട് അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ 20 മുതൽ

ആലക്കോട് അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ 20 മുതൽ

ആലക്കോട്: ആലക്കോട് അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ 20 മുതൽ 24 വരെ നടക്കും. വൈകുന്നേരം നാലുമുതൽ 9.30 വരെ ആലക്കോട് മേരിമാതാ കോളജ് ഗ്രൗണ്ടിലാണ് കൺവൻഷൻ. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ കൺവൻഷനു നേതൃത്വം വഹിക്കുമെന്ന് കൺവൻഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..

എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ ജപമാലയും തുടർന്ന് ദിവ്യബലിയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ‘നിങ്ങളുടെ ഇടയിൽ കർത്താവ് പ്രവർത്തിക്കാൻ പോകുന്ന മഹാകാര്യം കാണാൻ ശ്രദ്ധയോടെ കാത്തുനിൽക്കുവിൻ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്‍റെ ആപ്തവാക്യം.

കൺവൻഷനിൽ പങ്കെടുക്കാനെത്തുന്ന കിടപ്പുരോഗികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഓരോദിവസവും കൺവൻഷനുശേഷം ചെറുപുഴ, തേർത്തല്ലി, മണക്കടവ്, മാമ്പൊയിൽ, ചീക്കാട്, ഉദയഗിരി, അരിവിളഞ്ഞപൊയിൽ, ഒറ്റത്തൈ, കാപ്പിമല, നെല്ലിക്കുന്ന്, പാത്തൻപാറ, കുറ്റിപ്പുഴ, കരുവഞ്ചാൽ, വെള്ളാട്, കുടിയാന്മല, വായാട്ടുപറമ്പ്, നടുവിൽ, ചെമ്പന്തൊട്ടി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടാകും.

വിവിധ ദിവസങ്ങളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, താമരശേരി ബിഷപ് മാർ റമജിയോസ് ഇഞ്ചനാനിയിൽ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്‌സ് താരാമംഗലം എന്നിവർ തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്നും കൺവൻഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു .

You must be logged in to post a comment Login