ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ഡോ. ജയിംസ് റാഫേൽ ആനാപറന്പിൽ ഇന്ന് അഭിഷിക്തനാകും. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഉച്ചയ്ക്കു 2.30നു നടക്കുന്ന ചടങ്ങുകൾക്ക് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികനാകും.
കൊച്ചി രൂപതാ ബിഷപ് ഡോ. ജോസഫ് കരിയിലും കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാൻലി റോമനും സഹകാർമികരാകും. തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി മോണ്‍. ഡോ. ഹെൻട്രി ജഗോസ് സിൻസ്ക്രി ഒൗദ്യോഗിക ഡിക്രി വായിക്കും.
രൂപതയിലെ 73 ദേവാലയങ്ങളിൽ നിന്നായി പതിനായിരത്തിലധികം വിശ്വാസികൾ ചടങ്ങിനു സാക്ഷ്യം വഹിക്കും. കേരളത്തിൽ നിന്നും പുറത്തുനിന്നുമായി നാല്പതിലധികം ബിഷപ്പുമാരാണ് ചടങ്ങിൽ പങ്കെടുക്കുക. അഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും നടത്തും.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, എംപിമാരായ കെ.സി. വേണുഗോപാൽ, കെ.വി. തോമസ്, എംഎൽഎ കെ.ജെ. മാക്സി, ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മുൻ എംപി ഡോ. കെ.എസ്. മനോജ് മംഗളപത്രം സമർപ്പിക്കും. വികാരി ജനറാൾ മോണ്‍. പയസ് ആറാട്ടുകുളം സ്വാഗതവും ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി നന്ദിയും പറയും.
You must be logged in to post a comment Login